തിരൂർ ∙ ‘മുത്തേ ഇനിയച്ഛൻ വരികയില്ല, ഇനിയമ്മ മാത്രം’ – സംസ്ഥാന സ്പെഷൽ സ്കൂൾ കലോത്സവ വേദിയിൽ നാടോടിനൃത്തം അവതരിപ്പിക്കുമ്പോൾ ശിവാനിയുടെ മുഖത്ത് സങ്കടഭാവം മിന്നിമറഞ്ഞു. വയനാട്ടിലെ സെന്റ് റോസല്ലോസ് ഹയർസെക്കൻഡറി സ്കൂളിൽ നിന്നെത്തിയ 8–ാം ക്ലാസുകാരിയാണു കേൾവി വെല്ലുവിളി നേരിടുന്ന എ.വി.ശിവാനി. നാട്ടിലേക്കു വന്യജീവികൾ ഇറങ്ങുന്നതുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന പ്രശ്നങ്ങൾ വേദിയിൽ അവതരിപ്പിച്ചാണ് ശിവാനി കലോത്സവവേദിയിൽ താരമായത്.
കാട്ടുമൃഗത്തിന്റെ വില പോലും മനുഷ്യനില്ലേ എന്ന ചോദ്യമുയർത്തിയാണ് ശിവാനി നൃത്തം അവസാനിപ്പിച്ചത്.
വേദനയിലും തളരാതെ റോസ് മരിയ
തിരൂർ ∙ സംസ്ഥാന സ്പെഷൽ സ്കൂൾ കലോത്സവത്തിൽ, കാലിനേറ്റ പരുക്കു വകവയ്ക്കാതെ സംഘനൃത്തം പൂർത്തിയാക്കി വിദ്യാർഥിനി. വയനാട് പൂമല സെന്റ് റോസല്ലോസ് ഹയർസെക്കൻഡറി സ്കൂൾ ഫോർ സ്പീച്ച് ആൻഡ് ഹിയറിങ്ങിലെ വിദ്യാർഥിനി റോസ് മരിയ ഫിലിപ്പാണു വേദനയിലും നൃത്തം പൂർത്തിയാക്കിയത്.
സഹപാഠികളായ 6 പേർക്കൊപ്പമാണ് റോസും വേദിയിൽ കയറിയത്. തുടക്കത്തിൽത്തന്നെ വലതുകാൽ മടങ്ങിയതിനെത്തുടർന്ന് ഉളുക്കു പറ്റിയിരുന്നു.
കടുത്ത വേദന വന്നതോടെ കാലിൽ ബാൻഡേജ് കെട്ടി നൃത്തം തുടങ്ങി. വേദിവിട്ടിറങ്ങിയയുടൻ റോസ് അധ്യാപികയുടെ മടിയിലേക്കു വീണു.
ഉടൻ ചികിത്സ നൽകി.
മനസ്സ് നിറച്ച് ഒപ്പന വേദി
തിരൂർ ∙ വേദിക്കു മുന്നിലുള്ള ടീച്ചറുടെ കണ്ണിലും മുഖത്തും മാറിമറയുന്ന ഭാവങ്ങൾ ചുവടുകളിലേക്കു പകർത്തി മണവാട്ടിയും തോഴിമാരും ഒപ്പന കളിച്ചു. താളമോ, പാട്ടോ കേൾക്കാതെയായിരുന്നു നൃത്തച്ചുവടുകൾ.
ഓരോ ടീമും വേദി വിട്ടിറങ്ങുമ്പോൾ സദസ്സിൽ നിറഞ്ഞ കയ്യടികൾ. കേൾവി വെല്ലുവിളി നേരിടുന്ന കുട്ടികളുടെ ഒപ്പന മത്സരമായിരുന്നു വേദി.
വയനാട് പൂമല സെന്റ് റോസല്ലോസ് ഹയർസെക്കൻഡറി സ്കൂൾ ഫോർ സ്പീച്ച് ആൻഡ് ഹിയറിങ്ങിലെ കുട്ടികളുടെ ഒപ്പന മത്സരത്തിൽ അധ്യാപിക ഷൈനി സിറിയക് വേദിക്കു പുറത്തു നിന്ന് മുഖഭാവങ്ങളിലൂടെയും ആംഗ്യങ്ങളിലൂടെയും കുട്ടികളെ ഓരോ ചുവടുകളുടെയും സമയം അറിയിച്ചു കൊണ്ടിരുന്നു.
മണവാട്ടിയായി അലീന. അനീറ്റ തോഴിയായി.
ഇരുവരും സഹോദരിമാരാണ്. ഇവർക്കും മാതാപിതാക്കളായ അരിവയലിലെ മനുവിനും ഷീബയ്ക്കും കേൾവിശക്തിയില്ല.
കോക്ലിയർ ഇംപ്ലാന്റ് ചെയ്ത ആൻസ്റ്റീന, റോസ് മരിയ, ജസ് മരിയ, ഫാത്തിമ റിൻഷ, എയ്ഞ്ചൽ ശാലോം എന്നിവരും മണവാട്ടിയുടെ തോഴിമാരായി.പ്രധാനാധ്യാപിക സിസ്റ്റർ സ്റ്റെഫീനയുടെ നേതൃത്വത്തിൽ സ്കൂളിൽ നിന്ന് ആകെ 40 കുട്ടികളാണ് കലോത്സവത്തിന് എത്തിയിരിക്കുന്നത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

