തൊടുപുഴ ∙ നഗരത്തിൽ മദ്യപരുടെ ശല്യം രൂക്ഷമെന്നു പരാതി. കടത്തിണ്ണകളിലും ബസ് കാത്തിരിപ്പു കേന്ദ്രങ്ങളിലുമെല്ലാം കുടിച്ചു ലക്കുകെട്ട് വീണുകിടക്കുന്ന മദ്യപർ പതിവു കാഴ്ചയായി.
വ്യാപാരികൾക്കും യാത്രക്കാർക്കും വലിയ ബുദ്ധിമുട്ടാണ് ഇക്കൂട്ടർ സൃഷ്ടിക്കുന്നത്. മദ്യപരുടെ അസഭ്യവർഷം കാരണം സ്ത്രീകളും കുട്ടികളും വഴിമാറി പോകേണ്ട
അവസ്ഥയാണ്.
ടൗൺ ഹാൾ ബസ് സ്റ്റോപ് പരിസരം, ഗാന്ധിസ്ക്വയർ, കെഎസ്ആർടിസി ജംക്ഷൻ എന്നിവിടങ്ങളിൽ നാളുകളായി മദ്യപരുടെ ശല്യമുണ്ട്. സമീപത്തെ ബാറുകളിൽ നിന്നു മദ്യപിച്ച ശേഷം വ്യാപാര സ്ഥാപനങ്ങളുടെ വരാന്തയിലും മറ്റും കിടക്കുന്നവരുണ്ട്.
കാഞ്ഞിരമറ്റം ബൈപാസിലുള്ള മദ്യവിൽപന ശാലയിൽ നിന്ന് മദ്യം വാങ്ങി ഇതിനു സമീപം നിന്ന് ചിലർ പരസ്യമായി മദ്യപിക്കാറുണ്ട്. ഇത്തരക്കാർ കുപ്പികളും മറ്റും സ്ഥലത്ത് ഉപേക്ഷിച്ചു മടങ്ങുകയാണ് പതിവ്.
നഗരത്തിൽ പലഭാഗത്തും റോഡരികിൽ മദ്യക്കുപ്പികൾ അലക്ഷ്യമായി വലിച്ചെറിഞ്ഞിരിക്കുന്നതു കാണാം.
നഗരത്തിന്റെ ഒഴിഞ്ഞ കോണുകളിലും ഇടവഴികളിലും പരസ്യ മദ്യപാനം നടക്കുമ്പോഴും അധികൃതർ ഇതൊന്നും കണ്ടമട്ടില്ല. പുഴയോരം ബൈപാസിലെ കടവുകളിൽ രാത്രികാലങ്ങളിൽ മദ്യപരുടെ ശല്യം വർധിച്ചത് പ്രദേശവാസികൾക്ക് ഏറെ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു.
ഇതര സംസ്ഥാന തൊഴിലാളികൾ ഉൾപ്പെടെയുള്ളവരെ ലക്ഷ്യമിട്ട് നഗരത്തിൽ കഞ്ചാവ്, നിരോധിത പുകയില ഉൽപന്നങ്ങൾ എന്നിവയുടെ വിൽപനയും തകൃതിയാണ്. ഇത്തരം നിയമലംഘനങ്ങൾക്കു തടയിടാൻ പൊലീസും എക്സൈസും നടപടിയെടുക്കണമെന്നാണ് നഗരവാസികളുടെയും യാത്രക്കാരുടെയും ആവശ്യം.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

