കോഴഞ്ചേരി ∙ അഞ്ച് ദിവസത്തിനിടെ രണ്ട് ശസ്ത്രക്രിയ, ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഗൃഹനാഥ മരിച്ചു, ചികിത്സാപ്പിഴവെന്ന് ബന്ധുക്കൾ. ആങ്ങമൂഴി കലപ്പമണ്ണിൽ മായ (58) ആണ് മരിച്ചത്.
16ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച മായയ്ക്കു പിറ്റേന്നു തിങ്കളാഴ്ച ഗർഭപാത്രം നീക്കം ചെയ്യുന്ന ശസ്ത്രക്രിയ നടത്തിയതായാണ് മകൾ പ്രീതി രാജു പറയുന്നത്.
പിറ്റേന്നു റൂമിലേക്കു മാറ്റിയ മായയെ വ്യാഴാഴ്ച ഡിസ്ചാർജ് ചെയ്യാമെന്നാണ് ഡോക്ടർ പറഞ്ഞത്. എന്നാൽ, ബുധനാഴ്ച രാത്രി ശ്വാസതടസ്സവും അസ്വസ്ഥതകളും ആരംഭിച്ചതോടെ അത്യാഹിത വിഭാഗത്തിലേക്കു മാറ്റി.
സ്കാനിങ് ഉൾപ്പെടെ നടത്തിയശേഷം ഗ്യാസിന്റെ പ്രശ്നമാണെന്നാണ് അറിയിച്ചത്. മരുന്നുകൾ ഫലം കാണാതിരുന്നതിനാൽ വീണ്ടും സ്കാനിങ് നടത്തി.
വയറിനുള്ളിൽ വെള്ളം നിറഞ്ഞിട്ടുണ്ട് എന്ന് പറഞ്ഞു. കുടലിൽ മുറിവുണ്ടെന്നും അണുബാധ ഉണ്ടായെന്നും ജീവൻ രക്ഷിക്കാൻ ഉടൻ ശസ്ത്രക്രിയ വേണമെന്നും പറഞ്ഞ അധികൃതർ, മറ്റു ബന്ധുക്കൾ ആരും ഇല്ലാതിരിക്കെ തന്റെ ഒപ്പ് വാങ്ങിയെന്നും തുടർന്ന് ശനിയാഴ്ച ഉച്ചകഴിഞ്ഞ് രണ്ടരയോടെ ശസ്ത്രക്രിയ നടത്തിയെന്നും മകൾ പ്രീതി പറഞ്ഞു.
ഇന്നലെ വെളുപ്പിനു മൂന്നരയോടെ മായയുടെ മരണം സ്ഥിരീകരിക്കുകയായിരുന്നു.
ചികിത്സാ പിഴവെന്ന് ആരോപിച്ച് കുടുംബം കോഴഞ്ചേരി മുത്തൂറ്റ് ആശുപത്രിക്കെതിരെ ആറന്മുള പൊലീസിൽ പരാതി നൽകി. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷം കൂടുതൽ അന്വേഷണം നടത്തുമെന്ന് ആറന്മുള എസ്എച്ച്ഒ പറഞ്ഞു.
ഇന്ന് പോസ്റ്റ്മോർട്ടത്തിനു ശേഷം സംസ്കാരം പിന്നീട്.
സീതത്തോട് പഞ്ചായത്ത് നാലാം വാർഡിലെ യുഡിഎഫ് സ്ഥാനാർഥിയായ രാജുവാണ് മായയുടെ ഭർത്താവ്. മക്കൾ: പ്രിയ, പ്രീതി (നഴ്സ്, സൗദിഅറേബ്യ), മരുമക്കൾ: സനീഷ്, അരുൺ.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

