കൊച്ചി ∙ കലൂർ രാജ്യാന്തര സ്റ്റേഡിയത്തിലെ ശേഷിക്കുന്ന ജോലികൾ ഈ മാസം 20നകം പൂർത്തിയാക്കുമെന്നും ഇതിനു റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനി ഷെഡ്യൂൾ നൽകിയിട്ടുണ്ടെന്നും ജിസിഡിഎ ചെയർമാൻ കെ. ചന്ദ്രൻപിള്ള അറിയിച്ചു.
വർക്കുകൾ പൂർത്തിയാക്കാൻ ആർബിസിക്ക് അനുമതി നൽകി.845 മീറ്റർ നീളത്തിൽ ചുറ്റുമതിൽ നിർമാണം, പാർക്കിങ് ഗ്രൗണ്ട് ടാറിങ്, ശുചിമുറി സമുച്ചയങ്ങളിലെ ഫിറ്റിങ്സ് സ്ഥാപിക്കൽ, ട്രീ ഗാർഡുകളിൽ ഗ്രാനൈറ്റ് പതിപ്പിക്കൽ, പ്രവേശന കവാടത്തിന്റെ ക്ലാഡിങ് ജോലികൾ, ഫ്ലഡ് ലൈറ്റുകൾ സ്ഥാപിക്കൽ എന്നിവയാണ് ഇനി പൂർത്തിയാക്കാനുള്ളത്.
അർജന്റീന ടീമിന്റെ കേരള സന്ദർശനത്തിന്റെ ഭാഗമായി കലൂർ രാജ്യാന്തര സ്റ്റേഡിയത്തിന്റെ നവീകരണത്തിനു സെപ്റ്റംബർ 26 നു തുടക്കം കുറിച്ചു. നവീകരണത്തിനു വേണ്ടി ജിസിഡിഎ സ്റ്റേഡിയം സ്പോർട്സ് കേരള ഫൗണ്ടേഷനും അവരിൽ നിന്നു റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനിക്കും കൈമാറി.
ടർഫിന്റെ നവീകരണം, സീറ്റുകൾ മാറ്റുന്നത്, സ്റ്റേഡിയത്തിന്റെ പ്രവേശന കവാടം നിർമാണം, പാർക്കിങ് ഏരിയയുടെ പുനരുദ്ധാരണം, ചുറ്റുമതിലുകളുടെ നിർമാണം, ശുചിമുറികൾ, ഫാൾസ് സീലിങ്, വിഐപി എൻട്രി, പ്ലെയേഴ്സ് റൂം എന്നിവയുടെ നവീകരണം, ഫ്ലഡ്ലൈറ്റ് , ജനറേറ്റർ , ലിഫ്റ്റുകൾ എന്നിവയുടെ ജോലികൾ തുടങ്ങിയവയാണു കരാറുകാരൻ നിർവഹിക്കേണ്ടിയിരുന്നത്. ഇതിൽ ടർഫിന്റെ നവീകരണം പൂർത്തിയായി.
താഴെ നിരയിലുള്ള എല്ലാ കസേരകളും മാറ്റി സ്ഥാപിച്ചു.
വിഐപി ഏരിയയിൽ പുതിയ കസേരകളിട്ടു. ടോയ്ലറ്റ് ബ്ലോക്ക്, മെഡിക്കൽ റൂം, ഹോം ടീം റൂം, എവേ ടീം റൂം, വിഐപി ടോയ്ലറ്റ് ബ്ലോക്ക് എന്നിവയുടെ ടൈൽ ജോലികൾ പൂർത്തിയാക്കി.
1492 മീറ്റർ നീളമുള്ള ചുറ്റുമതിലിൽ കിഴക്ക് ഭാഗത്ത് 348 മീറ്റർ നീളത്തിൽ പൂർത്തിയാക്കി.
പടിഞ്ഞാറു ഭാഗത്ത് 299 മീറ്ററും നിർമാണം പൂർത്തിയാക്കി. മരം മുറിക്കുന്നതും അതിർത്തി തർക്കങ്ങളും മൂലമാണു മതിൽ നിർമാണം പൂർത്തിയാകാഞ്ഞത്.
സ്റ്റേഡിയം റോഡിന്റെ പ്രവേശന പാതയുടെ കിഴക്കു വശത്ത് 200 മീറ്റർ, പടിഞ്ഞാറു ഭാഗത്ത് 310 മീറ്റർ എന്നിങ്ങനെ ഉൾമതിൽ നിർമാണം പൂർത്തിയാക്കി. കാനകളുടെ നിർമാണം പൂർത്തിയായി.
35 ട്രീ ഗാർഡുകളുടെ കൽപണി പൂർത്തിയാക്കി. പ്രവേശന കവാടത്തിന്റെ നിർമാണം അന്തിമ ഘട്ടത്തിലാണ്.
പെയ്ന്റിങ് പൂർത്തിയാക്കി– ചന്ദ്രൻപിള്ള അറിയിച്ചു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

