കാസർകോട് : കാസർകോട് നിന്ന് മോഷ്ടിക്കപ്പെട്ട കാർ ജിപിഎസ് സഹായത്തോടെ തമിഴ്നാട്ടിലെ മേട്ടുപ്പാളയത്ത് നിന്ന് കണ്ടെത്തി.
സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. മധൂർ ഇസത്ത് നഗർ സ്വദേശിയായ മുഹമ്മദ് മുസ്തഫ ഉപയോഗിച്ചിരുന്ന ടൊയോട്ട
ഗ്ലാൻസ കാറും അതിലുണ്ടായിരുന്ന 32,000 രൂപയുമാണ് കഴിഞ്ഞ ദിവസം മോഷണം പോയത്. വിദ്യാനഗർ പോലീസ് നടത്തിയ അന്വേഷണത്തിൽ, കാറിന്റെ ജിപിഎസ് സിഗ്നൽ പാലക്കാട് അഗളി പോലീസ് സ്റ്റേഷൻ പരിധിയിലാണെന്ന് വ്യക്തമായി.
തുടർന്ന് കാസർകോട് പോലീസ് നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ അഗളി പോലീസ് നടത്തിയ പരിശോധനയിലാണ് കാർ മേട്ടുപ്പാളയത്ത് വെച്ച് പിടികൂടിയത്. സംഭവത്തിൽ മൂന്നാം പ്രതിയായ പാലക്കാട് മണ്ണാർക്കാട് സ്വദേശി അസറുദ്ദീനെ (36) പോലീസ് അറസ്റ്റ് ചെയ്തു.
പിടികൂടുമ്പോൾ കാറിന്റെ യഥാർത്ഥ നമ്പർ പ്ലേറ്റ് മാറ്റി തമിഴ്നാട് രജിസ്ട്രേഷനിലുള്ള വ്യാജ നമ്പർ പ്ലേറ്റ് ഘടിപ്പിച്ച നിലയിലായിരുന്നു. വിശദമായ ചോദ്യം ചെയ്യലിൽ, ചെമ്മനാട് അരമങ്ങാനം സ്വദേശി റംസാൻ സുൽത്താൻ ബഷീർ (25) ആണ് കേസിലെ ഒന്നാം പ്രതിയെന്നും, കാസർകോട് തളങ്കര സ്വദേശിയായ ഹാംനാസ് എന്ന നാച്ചു (24) രണ്ടാം പ്രതിയാണെന്നും പോലീസ് കണ്ടെത്തി.
കാർ ഉപയോഗിച്ചിരുന്ന മുഹമ്മദ് മുസ്തഫയുടെ ഡ്രൈവറായിരുന്നു റംസാൻ. ഈ വിശ്വാസം മുതലെടുത്ത്, യഥാർത്ഥ താക്കോൽ കൈക്കലാക്കി പകരം വ്യാജ താക്കോൽ വെച്ച ശേഷമാണ് ഇയാൾ ഹാംനാസിന്റെ സഹായത്തോടെ കാർ മോഷ്ടിച്ചത്.
തുടർന്ന് നടത്തിയ പരിശോധനയിൽ, കാർ വിറ്റുകിട്ടിയ 1,40,000 രൂപ രണ്ടാം പ്രതി താമസിക്കുന്ന ക്വാർട്ടേഴ്സിൽ നിന്നും, കാറിന്റെ യഥാർത്ഥ നമ്പർ പ്ലേറ്റ് പെരുമ്പള കുഞ്ഞടുക്കം എന്ന സ്ഥലത്തുനിന്നും പോലീസ് കണ്ടെടുത്തു. ഒന്നാം പ്രതി റംസാന്റെ പേരിൽ വിദ്യാനഗർ, പരിയാരം, മേൽപ്പറമ്പ്, കുമ്പള സ്റ്റേഷനുകളിലും രണ്ടാം പ്രതി ഹാംനാസിന്റെ പേരിൽ ഹോസ്ദുർഗ്, മേൽപ്പറമ്പ് സ്റ്റേഷനുകളിലും നിലവിൽ കേസുകളുണ്ടെന്ന് പോലീസ് അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

