ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണം സ്വീകരിച്ച് റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ ഇന്ത്യ സന്ദർശിക്കും. ഡിസംബർ 4, 5 തീയതികളിൽ അദ്ദേഹം ഇന്ത്യയിലെത്തുമെന്ന് വിദേശകാര്യ മന്ത്രാലയം ഔദ്യോഗികമായി സ്ഥിരീകരിച്ചു.
23-ാമത് ഇന്ത്യ-റഷ്യ വാർഷിക ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായാണ് പുടിന്റെ ഇന്ത്യാ സന്ദർശനം. ഇരുരാജ്യങ്ങളും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്തുന്നതിനും ഉഭയകക്ഷി ബന്ധങ്ങളിലെ പുരോഗതി വിലയിരുത്തുന്നതിനും സന്ദർശനം സഹായകമാകുമെന്നാണ് ഇന്ത്യയുടെ വിലയിരുത്തൽ.
രാഷ്ട്രപതി ദ്രൗപദി മുർമു അദ്ദേഹത്തെ സ്വീകരിക്കും. തുടർന്ന് രാഷ്ട്രപതി ഭവനിൽ വിരുന്നൊരുക്കും.
ഇതിന് ശേഷമാകും പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി പുടിൻ നിർണായക ചർച്ചകൾ നടത്തുക. ലോകം ഉറ്റുനോക്കുന്ന സന്ദർശനം പ്രാദേശിക, ആഗോള വിഷയങ്ങൾ ചർച്ചയുടെ ഭാഗമാകുമെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
റഷ്യ-യുക്രെയ്ൻ യുദ്ധത്തിന് ശേഷമുള്ള പുടിന്റെ ആദ്യ ഇന്ത്യാ സന്ദർശനമെന്ന നിലയിൽ ലോകരാജ്യങ്ങൾ ഇതിന് വലിയ പ്രാധാന്യമാണ് നൽകുന്നത്. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഉയർത്തുന്ന താരിഫ് ഭീഷണികൾ ഉൾപ്പെടെയുള്ള വിഷയങ്ങൾ സന്ദർശനത്തിൽ ചർച്ചാവിഷയമാകുമെന്ന് ഉറപ്പാണ്.
റഷ്യൻ എണ്ണ വാങ്ങുന്നതുമായി ബന്ധപ്പെട്ട ഉപരോധങ്ങളെക്കുറിച്ചും ഇരു നേതാക്കളും ചർച്ച ചെയ്യും.
റഷ്യ – യുക്രെയ്ൻ യുദ്ധത്തിന് അന്ത്യമാകുന്നു അതേസമയം, മൂന്ന് വർഷം പിന്നിട്ട റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിക്കുന്നതായുള്ള നിർണായക സൂചനകളും പുറത്തുവരുന്നുണ്ട്.
യുദ്ധം അവസാനിപ്പിക്കാൻ അമേരിക്ക മുന്നോട്ടുവെച്ച സമാധാന ഉടമ്പടി അംഗീകരിക്കുമെന്ന് യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലൻസ്കി വ്യക്തമാക്കിയതോടെയാണ് ഈ രംഗത്ത് പ്രതീക്ഷകൾക്ക് പുതുജീവൻ വെച്ചത്. യുഎസ് മുന്നോട്ടുവെച്ച 28 ഇന സമാധാന പദ്ധതിക്ക് റഷ്യയും അനുകൂല നിലപാടാണ് സ്വീകരിക്കുന്നതെന്നാണ് സൂചന.
കഴിഞ്ഞയാഴ്ച ജനീവയിൽ നടന്ന ചർച്ചകൾക്ക് ശേഷമാണ് അമേരിക്കയുടെയും യുക്രെയ്നിന്റെയും ഉദ്യോഗസ്ഥർ സമാധാന ഉടമ്പടിക്ക് അന്തിമ രൂപം നൽകിയത്. ഇരു രാജ്യങ്ങളുടെയും നിർദ്ദേശങ്ങൾ പരിഗണിച്ചാണ് അന്തിമ കരാറിന് രൂപം നൽകിയതെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചു.
ഇതൊരു മികച്ച സമാധാന പദ്ധതിയാണെന്നും റഷ്യയിലേക്കും യുക്രെയ്നിലേക്കും ഉടൻ പ്രതിനിധികളെ അയക്കുമെന്നും ട്രംപ് വ്യക്തമാക്കി. സമാധാന ഉടമ്പടി യുക്രെയ്ൻ അംഗീകരിച്ച സാഹചര്യത്തിൽ റഷ്യയുമായി ചർച്ച നടത്തുമെന്നും ട്രംപ് കൂട്ടിച്ചേർത്തു.
സമാധാന പദ്ധതിക്ക് അംഗീകാരം നൽകാൻ ധാരണയായതായി അറിയിച്ച സെലൻസ്കി, ദിവസങ്ങൾക്കകം അമേരിക്കയിലെത്തി ട്രംപുമായി നേരിട്ട് കൂടിക്കാഴ്ച നടത്തുമെന്നും വ്യക്തമാക്കിയിട്ടുണ്ട്. ഇതോടെ, മൂന്ന് വർഷത്തിലേറെയായി തുടരുന്ന റഷ്യ-യുക്രെയ്ൻ യുദ്ധത്തിന് അന്ത്യമാകുമെന്ന പ്രതീക്ഷയാണ് ശക്തമാകുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

