തളിപ്പറമ്പ് ∙ ദേശീയപാത നിർമാണത്തിന്റെ ഭാഗമായി കുപ്പത്ത് പുതുതായി നിർമിക്കുന്ന പാലത്തിന്റെ അടിയിൽ പുഴയിൽ നിക്ഷേപിച്ച് മണ്ണ് നീക്കാതെ കരയിൽ മണ്ണിട്ട് നികത്താനുള്ള നീക്കത്തിനെതിരെ പ്രതിഷേധവുമായി നാട്ടുകാർ രംഗത്തിറങ്ങി. പുഴക്കരയിൽ മണ്ണിട്ട് നികത്തിയാൽ പുഴയിൽ നിക്ഷേപിച്ച് മണ്ണ് പിന്നീട് നീക്കംചെയ്യാൻ സാധിക്കാത്ത അവസ്ഥയാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്.
മണ്ണ് നീക്കം ചെയ്യുന്നില്ലെങ്കിൽ ഇന്ന് മുതൽ ഇവിടെയുള്ള പ്രവൃത്തികൾ തടയുമെന്ന് നാട്ടുകാർ പറഞ്ഞു.
പുതുതായി നിർമിക്കുന്ന പാലത്തിന്റെ തൂണിനും നിലവിലുള്ള ദേശീയപാതയ്ക്കും മധ്യേയാണ് മണ്ണിട്ട് ഉയർത്തുന്നത്. ഇതോടെ പാലത്തിന്റെ അടി ഭാഗത്തേക്ക് പോകാനുള്ള മാർഗം ഇല്ലാതാകുമെന്ന് കുപ്പം വാർഡ് കൗൺസിലർ മുഹമ്മദ്കുഞ്ഞി ചൂണ്ടിക്കാട്ടി.
പുതിയ പാലത്തിന് അടിയിൽ മുൻപ് പുഴ ഒഴുകിയിരുന്ന ഭാഗത്താണ് പാലം നിർമാണത്തിന്റെ ഭാഗമായി മണ്ണിട്ട് നികത്തിയത്. ആഴമുണ്ടായിരുന്ന സ്ഥലമാണ് ഇത്തരത്തിൽ മണ്ണിട്ട് നികത്തിയിരുന്നത്.
ഈ മണ്ണ് മുഴുവനായും നീക്കം ചെയ്യുമെന്ന് നിർമാണത്തിന്റെ ചുമതലയുള്ള മേഘ കൺസ്ട്രക്ഷൻസ് അധികൃതർ പറഞ്ഞിരുന്നു.
കുപ്പം പുഴയുടെ 2 ഭാഗത്തും ഇത്തരത്തിൽ മണ്ണിട്ട് നികത്തിയതോടെ ദുരിതത്തിലായത് നാട്ടുകാരാണ്. ചെറിയ തോതിൽ ജലനിരപ്പ് ഉയർന്നാൽപോലും പുഴ കരകവിഞ്ഞ് കടകളിലും വീടുകളിലും വെള്ളം കയറുന്ന അവസ്ഥയാണ്.
മുൻകാലങ്ങളിൽ കനത്ത കാലവർഷത്തിൽ 3, 4 തവണകളിലാണ് ഇവിടെ പുഴ കരകവിയാറുള്ളത്. എന്നാൽ പുഴയിൽ മണ്ണ് നിക്ഷേപിച്ചതോടെ ഈ വർഷം 13 തവണ പുഴ കരകവിഞ്ഞ് കടകളിൽ വെള്ളം കയറിയതായി കുപ്പത്തെ വ്യാപാരികൾ പറയുന്നു.
വൻ നാശനഷ്ടമാണ് ഇതുനിമിത്തം ഉണ്ടായത്.
ഇതേ തുടർന്നാണ് അടിയന്തരമായി മണ്ണ് നീക്കം ചെയ്യാൻ കൗൺസിലർ മുഹമ്മദ്കുഞ്ഞിയുടെ നേതൃത്വത്തിൽ മേഘ കൺസ്ട്രക്ഷൻസ് അധികൃതരെ കണ്ട് ആവശ്യപ്പെട്ടത്. മുൻപ് എം.വി.ഗോവിന്ദൻ എംഎൽഎയും സ്ഥലം സന്ദർശിച്ച് മണ്ണ് നീക്കംചെയ്യാൻ ആവശ്യപ്പെട്ടിരുന്നു.
തുടർന്ന് അധികൃതർ സ്ഥലത്തെത്തി നൽകി ഉറപ്പാണ് ഇപ്പോൾ ലംഘിച്ച് മണ്ണ് എടുത്തുനീക്കാനുള്ള വഴി അടച്ചുകൊണ്ട് മണ്ണിട്ട് നികത്തുന്നതെന്ന് നാട്ടുകാർ ചൂണ്ടികാട്ടി.
മുൻകാലങ്ങളിൽ 30 അടിയോളം ആഴമുണ്ടായിരുന്ന പുഴയിൽ അശാസ്ത്രീയമായി മണ്ണിട്ടതോടെ പുഴയുടെ അടിഭാഗം കാണാവുന്ന അവസ്ഥയിലാണിപ്പോൾ ഉള്ളത്. ഇതും വെള്ളപ്പൊക്കം വർധിക്കാൻ ഇടയാക്കുന്നുണ്ട്.
അതുകൊണ്ടുതന്നെ ഇവിടെയുള്ള മണ്ണ് നീക്കം ചെയ്യാതെ ഇനിയുള്ള പ്രവൃത്തികൾ അനുവദിക്കേണ്ടെന്ന നിലപാടിലാണ് നാട്ടുകാർ.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

