കോഴഞ്ചേരി ∙ മഹാത്മാഗാന്ധിയുടെ ആറന്മുള, ഇലന്തൂർ സന്ദർശനത്തിൽ ഗാന്ധിജിയെ സ്വീകരിച്ച സംഘാംഗങ്ങളിലെ അവസാന കണ്ണിയും യാത്രയായി. ആറന്മുള പരമൂട്ടിൽ ഗൗരിയമ്മ വനജാക്ഷിയമ്മയാണു തന്റെ 99–ാം വയസ്സിൽ അന്തരിച്ചത്.
ഈ സംഘത്തിലുണ്ടായിരുന്ന ഇലന്തൂർ ഉടയംകാവിൽ മീനാക്ഷിയമ്മ രണ്ടു വർഷം മുൻപാണ് അന്തരിച്ചത്.
വനജാക്ഷിയമ്മയുടെ ഗാന്ധി ദർശനത്തിന്റെ ദീപ്ത സ്മരണകൾക്ക് അവസാന കാലം വരെയും തെല്ലും മങ്ങലേറ്റിട്ടില്ലായിരുന്നു. ആറന്മുള മല്ലപ്പുഴശേരി സ്വദേശിനിയായ വനജാക്ഷിയമ്മ യൗവന കാലത്താണ് സ്വാതന്ത്ര്യസമരത്തിൽ അണി ചേർന്നത്.
പ്രായാധിക്യം ഓർമകളെ ഏറെ ബാധിച്ചിരുന്നെങ്കിലും മഹാത്മജിയുടെ പേര് കേട്ടാൽ തന്നെ, ഗാന്ധി ദർശനത്തിന്റെ പുണ്യം പേറുന്ന വനജാക്ഷിയമ്മയുടെ കണ്ണുകൾക്ക് തിളക്കമേറുമായിരുന്നു.
ആറന്മുളയിലും, ഇലന്തൂരിലും ഗാന്ധിജി സന്ദർശനം നടത്തിയപ്പോൾ, അദ്ദേഹത്തെ ദേശഭക്തി ഗാനം പാടി സ്വീകരിക്കാൻ ഭാഗ്യം സിദ്ധിച്ച അന്നത്തെ കൗമാരക്കാരികളായ പെൺകുട്ടികളിൽ ഒരാളായിരുന്നു വനജാക്ഷിയമ്മ.
ബാല്യം മുതൽ ഇന്ത്യൻ ദേശീയ പ്രസ്ഥാനത്തോടു ചേർന്ന് പ്രവർത്തിച്ച വനജാക്ഷിയമ്മയ്ക്കു പിന്നീട് ഒരു സ്വാതന്ത്ര്യ സമരസേനാനിയുടെ ഭാര്യയായി ദേശീയ പ്രസ്ഥാനത്തോട് കൂടുതൽ ഇഴുകിച്ചേർന്നു ജീവിക്കാനും അവസരമുണ്ടായി.
വനജാക്ഷിയമ്മയുടെ ഭർത്താവ് പരേതനായ ടി.എൻ.പത്മനാഭപിള്ള, സ്വാതന്ത്ര്യസമര സേനാനി എന്ന നിലയിൽ ഭാരത സർക്കാർ താമ്രപത്രം നൽകി ആദരിച്ചിട്ടുള്ളയാളാണ്. പ്രായാധിക്യത്തിൽ സംസാരിക്കാൻ ഏറെ പ്രയാസമുണ്ടായപ്പോഴും ഗാന്ധിജിയെ സ്വീകരിക്കാൻ പാടിയ പാട്ടിനെപ്പറ്റി ചോദിച്ചാൽ നൂറ് നാവായിരുന്നു വനജാക്ഷിയമ്മയ്ക്ക്.
സ്വാതന്ത്ര സമര നായകത്വം ഏറ്റെടുത്ത ഗാന്ധി ദേവനേ….
എന്ന ദേശഭക്തിഗാനം ഏത് ഉറക്കത്തിൽ ചോദിച്ചാലും അന്നത്തെ പതിനാലുകാരിയുടെ ചുറുചുറുക്കോടെ ചൊല്ലുമായിരുന്നു.
തന്റെ സ്വാതന്ത്ര്യസമര സ്മൃതികളെ മറവിരോഗം കീഴ്പ്പെടുത്താതിരിക്കാനാവണം ഭർത്താവ് പത്മനാഭപിള്ളയുടെ ചിത്രവും സ്വാതന്ത്ര്യ സമരസേനാനി എന്ന നിലയിൽ അദ്ദേഹത്തിന് ലഭിച്ച താമ്രപത്രവും എപ്പോഴും കൺമുന്നിൽ ഉണ്ടാവണമെന്ന് വനജാക്ഷിയമ്മയ്ക്ക് ഏറെ നിർബന്ധമുണ്ടായിരുന്നെന്നു മക്കൾ പറയുന്നു.
1937 ജനുവരി 20 നാണ് തന്റെ പ്രമുഖ ശിഷ്യനായ കെ.കുമാർജിയുടെ ക്ഷണം സ്വീകരിച്ച് ഹരിജനോദ്ധാരണ പ്രവർത്തനങ്ങളുടെ ഭാഗമായി ഗാന്ധിജി ആറന്മുളയും ഇലന്തൂരും സന്ദർശിച്ചത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

