തൂമ്പാക്കുളം ∙ ഓർമകൾ മാത്രം ബാക്കി, നെഞ്ചുലഞ്ഞ്, കണ്ണീരോടെ കുരുന്നുകൾക്ക് വിടചൊല്ലി നാട്. കഴിഞ്ഞ ദിവസം ഓട്ടോറിക്ഷ മറിഞ്ഞുണ്ടായ അപകടത്തിൽ ജീവൻ പൊലിഞ്ഞ ആദിലക്ഷ്മിയുടെയും യദുകൃഷ്ണയുടെയും സംസ്കാരം ഇന്നലെ നടന്നു.
വൻജനാവലിയുടെ അകമ്പടിയോടെ കരിമാൻത്തോട് ശ്രീനാരായണ പബ്ലിക് സ്കൂളിലെ പൊതു ദർശനത്തിനു ശേഷം വീട്ടിലെത്തിച്ച മൃതദേഹങ്ങൾ ചടങ്ങുകൾക്ക് ശേഷം സംസ്കരിച്ചു. കഴിഞ്ഞ ദിവസം കരിമാൻതോട് തൂമ്പാക്കുളം റോഡിൽ വീട്ടിലെത്തുന്നതിന് നിമിഷങ്ങൾ മാത്രം ബാക്കിനിൽക്കെയായിരുന്നു ഓട്ടോ തോട്ടിലേക്ക് മറിഞ്ഞത്.
തൂമ്പാക്കുളം വാഴപ്ലാവിൽ കല്ലുപുരയിടത്തിൽ സിജിന്റെയും സിജി പണിക്കരുടെയും മകളാണ് മൂന്നാം ക്ലാസ് വിദ്യാർഥിയായ ആദിലക്ഷ്മി (8). തൈപ്പറമ്പിൽ മന്മഥന്റെയും രാജിയുടെയും മകനാണ് എൽകെജി വിദ്യാർഥിയായ യദുകൃഷ്ണ (4).
തൂമ്പാക്കുളം മാടപ്പള്ളിൽ മനോജിന്റെ മകൾ ജുവൽ സാറാ തോമസ് (9), ചാഞ്ഞപ്ലാക്കൽ അനിലിന്റെ മകൻ ശബരിനാഥ് (11), അമ്മ രാജിമോൾ, കൊല്ലംപറമ്പിൽ ഷാജിയുടെ മകൾ അൽഫോൻസ (11), പറപ്പള്ളിൽ രതീഷിന്റെയും അരുണ്യദേവിയുടെയും മകൻ രോഹിത് (5), ഓട്ടോറിക്ഷ ഡ്രൈവർ വിളയിൽ രാജേഷ് ഉൾപ്പെടെ എട്ട് പേരാണ് അപകടത്തിൽപെട്ട
ഓട്ടോറിക്ഷയിൽ ഉണ്ടായിരുന്നത്. വഴിയരികിൽ പത്തി വിടർത്തിനിന്ന പാമ്പിനെ കണ്ട് ഓട്ടോറിക്ഷ വെട്ടിച്ചപ്പോൾ താഴെ കുഴിയിലേക്ക് പതിച്ചായിരുന്നു അപകടം.
ഗുരുതരമായി പരുക്കേറ്റ ജുവൽ സാറാ തോമസ് ശസ്ത്രക്രിയയ്ക്ക് ശേഷം തിരുവല്ലയിൽ സ്വകാര്യ ആശുപത്രിയിലും ശബരിനാഥ് കോട്ടയം മെഡിക്കൽ കോളജിലും രാജേഷ് പത്തനംതിട്ട
ജനറൽ ആശുപത്രിയിലും ചികിത്സയിലാണ്. പത്തനംതിട്ട
ജനറൽ ആശുപത്രിയിലായിരുന്ന അൽഫോൻസ ഇന്നലെ ഡിസ്ചാർജ് ആയി. തലയ്ക്ക് ചെറിയ മുഴയുള്ളതല്ലാതെ കാര്യമായ പരുക്കില്ലാത്ത രോഹിത്തിനെ അപകടത്തിനു ശേഷം ഇന്നലെ രാത്രി ആശുപത്രിയിൽ പോയി പരിശോധന നടത്തി വിട്ടയച്ചു.
പരുക്കേറ്റ ശബരിനാഥിന്റെ അമ്മ അപകട സമയത്ത് ഓട്ടോറിക്ഷയിൽ നിന്ന് തെറിച്ചു വീണെങ്കിലും പരുക്കുകളില്ല.
അപകട സ്ഥലത്ത് ഇന്നലെ പൊലീസും ഫൊറൻസിക് സംഘവും പരിശോധന നടത്തി.
അപകടത്തിൽ അസ്വഭാവികതയില്ലെന്നാണ് പ്രാഥമിക നിഗമനം.
നെഞ്ചിലെ നോവായി കുരുന്നുകളുടെ അപ്രതീക്ഷിത വിയോഗം. കൺമുന്നിൽ ഓടിനടന്ന കുരുന്നുകളുടെ അപ്രതീക്ഷിത വിയോഗത്തിൽ നാട് നിശ്ചലമായി.
ആദിലക്ഷ്മിയും യദുകൃഷ്ണയും ഓടിയെത്തിയിരുന്ന കരിമാൻതോട് ശ്രീനാരായണ പബ്ലിക് സ്കൂളിൽ തടിച്ചുകൂടിയ ജനാവലി കണ്ണീരോടെ ഇരുവരുടെയും മൃതദേഹം ഏറ്റുവാങ്ങി. യദുവും ആദിലക്ഷ്മിയും പഠിച്ചിരുന്ന ക്ലാസ് മുറിയിൽ പ്രത്യേകം ഒരുക്കിയിടത്തു ഇരുവരുടെയും ചലനമറ്റ ശരീരം പൊതുദർശനത്തിനായി വച്ചു.
കൈപിടിച്ച് നടത്തിയ അധ്യാപകരും കൂട്ടുകൂടി നടന്ന സഹപാഠികളും കണ്ണീർ പുഷ്പങ്ങൾ അർപ്പിച്ച് കൂട്ടുകാരെ അവസാനം ഒരുനോക്കു കണ്ട് യാത്ര പറഞ്ഞു.
സ്കൂൾ വിട്ട് ഇരുവരും മടങ്ങിയെത്തിയിരുന്ന നേരത്ത് വീടുകളിലേക്ക് എത്തിയ മൃതദേഹം കണ്ട് മാതാപിതാക്കളും ബന്ധുക്കളും വിങ്ങിപ്പൊട്ടി. അവർക്ക് ആശ്വാസമേകാൻ ഒരു നാട് മുഴുവൻ എത്തി. പാറു എന്ന് വിളിക്കുന്ന ആദിലക്ഷ്മി എല്ലാവരുടെയും പ്രിയങ്കരിയായിരുന്നു.
പാറുവിന്റെ പ്രിയപ്പെട്ട സൈക്കിൾ നോക്കി ‘മോളെ വേഷം മാറി വന്ന് സൈക്കിളിൽ കേറ് ’ എന്ന് പറഞ്ഞ് വിങ്ങിപ്പൊട്ടുകയായിരുന്നു ആദിലക്ഷ്മിയുടെ അമ്മ സിജി.
ആദിലക്ഷ്മിയുടെ പിതാവ് സിജിനും സഹോദരൻ ആദ്വൈതും മറ്റ് ബന്ധുക്കളും അരികിലുണ്ടായിരുന്നു.
‘പൊന്നുമോനെ, പള്ളിക്കൂടത്തിൽ പോയ നിന്നെ ഇങ്ങനെ കാണേണ്ടിവന്നല്ലോ. പൊന്നേ, നീ ഞങ്ങളെ വിട്ടുപോയല്ലോ.
ഇതിനാണോ ഞാൻ അണിച്ചൊരുക്കി വിട്ടത് ’– യദുകൃഷ്ണയുടെ ചേതനയറ്റ ശരീരത്തിനു മുൻപിൽ വാവിട്ടു കരഞ്ഞ് മാതാവ് രാജി. സഹോദരന്റെ വേർപാട് തിരിച്ചറിയാതെ അമ്മയുടെ ഒക്കത്തിരിക്കുന്ന കുഞ്ഞനുജൻ ഋതുകൃഷ്ണയും (3) പിതാവ് മന്മഥനും ബന്ധുക്കളും ഒപ്പമുണ്ടായിരുന്നു.
നിഷ്കളങ്കത നിറഞ്ഞ ചെറു പുഞ്ചിരി തൂകുന്ന മുഖവുമായി കണ്ടിരുന്ന കുരുന്നുകളുടെ ചേതനയറ്റ ശരീരം കണ്ട് നാട്ടുകാർക്ക് വിതുമ്പലടക്കാതെ മടങ്ങാനായില്ല.
തൂമ്പാക്കുളം റോഡിൽ നിന്ന് നൂറു മീറ്ററോളം ഇടുങ്ങിയ വഴിയിലൂടെ കയറ്റം കയറിയെത്തിയവർക്ക് പ്രയാസം അനുഭവപ്പെട്ടില്ല. തെന്നുന്ന വഴിയിലൂടെ തിരിച്ചിറങ്ങുമ്പോഴും അടിപതറിയില്ല. മേഖലയിലെ വിവിധ സ്കൂളുകളിലെ കുട്ടികളും അധ്യാപകരും ജനപ്രതിനിധികളും ഉൾപ്പെടെ വൻ ജനാവലിയാണ് വീട്ടിലെത്തിയത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

