കോഴിക്കോട്∙ കോഴിക്കോട്ട് എയിംസ് വരണമെന്ന കാര്യത്തിൽ ജില്ലയിലെ 3 മുന്നണികളിലെയും നേതൃത്വത്തിന് ഏക മനസ്സാണ്. കേരളത്തിന് അനുവദിച്ച എയിംസ് കിനാലൂരിൽ തന്നെ വരണമെന്ന് സിപിഎം ജില്ലാ സെക്രട്ടറി എം.മെഹബൂബും ഡിസിസി പ്രസിഡന്റ് കെ.പ്രവീൺകുമാറും ബിജെപി സിറ്റി ജില്ലാ പ്രസിഡന്റ് കെ.പി.പ്രകാശ്ബാബുവും ഒരേ സ്വരത്തിലാണു പറയുന്നത്.
കാലിക്കറ്റ് പ്രസ് ക്ലബ് സംഘടിപ്പിച്ച മീറ്റ് ദ് ലീഡേഴ്സ് പരിപാടിയിൽ പങ്കെടുത്ത്, കൊണ്ടും കൊടുത്തും മുന്നേറെവെയാണ് ഇക്കാര്യത്തിൽ 3 മുന്നണി നേതാക്കളും ഒറ്റക്കെട്ടായത്.
കെഎസ്ഐഡിസിയുടെ കൈവശമുള്ള 150 ഏക്കറിനു പുറമേ സ്വകാര്യ വ്യക്തികളുടെ കൈവശമുള്ള 100 ഏക്കർ കൂടെ സംസ്ഥാന സർക്കാർ ഏറ്റെടുത്തു കൊടുക്കാത്തതാണു കിനാലൂരിൽ എയിംസ് വരാത്തതിനു കാരണമായി ബിജെപി സിറ്റി ജില്ലാ പ്രസിഡന്റ് പറയുന്നത്. എന്നാൽ, എയിംസ് വരുമെന്ന് ഉറപ്പായിട്ടു പോരേ ബാക്കി സ്ഥലം ഏറ്റെടുക്കലെന്നാണ് സിപിഎം ജില്ലാ സെക്രട്ടറി എം.മെഹബൂബ് ചോദിക്കുന്നത്. ഈ രണ്ട് വാദങ്ങൾക്കും മറുപടിയായി ഡിസിസി പ്രസിഡന്റ് കെ.പ്രവീൺകുമാർ പറഞ്ഞത് അടുത്ത വർഷം യുഡിഎഫ് അധികാരത്തിലേറുമ്പോൾ ആവശ്യമായ ഭൂമി ഏറ്റെടുക്കാമെന്നായിരുന്നു.
കോർപറേഷൻ ഭരിക്കുന്നതിലും മൂന്ന് മുന്നണി നേതാക്കളും വലിയ പ്രതീക്ഷയാണ് പങ്കുവച്ചത്. കോർപറേഷനിൽ അസൂയാവഹമായ നേട്ടം കൈവരിക്കുമെന്നാണ് സിപിഎം ജില്ലാ സെക്രട്ടറി എം.മെഹബൂബ് പറഞ്ഞത്.
നിലവിലുള്ള 48 സീറ്റിനേക്കാൾ അധികം ഇത്തവണ എൽഡിഎഫ് നേടും. ജില്ലാ പഞ്ചായത്തിലെ ഭരണം നിലനിർത്തുമെന്നും കൂടുതൽ നഗരസഭകളിൽ ഭരണം പിടിച്ചെടുക്കുമെന്നും കഴിഞ്ഞ തവണത്തേക്കാൾ കൂടുതൽ ഗ്രാമപഞ്ചായത്തുകൾ എൽഡിഎഫ് നേടുമെന്നും എം.മെഹബൂബ് അവകാശപ്പെട്ടു.
ജനോപകാരപ്രദമായ പ്രവർത്തനങ്ങളും ജനഹിതത്തിന് അനുസരിച്ചുള്ള വികസന പ്രവർത്തനങ്ങളുമാണ് എൽഡിഎഫ് നടത്തിയിട്ടുള്ളത്. ഒൻപതര വർഷമായി അധികാരത്തിലുള്ള പിണറായി സർക്കാരിന്റെ ഭരണനേട്ടങ്ങൾ ജനത്തിന്റെ മുൻപിലുണ്ടെന്നും ഒരു കാലത്തും ഉണ്ടാകാത്ത വികസന കുതിപ്പിനെ കാണാതിരിക്കാൻ ജനത്തിനാകില്ലെന്നും മെഹബൂബ് പറഞ്ഞു. എന്നാൽ, ഇത്തവണ ചരിത്രത്തിലില്ലാത്ത നേട്ടമായിരിക്കും ജില്ലയിൽ യുഡിഎഫ് നേടുകയെന്നാണ് ഡിസിസി പ്രസിഡന്റ് കെ.പ്രവീൺകുമാറിന്റെ വാദം.
ജില്ലാ പഞ്ചായത്തും കോർപറേഷനും യുഡിഎഫ് തിരിച്ചു പിടിക്കും. ജില്ലയിലെ 7 നഗരസഭകളിൽ നാലും ഭരിക്കുന്നത് യുഡിഎഫാണ്.
ഈ തിരഞ്ഞെടുപ്പിൽ 7 നഗരസഭകളിലും യുഡിഎഫ് ഭൂരിപക്ഷം നേടും. കോർപറേഷനിൽ ഭരണം മാറുമെന്ന് എൽഡിഎഫിനും ബോധ്യമുണ്ട്. അതിനാലാണ്, അശാസ്ത്രീയമായി വാർഡ് വിഭജിച്ചതും വോട്ടർപട്ടികയിൽ ക്രമക്കേട് നടത്തിയതും.
എന്നാൽ, ഇതിനൊക്കെ മുകളിലാണ് ഭരണവിരുദ്ധ വികാരം. വികസന മുരടിപ്പ്, സ്വജനപക്ഷപാതം, അഴിമതി ഇവയുടെ പര്യായമായി കോർപറേഷൻ ഭരണം മാറിയിരിക്കയാണെന്നും ഇതിനൊരു മാറ്റം ജനം ആഗ്രഹിക്കുന്നുണ്ടെന്നും കെ.പ്രവീൺകുമാർ പറഞ്ഞു.
കോർപറേഷനിലെ ഏറ്റവും വലിയ ഒറ്റകക്ഷിയായി ബിജെപി മാറുമെന്ന് ബിജെപി സിറ്റി ജില്ലാ പ്രസിഡന്റ് കെ.പി.പ്രകാശ്ബാബു പറഞ്ഞു. കോർപറേഷനിൽ 18,000 വോട്ടുകളാണ് ബിജെപി പുതുതായി ചേർത്തത്.
മോദിയുടെ വികസിത ഭാരതം പദ്ധതിയോടുള്ള ജനത്തിന്റെ താൽപര്യവും കൂടിയാകുമ്പോൾ ബിജെപി വലിയ സാധ്യതയാണ് കാണുന്നത്. എൽഡിഎഫും യുഡിഎഫും വികസനത്തെ മാറ്റി നിർത്തി വിവാദങ്ങളുടെ പിന്നാലെയാണ്. കഴിഞ്ഞ 50 വർഷമായി നഗരം ഭരിച്ചിട്ടും ഇവിടെ ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഏർപ്പെടുത്താനായിട്ടില്ല.
കേന്ദ്ര സർക്കാരിന്റെ അമൃത നഗരം പദ്ധതിയുടെ ഫണ്ട് ഉപയോഗിച്ച് നടത്തിയ വികസന പ്രവർത്തനങ്ങളല്ലാതെ മറ്റെന്താണ് ഇവിടെ നടന്നിട്ടുള്ളത്? കോർപറേഷനിൽ ഭരണം ലഭിച്ചാൽ കേന്ദ്ര സർക്കാരിന്റെ സഹായത്തോടെ രാജ്യത്തെ പ്രധാന മെട്രോ നഗരങ്ങളിൽ ഒന്നാക്കി കോഴിക്കോടിനെ മാറ്റിയെടുക്കുമെന്നും പ്രകാശ്ബാബു പറഞ്ഞു.
കാലിക്കറ്റ് പ്രസ് ക്ലബ് പ്രസിഡന്റ് ഇ.പി.മുഹമ്മദ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി പി.കെ.സജിത്, വൈസ് പ്രസിഡന്റ് എ.ബിജുനാഥ് എന്നിവർ പ്രസംഗിച്ചു.
എൽഡിഎഫിനും യുഡിഎഫിനും മുഖം നഷ്ടപ്പെട്ടു: കെ.സുരേന്ദ്രൻ
കോഴിക്കോട്∙ കേരളത്തിൽ എൽഡിഎഫും യുഡിഎഫും മുഖം നഷ്ടപ്പെട്ടു നിൽക്കുകയാണെന്നും ഇരു മുന്നണികൾക്കും ജനത്തെ അഭിമുഖീകരിക്കാനാകാത്ത അവസ്ഥയാണെന്നും ബിജെപി മുൻ സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ.
എൽഡിഎഫിനെതിരെ ശബരിമലയിലെ സ്വർണപ്പാളി കൊള്ള ഉൾപ്പെടെ കൂടുതൽ അഴിമതിക്കഥകളും ഒട്ടേറെ ആക്ഷേപങ്ങളും ഉയർന്നു കഴിഞ്ഞു. യുഡിഎഫാകട്ടെ രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ നിവർന്നു നിൽക്കാനാകാത്ത അവസ്ഥയിലാണ്. കാലിക്കറ്റ് പ്രസ് ക്ലബ് സംഘടിപ്പിച്ച മീറ്റ് ദ് ലീഡർ പരിപാടിയിൽ പങ്കെടുക്കുകയായിരുന്നു കെ.സുരേന്ദ്രൻ.
ശബരിമലയിലെ സ്വർണപ്പാളി കൊള്ള കേസിൽ സിപിഎം മന്ത്രിമാരിലേക്ക് നീളുന്ന മൊഴികളാണു ഹൈക്കോടതിയിൽനിന്നു മറച്ചുവച്ചിരിക്കുന്നത്. മുൻമന്ത്രി കടകംപള്ളി സുരേന്ദ്രനും മന്ത്രി വി.എൻ.വാസവനും കാര്യങ്ങളെല്ലാം അറിയാമെന്ന് പ്രതികൾ മൊഴി നൽകിയിട്ടും അവരെ ചോദ്യം ചെയ്തിട്ടില്ല.
ഇവരിലേക്ക് അന്വേഷണം നീങ്ങുമെന്നതിനാലാണ് ഇക്കാര്യത്തിൽ ഇ.ഡി അന്വേഷണവുമായി സംസ്ഥാന സർക്കാർ സഹകരിക്കാത്തത്– കെ.സുരേന്ദ്രൻ പറഞ്ഞു. കോൺഗ്രസ് നേതൃത്വത്തിന്റെ അറിവോടെയാണ് രാഹുൽ ഒളിവിൽ കഴിയുന്നത്.
പൊലീസിനു കേരളത്തിലെ ഇരു മുന്നണികളും വിധ്വംസക സംഘങ്ങളുമായി കൂട്ടുകൂടിയാണ് തിരഞ്ഞെടുപ്പിനെ നേരിടുന്നത്. എൽഡിഎഫ് പിഡിപിയുമായും എസ്ഡിപിഐയുമായും സഖ്യത്തിലാണ്.
യുഡിഎഫ് ജമാഅത്തെ ഇസ്ലാമിയുടെ രാഷ്ട്രീയ പാർട്ടിയായ വെൽഫെയർ പാർട്ടിയുമായി കൂട്ടുകൂടിയാണ് മത്സരിക്കുന്നതെന്നും കെ.സുരേന്ദ്രൻ ആരോപിച്ചു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

