ആലപ്പുഴ ∙ ജില്ലാക്കോടതി പാലം പൊളിച്ച ശേഷം നഗരത്തിൽ നടപ്പാക്കിയ ഗതാഗതപരിഷ്കാരത്തിൽ വലഞ്ഞ് സ്വകാര്യ ബസുകൾ. നിർദേശിച്ച റൂട്ടിലൂടെ സ്വകാര്യ ബസുകൾ ഓടിക്കാതെ വന്നതോടെ യാത്രക്കാരും വലഞ്ഞു.
ചിറപ്പ് തുടങ്ങുന്നതോടെ ജനത്തിരക്ക് കാരണം മുല്ലയ്ക്കൽ വഴി കടന്നുപോകാൻ കഴിയാതെ സ്വകാര്യ ബസുകൾ വീണ്ടും റൂട്ട് തെറ്റിച്ച് ഓടിയാൽ യാത്രക്കാർ വീണ്ടും വലയും.
കെഎസ്ആർടിസിയുടെ ഇടപെടൽ
പാലം പൊളിച്ചതോടെ വാഹനങ്ങൾക്കു നിശ്ചയിച്ച പുതിയ റൂട്ട് പ്രകാരം സ്വകാര്യ ബസുകൾ മുല്ലയ്ക്കൽ വഴി പഴവങ്ങാടി ജംക്ഷൻ തിരിഞ്ഞ് ഔട്പോസ്റ്റ് തിരിഞ്ഞ് കെഎസ്ആർടിസി, ചുങ്കം, കല്ലുപാലം വഴി പോകണമെന്നായിരുന്നു. ജില്ലാക്കോടതി, തത്തംപള്ളി ഭാഗങ്ങളിൽ നിന്നു വന്ന് ഔട്പോസ്റ്റിൽ നിൽക്കുന്നവർക്കും ബോട്ടിൽ കുട്ടനാട് ഭാഗത്തുനിന്നു വന്നിട്ട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്കും മറ്റും പോകാൻ നിൽക്കുന്നവർക്കും ഇതുവഴി വരുന്ന സ്വകാര്യ ബസുകളിൽ കയറിയാൽ മതിയാകുമായിരുന്നു.
പുതിയ റൂട്ട് തീരുമാനിക്കാൻ കലക്ടറുടെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ കെഎസ്ആർടിസി സ്റ്റാൻഡിന് സമീപത്തു കൂടി സ്വകാര്യ ബസുകൾ പോകാൻ കെഎസ്ആർടിസിയുടെ എതിർപ്പ് അവഗണിച്ചായിരുന്നു കലക്ടർ അനുമതി നൽകിയത്. അതനുസരിച്ച് ഓടാൻ തുടങ്ങിയെങ്കിലും കെഎസ്ആർടിസിയുടെ ഇടപെടൽ മൂലം പിന്നീട് സ്വകാര്യ ബസുകളെ വിലക്കി.
നഷ്ടം മൂലം ബസുകൾ വിറ്റു
പുതിയ റൂട്ടിൽ ഓടാൻ സ്വകാര്യ ബസുകൾക്കു അനുവദിച്ച സമയവും വളരെ കുറവായിരുന്നു.
സ്വകാര്യ ബസുകൾ ഔട്പോസ്റ്റ് തിരിഞ്ഞ് പോകുന്നതു നിർത്തിയതോടെ ദുരിതത്തിലായത് യാത്രക്കാരാണ്. സമയം നീട്ടി കൊടുക്കാതെ, കലക്ടർ തീരുമാനിച്ച റൂട്ട് നിലനിർത്താൻ കഴിയാതെ വന്നതോടെ സ്വകാര്യ ബസുകൾ കടുത്ത സാമ്പത്തിക വിഷമത്തിലായി.
വരുമാനം കുറഞ്ഞതോടെ ഇതിനകം രണ്ട് ബസുകൾ ഉടമകൾ വിറ്റു.
ചിറപ്പ് അടുത്തിട്ടും കണ്ണ് തുറക്കാതെ
ചിറപ്പ് തുടങ്ങുന്നതോടെ മുല്ലയ്ക്കൽ, കിടങ്ങാംപറമ്പ് ക്ഷേത്രങ്ങളിലും പരിസരത്തും വൻതിരക്കാവും. സ്വകാര്യ ബസുകൾ അടക്കം എല്ലാ വാഹനങ്ങൾക്കും നിയന്ത്രണം കൂടുതൽ കർശനമാക്കാൻ അധികൃതർ നിർബന്ധിതരാകും.
ഏത് നിയന്ത്രണവും ഇപ്പോഴത്തെ സാഹചര്യത്തിൽ നഗരത്തെ കൂടുതൽ ഊരാക്കുരുക്കിലാക്കും.
പുതിയ വഴി കണ്ടുപിടിക്കണം
നഗരത്തിൽ ഗതാഗത പ്രശ്നം സങ്കീർണമായ സാഹചര്യത്തിൽ പുതിയ വഴികൾ കണ്ടുപിടിച്ച് പൊതുജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം സംരക്ഷിക്കണമെന്നു കേരള ബസ് ട്രാൻസ്പോർട്ട് അസോസിയേഷൻ (കെബിടിഎ) ജില്ലാ പ്രസിഡന്റ് പി.ജെ.കുര്യൻ പറഞ്ഞു. ഔട്പോസ്റ്റിനു സമീപത്തെ ഏണിപ്പാലം പൊക്കി വൈഎംസിഎ–ജില്ലാക്കോടതി പാലങ്ങളുടെ മധ്യേ താൽക്കാലിക പാലമായി ചിറപ്പ് കാലത്തേക്ക് മാത്രമായി സ്ഥാപിക്കാം.
കിടങ്ങാംപറമ്പ്–കോർത്തശേരി–പുന്നമട
റോഡ്–രാജീവ് ജെട്ടി വഴി ഔട്പോസ്റ്റ് താൽക്കാലിക റോഡിലൂടെ വരാം. കുറച്ചുകാലം സർവീസ് നടത്തി നിർത്തിവച്ച ചുങ്കം–കന്നിട്ട
ജെട്ടി കെഎസ്ആർടിസി സർവീസ് പുനരാരംഭിക്കണം. കിടങ്ങാംപറമ്പ്–ഔട്പോസ്റ്റ് റോഡ് സഞ്ചാരയോഗ്യമാക്കണം.
നഗരചത്വരത്തിലൂടെ താൽക്കാലിക വഴി വേണമെന്നു കലക്ടർ വിളിച്ച യോഗത്തിൽ ആവശ്യപ്പെട്ടത് കെബിടിഎ ആയിരുന്നു. അതിനോട് എതിർത്ത പാലം നിർമാണ കമ്പനിക്ക് അനുകൂലമായിരുന്നു ഉത്തരവാദപ്പെട്ട
എല്ലാവരും. പക്ഷേ കലക്ടർ അനുകൂലമായിരുന്നതിനാൽ അതു നടന്നു.
ഇപ്പോൾ ചിറപ്പ് പ്രമാണിച്ച് താൽക്കാലിക സംവിധാനം വേണമെന്ന ആവശ്യത്തോടും കമ്പനിയും മറ്റ് അധികൃതരുമാണ് യോജിക്കാത്തത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

