തൊടുപുഴ ∙ മൂന്നാറിന് സമീപം ആനച്ചാലിൽ സഞ്ചാരികളെ ആകാശത്ത് മുൾമുനയിൽ നിർത്തിയ സ്കൈ ഡൈനിങ് പ്രവർത്തിച്ചത് അനധികൃതമായെന്ന് റിപ്പോർട്ട്. ഇടുക്കി ടൂറിസം ഡപ്യൂട്ടി ഡയറക്ടർ ടൂറിസം ഡയറക്ടർക്ക് നൽകിയ റിപ്പോർട്ടിൽ സ്കൈ ഡൈനിങ് അഡ്വഞ്ചർ ടൂറിസത്തിൽ ഉൾപ്പെട്ടിട്ടില്ലെന്നും സുരക്ഷാ മാനദണ്ഡങ്ങൾ കേരള അഡ്വഞ്ചർ ടൂറിസം പ്രമോഷൻ സൊസൈറ്റി (കെഎടിപിഎസ്) തയാറാക്കിയിട്ടില്ലെന്നും വ്യക്തമാക്കുന്നു. അനധികൃതമായാണ് സ്കൈ ഡൈനിങ് പ്രവർത്തിച്ചതെന്ന നാട്ടുകാരുടെ ആരോപണം റിപ്പോർട്ട് ശരി വയ്ക്കുന്നു.സ്കൈ ഡൈനിങ്ങിന് ലൈസൻസ് നൽകാനോ, നിയമലംഘനത്തിനെതിരെ നടപടിയെടുക്കാനോ ടൂറിസം ഡിപ്പാർട്മെന്റിന് അധികാരമില്ല.
അനുമതിയുള്ള ടൂറിസം പ്രവർത്തനങ്ങൾക്ക് സൗകര്യങ്ങൾ നൽകുക മാത്രമാണ് ചെയ്യുന്നതെന്നും വകുപ്പ് അധികൃതർ പറയുന്നു. ഏതൊരു സംരംഭത്തിനും ലൈസൻസ് നൽകേണ്ടത് തദ്ദേശ സ്ഥാപനങ്ങളാണെന്നാണ് വകുപ്പ് നിർദേശിക്കുന്നത്.
ടൂറിസം മേഖലയിലെ നിയമലംഘനങ്ങൾക്കെതിരെ നടപടിയെടുക്കേണ്ടത് റവന്യു വകുപ്പും ജില്ലാ ഭരണകൂടവുമാണ്. ദുരന്തനിവാരണ നിയമം ബാധകമായ പള്ളിവാസൽ പഞ്ചായത്തിൽ ഒരു സുരക്ഷയുമില്ലാതെ സ്കൈ ഡൈനിങ് പ്രവർത്തിക്കുകയാണെന്ന് സ്പെഷൽ ബ്രാഞ്ച് ഇടുക്കി ജില്ലാ ഭരണകൂടത്തിന് ഒരു മാസം മുൻപ് റിപ്പോർട്ട് നൽകിയിട്ടും നടപടിയെടുക്കാത്തതു രാഷ്ട്രീയ സമ്മർദത്താലാണെന്നും ആരോപണമുണ്ട്.
ഇടതുനേതാക്കൾക്ക്
നിക്ഷേപം
ഇടുക്കി ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിനെ നോക്കുകുത്തിയാക്കി ആനച്ചാൽ മേഖലയിലെ ടൂറിസം സംരംഭങ്ങളെല്ലാം സിപിഎം നേതാക്കളുടെയും ബൈനാമികളുടെയും നേരിട്ടുള്ള നിയന്ത്രണത്തിൽ.
10 വർഷത്തിനുള്ളിൽ ആനച്ചാൽ, ഈട്ടിസിറ്റി മേഖലയിൽ ഉയർന്ന റിസോർട്ടുകളിൽ ഭരണകക്ഷി നേതാക്കൾ ഓഹരിയുള്ളതായി കോൺഗ്രസ് ആരോപിക്കുന്നു. സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിക്കുന്ന സ്ഥാപനങ്ങൾക്ക് നേരെ നടപടിയെടുക്കുന്നതിൽനിന്ന് ജില്ലാ ഭരണകൂടം പിന്നോട്ട് പോകുന്നത് ഇക്കാരണത്താലെന്നാണ് ആക്ഷേപം.
കഴിഞ്ഞ ദിവസം അപകടത്തിലായ സ്കൈ ഡൈനിങ്ങിന്റെ ഉദ്ഘാടനം ഒന്നര മാസം മുൻപ് നിർവഹിച്ചത് സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി സി.വി.വർഗീസാണ്.
പ്രവർത്തനം നിർമാണ നിരോധനമുള്ള സ്ഥലത്ത്; നടത്തിപ്പുകാർക്ക് എതിരെ കേസ്
അടിമാലി ∙ സ്കൈ ഡൈനിങ് കേന്ദ്രം പ്രവർത്തിച്ചിരുന്നത് നിർമാണ നിരോധനം നിലനിൽക്കുന്ന പട്ടയ ഭൂമിയിലെന്ന് റവന്യു വിഭാഗം പ്രാഥമിക പരിശോധനയിൽ കണ്ടെത്തി. ആനച്ചാൽ ചിറയ്ക്കൽ പുരയിടത്തിൽ ഏലിക്കുട്ടിയുടെ പേരിലുള്ള 80 സെന്റ് വരുന്ന, കൃഷിക്കും വീടുവയ്ക്കാനും നൽകിയ പട്ടയ സ്ഥലത്താണ് സ്കൈ ഡൈനിങ് കേന്ദ്രം പ്രവർത്തിച്ചിരുന്നത്.
വിശദമായ പരിശോധന നടത്തി ചൊവ്വാഴ്ചയ്ക്കു മുൻപ് റിപ്പോർട്ട് നൽകാൻ കുഞ്ചിത്തണ്ണി വില്ലേജ് ഓഫിസറോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ദേവികുളം തഹസിൽദാർ അജേഷ് പറഞ്ഞു. സ്ഥാപനത്തിന് കലക്ടറുടെ നിർദേശത്തെ തുടർന്ന് റവന്യു വകുപ്പ് ഇന്നലെ സ്റ്റോപ് മെമ്മോയും നൽകി.
റവന്യു, പഞ്ചായത്ത്, ഫയർ ആൻഡ് സേഫ്റ്റി വിഭാഗങ്ങളുടെ അനുമതി ഇല്ലാതെയാണ് കേന്ദ്രം പ്രവർത്തിച്ചിരുന്നതെന്ന് ബോധ്യപ്പെട്ട സാഹചര്യത്തിലാണ് നടപടി. കഴിഞ്ഞ ദിവസം തന്നെ സ്ഥാപനം നടത്തിപ്പുകാർക്ക് എതിരെ ജില്ലാ പൊലീസ് മേധാവിയുടെ നിർദേശ പ്രകാരം കേസ് റജിസ്റ്റർ ചെയ്തതായി ഡിവൈഎസ്പി രാജൻ കെ.അരമന പറഞ്ഞു.
സ്ഥാപനം നടത്തിപ്പുകാരായ ആനച്ചാൽ ചിറക്കൽപുരയിടത്തിൽ സോജൻ ജോസഫ് (52), ഉടുമ്പന്നൂർ ചീനിക്കുഴി പുളിക്കമാരിയിൽ പ്രവീൺ (40) എന്നിവരെ പ്രതിചേർത്താണ് വെള്ളത്തൂവൽ പൊലീസ് കേസ് റജിസ്റ്റർ ചെയ്തിരിക്കുന്നത്. പൊതുജന സുരക്ഷയ്ക്ക് വീഴ്ച വരുത്തുംവിധം സുരക്ഷ സംവിധാനങ്ങൾ ഇല്ലാതെ ഒന്നാം പ്രതിയായ സോജന്റെ സ്ഥലത്ത് രണ്ടാം പ്രതി പ്രവീൺ സ്കൈ ഡൈനിങ് കേന്ദ്രം നടത്തുന്നതിനെതിരെയാണ് കേസ് റജിസ്റ്റർ ചെയ്തിരിക്കുന്നത്. കേടായ ക്രെയിൻ താഴ്ത്തി അറ്റകുറ്റപ്പണികൾ തുടങ്ങി.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

