അടിമാലി ∙ ദേശീയപാതയിൽ വാളറ മുതൽ നേര്യമംഗലം വരെയുള്ള ദൂരത്തിൽ നടന്നുവന്നിരുന്ന നവീകരണ ജോലികൾ തുടരുന്നതു സംബന്ധിച്ച് തീരുമാനം കൈക്കൊള്ളാൻ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തിയിട്ട് ഇന്ന് ഒരു മാസം. നിർത്തിവച്ചിരിക്കുന്ന നിർമാണ ജോലികൾ പുനരാരംഭിക്കാൻ യാതൊരു വിധ നടപടികളും സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകാത്തതിൽ പ്രതിഷേധം ഉയരുന്നു.
ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ ജനപ്രതിനിധികളും ഹൈവേ വിഷയം മറന്നിരിക്കുകയാണ്. ദേശീയപാത കടന്നുപോകുന്ന 14.5 കിലോമീറ്റർ ദൂരത്തെ ഉടമസ്ഥാവകാശം സംബന്ധിച്ച് വനംവകുപ്പ് നൽകിയ ഹർജിയിൽ പാത കടന്നുപോകുന്ന 100 അടി വീതിയിലുള്ള സ്ഥലത്തിന് വനംവകുപ്പിന് അവകാശമില്ലെന്നും നവീകരണ ജോലികൾ തടസ്സപ്പെടുത്തരുതെന്നും ചീഫ് സെക്രട്ടറി നൽകിയ സത്യവാങ്മൂലത്തിന്റെ പിൻബലത്തിൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് 6 മാസം മുൻപ് ഉത്തരവിട്ടിരുന്നു.
ഇതിനിടെയാണ് തൊടുപുഴ സ്വദേശി നൽകിയ ഹർജിയുമായി ബന്ധപ്പെട്ട് 14.5 കിലോമീറ്റർ ദൂരത്തിലെ നിർമാണ ജോലികൾ നിർത്തിവയ്ക്കാൻ കോടതി ആവശ്യപ്പെട്ടത്.
ബന്ധപ്പെട്ട ഹർജിയിൽ പാതയുടെ നിർമാണ ജോലികൾ നടക്കുന്ന സ്ഥലം റിസർവ് വനം ആണെന്ന നിലപാട് സർക്കാരിനു വേണ്ടി ഹാജരായ അഡിഷനൽ ചീഫ് സെക്രട്ടറി സ്വീകരിച്ചതോടെയായിരുന്നു കോടതിയുടെ ഇടപെടൽ.സർക്കാർ നിലപാട് മാറിമറിഞ്ഞതോടെയാണ് കഴിഞ്ഞ നവംബർ 24ന് ചീഫ് സെക്രട്ടറിയോട് നിർമാണം തടസ്സപ്പെട്ട
ഭാഗം റവന്യു ഭൂമിയാണോ റിസർവ് വനം ആണോയെന്ന് പരിശോധിച്ച് വ്യക്തത വരുത്തി ഉചിതമായ നടപടി സ്വീകരിക്കാൻ കോടതി ആവശ്യപ്പെട്ടത്.
കോടതി ഉത്തരവിന്റെ പശ്ചാത്തലത്തിൽ ഹൈവേ വികസനം നടക്കുന്ന നേര്യമംഗലം മുതൽ വാളറ വരെയുള്ള 14.5 കിലോമീറ്റർ ദൂരത്തിന്റെ അളവുകൾ സംബന്ധിച്ച വിശദാംശങ്ങൾ എൻഎച്ച്എഐ ചീഫ് സെക്രട്ടറിക്ക് കൈമാറണം. ഇതു ലഭിച്ചു കഴിഞ്ഞാൽ രേഖകൾ പരിശോധിച്ച് ന്യായമായ കാര്യങ്ങളാണെങ്കിൽ നിർമാണ പ്രവൃത്തികൾ തുടരാൻ ചീഫ് സെക്രട്ടറിക്ക് നിർദേശം നൽകാൻ കഴിയുമെന്നും കോടതി പറഞ്ഞിരുന്നു.കോടതി വിധി പുറത്തുവന്ന് ഒരു മാസത്തോളം ആകുമ്പോഴും ഇക്കാര്യത്തിൽ അനന്തര നടപടികൾ നീളുകയാണ്.
ഇതിനിടെ സർക്കാർ കൈക്കൊണ്ടിട്ടുള്ള നടപടികൾ ഡിസംബർ ഒന്നിന് വീണ്ടും കോടതിയുടെ പരിഗണനയിൽ വരുന്നുണ്ട്. ഉത്തരവാദിത്തപ്പെട്ട
ജനപ്രതിനിധികളും ഉദ്യോഗസ്ഥരും തുടരുന്ന അലംഭാവം പാതയുടെ നിർമാണ ജോലികൾ പൂർണമായി തടസ്സപ്പെടുമോ എന്ന ആശങ്കയും ഉയർന്നിട്ടുണ്ട്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

