മലപ്പുറം: എടക്കരയിൽ വൻ മയക്കുമരുന്ന് ശേഖരം പിടികൂടി. ബംഗളൂരുവിൽ നിന്നും കടത്തിക്കൊണ്ടുവന്ന ഹാഷിഷ് ഓയിലും എംഡിഎംഎയുമായി യുവതിയടക്കം രണ്ടുപേർ പിടിയിലായി.
കോഴിക്കോട് സ്വദേശികളായ ഷെഫീഖ്, സുബീന എന്നിവരാണ് എടക്കര പോലീസിന്റെയും ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡിന്റെയും (ഡാൻസാഫ്) സംയുക്ത പരിശോധനയിൽ അറസ്റ്റിലായത്. ഇന്നലെ അർദ്ധരാത്രിയോടെ കാറിൽ എത്തിയ ഇവരെ സംശയാസ്പദമായ സാഹചര്യത്തിൽ പോലീസ് തടഞ്ഞുനിർത്തി നടത്തിയ പരിശോധനയിലാണ് 40 ഗ്രാം എംഡിഎംഎയും 77 ഗ്രാം ഹാഷിഷ് ഓയിലും കണ്ടെടുത്തത്.
സുബീന കാലിൽ കെട്ടിവെച്ച നിലയിലാണ് മയക്കുമരുന്ന് കടത്താൻ ശ്രമിച്ചത്. കോഴിക്കോട്, മലപ്പുറം ജില്ലകളിലെ ചില്ലറ വിൽപ്പനയ്ക്കായി എത്തിച്ചതാണ് ഇവയെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
ബംഗളൂരുവിലെ മൊത്തവിതരണക്കാരിൽ നിന്ന് മയക്കുമരുന്ന് വാങ്ങി ഉയർന്ന വിലയ്ക്ക് വിൽപ്പന നടത്തുന്ന സംഘത്തിലെ കണ്ണികളാണ് ഇരുവരുമെന്ന് പോലീസ് അറിയിച്ചു. ഇവർക്ക് മറ്റ് കേസുകളിൽ പങ്കുണ്ടോയെന്നും ലഹരി ശൃംഖലയിലെ മറ്റു കണ്ണികളെക്കുറിച്ചും വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
എടക്കര പോലീസ് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

