ആലപ്പുഴ ∙ ഇടത്തോടുകളിലൂടെ ഒഴുകിയെത്തുന്ന വെള്ളം കായലിൽ പതിക്കുന്നതുപോലെ, ജില്ലയിലെ കൗമാരപ്രതിഭകൾ ആലപ്പുഴ നഗരത്തിലേക്ക് ഒഴുകിയെത്തി. കൗമാര കലയുടെ ഉത്സവത്തിനു കിഴക്കിന്റെ വെനീസിൽ തിരിതെളിഞ്ഞു.
ഇനിയുള്ള നാലു നാളുകൾ ആലപ്പുഴ കലയുടെ മഹാസമുദ്രമാകും.
ജില്ലാ സ്കൂൾ കലോത്സവം ചലച്ചിത്ര ഗാനരചയിതാവ് വയലാർ ശരത്ചന്ദ്രവർമ ഉദ്ഘാടനം ചെയ്തു. ഏതൊരു കലയെയും അതിന്റെ പ്രാധാന്യം ഉൾക്കൊണ്ടു മത്സരാർഥികൾ സമീപിക്കണമെന്ന് അദ്ദേഹം പറഞ്ഞു.
കലകൾ മനസ്സിന് ആനന്ദം പകരുമ്പോൾ തന്നെ അതു ചിലർക്കു തൊഴിൽ കൂടിയാണെന്ന ഗൗരവം ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ ഇ.എസ്.ശ്രീലത അധ്യക്ഷത വഹിച്ചു. സംസ്ഥാന കലോത്സവ ജേതാക്കളായ മാസ്റ്റർ ദേവാനന്ദൻ എസ്.മേനോൻ, കുമാരി എസ്.നിഹാര, എന്നിവർ മുഖ്യാതിഥികളായിരുന്നു.
ലിയോ തേർട്ടീൻത് ഹയർ സെക്കൻഡറി സ്കൂൾ മാനേജർ ഫാ. ഫ്രാൻസിസ് കൊടിയനാട്, സ്വാഗതസംഘം അധ്യക്ഷ എൻ.എസ്.ലിജിമോൾ, ഡയറ്റ് പ്രിൻസിപ്പൽ കെ.ജെ.ബിന്ദു, ഡിഇഒമാരായ എം.സി.ജീവ, എച്ച്.റീന, ആലപ്പുഴ ഉപജില്ലാ വിദ്യാഭ്യാസ ഓഫിസർ എം.കെ.ശോഭന, വിവിധ അധ്യാപക സംഘടന നേതാക്കളായ ഇ.ആർ.ഉദയകുമാർ, മഞ്ജുഷ അലക്സ് തുടങ്ങിയവർ പ്രസംഗിച്ചു.
സമ്മേളനത്തിൽ അധ്യാപക അവാർഡ് ജേതാവ് കെ.കെ.ഉല്ലാസിനെ ആദരിച്ചു.
രാവിലെ മത്സരങ്ങൾക്കു തുടക്കം കുറിച്ചു ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ ഇ.എസ്.ശ്രീലത പതാക ഉയർത്തി. ഇത്തവണ മുതൽ അഞ്ചടിയോളം വലുപ്പമുള്ള പുതിയ എവറോളിങ് ട്രോഫിയാണ് ഓവറോൾ വിജയികൾക്കു നൽകുന്നത്.
സാമൂഹികവിഷയങ്ങൾ പ്രതിപാദിച്ച ഹയർ സെക്കൻഡറി വിഭാഗം നാടകവും ചുവടും മെയ്വഴക്കവും ചേർന്ന നങ്ങ്യാർക്കൂത്തും ചാക്യാർക്കൂത്തും കഥകളിയും ഓട്ടൻതുള്ളലും സദസ്സിനെ കൂടുതൽ സമ്പന്നമാക്കി.
മലയാളം, ഹിന്ദി, അറബിക്, ഇംഗ്ലിഷ്, കന്നഡ, തമിഴ്, ഉറുദു രചനാമത്സരങ്ങളും അരങ്ങേറി. ഇന്നുമുതൽ കൂടുതൽ സ്റ്റേജ് ഇനങ്ങൾ നടക്കും.
നഗരത്തിലെ 10 സ്കൂളുകളിലായി 12 വേദികളിലാണു മത്സരം. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

