പാലക്കാട് ∙ നാമനിർദേശപത്രിക സൂക്ഷ്മ പരിശോധനയിൽ എൽഡിഎഫിനും യുഡിഎഫിനും ബിജെപിക്കും തിരിച്ചടി. നാമനിർദേശപത്രിക തള്ളിയവരിൽ മൂന്നു മുന്നണികളുടെയും സ്ഥാനാർഥികൾ ഉണ്ട്.
ചിലരുടെ പത്രിക പരിശോധനയ്ക്കു മാറ്റി.മുൻ തിരഞ്ഞെടുപ്പുകളിൽ മത്സരിച്ചതിന്റെ കണക്ക് സമർപ്പിക്കാത്ത കാരണത്താൽ പാലക്കാട് നഗരസഭയിൽ 50,51 വാർഡുകളിൽ സിപിഎം സ്ഥാനാർഥികളുടെ പത്രിക തള്ളി. കണ്ണകി നഗർ വെസ്റ്റ് (വാർഡ് 50 ) സ്ഥാനാർഥി എം.ഗോപി , വടക്കന്തറ (വാർഡ് 51 ) സ്ഥാനാർഥി പി.സുഗത എന്നിവരുടെ പത്രികയാണ് അംഗീകരിക്കാതിരുന്നത്.
ഇവിടെ സിപിഎമ്മിനു ഡമ്മികളില്ല. സിപിഎം ചോദ്യം ചെയ്തതോടെ മതിയായ തെളിവുകൾ ഹാജരാക്കാൻ നാളെ 11 വരെ സമയം അനുവദിച്ചിട്ടുണ്ട്.അതേസമയം, നൂറണി വാർഡിൽ കോൺഗ്രസ് സ്ഥാനാർഥിയുടെ പത്രിക സംബന്ധിച്ച് തർക്കം ഉയർന്നു. രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ ഈ വിഷയത്തിലെ നിയമവ്യവസ്ഥകൾ നിരത്തി ചോദ്യം ചെയ്തതോടെ സ്വീകരിച്ചു.
∙പട്ടികജാതി സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട
വിഷയത്തിൽ നെല്ലിയാമ്പതിയിലെ ഒന്നാം വാർഡ് പുലയമ്പാറയിലെ കോൺഗ്രസ് സ്ഥാനാർഥിയുടെ പത്രിക സ്വീകരിച്ചില്ല. ∙മണ്ണാർക്കാട് നഗരസഭ ഗോവിന്ദപുരം വാർഡിൽ ബിജെപി സ്ഥാനാർഥി രമേശിന്റെ പത്രിക സ്വീകരിച്ചില്ല.
കഴിഞ്ഞ തവണ മത്സരിച്ചതിന്റെ കണക്കു കാണിക്കാത്തതാണു കാരണം. ബിജെപിക്ക് ഇവിടെ ഡമ്മിയില്ല.
∙ പെരിങ്ങോട്ടുകുറിശ്ശി പഞ്ചായത്തിൽ വാർഡ് 12 (പെരിങ്ങോട്ടുകുറിശ്ശി ) ടി.കെ.
സുജിത, വാർഡ് 15 ( വടക്കു മുറി) ദീപ ഗിരീഷ് എന്നിവരുടെ നാമനിർദേശ പത്രിക സൂക്ഷ്മ പരിശോധന 24ന് നടക്കും. പഞ്ചായത്തിൽ കുടുംബശ്രീ കരാറിൽ ഒപ്പുവച്ചതുമായി ബന്ധപ്പെട്ട വിഷയത്തിൽ വിശദീകരണം ചോദിക്കാനാണു മാറ്റിയത്.
രണ്ടു പേരും യുഡിഎഫ് സ്ഥാനാർഥികളാണ്.
∙ കാവശ്ശേരി പഞ്ചായത്ത് വാർഡ് നാല് (വലിയപറമ്പ് ) എൽഡിഎഫ് സ്ഥാനാർഥി പി.സി.പ്രമോദിന്റെയും വാർഡ് 5 (വടക്കേത്തറ) സ്ഥാനാർഥി കെ.ജയശീലന്റെയും പത്രിക ഹിയറിങ്ങിനായി മാറ്റിവച്ചു. ആലത്തൂർ പൊലീസ് സ്റ്റേഷനിൽ കേസിൽ ഉൾപ്പെട്ട് ശിക്ഷിക്കപ്പെട്ടിരുന്നു.
ഇതിനെതിരെ ഹൈക്കോടതിയിൽ റിവ്യൂ അപ്പീലിനു പോയിട്ടുണ്ട്. ∙തച്ചനാട്ടുകരയിൽ ഡിവൈഎഫ്ഐ ബ്ലോക്ക് പ്രസിഡന്റ് സഗീറലി നറുക്കോടിനെ അയോഗ്യനാക്കിയതിൽ 24ന് വീണ്ടും ഹിയറിങ് നടത്തും.
കഴിഞ്ഞ തിരഞ്ഞെടുപ്പിലെ കണക്കുകൾ കൃത്യമായി ബോധിപ്പിച്ചില്ലെന്നു കാണിച്ചാണു തിരഞ്ഞെടുപ്പു കമ്മിഷന്റെ നടപടി.
∙പെരുമാട്ടി പഞ്ചായത്ത് വാർഡ് 10 സ്രാമ്പിയിൽ പട്ടികജാതി സ്ത്രീ സംവരണ വാർഡിൽ പത്രിക നൽകിയ എൽഡിഎഫ് സ്ഥാനാർഥി രാജലക്ഷ്മി, യുഡിഎഫ് സ്ഥാനാർഥി സുമതി എന്നിവരുടെ നാമനിർദേശ പത്രിക സൂക്ഷ്മ പരിശോധനയ്ക്കായി മാറ്റിവച്ചു. ജാതിസർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട പ്രശ്നമാണു കാരണം.
ഇരു മുന്നണികൾക്കും ഡമ്മി സ്ഥാനാർഥികളുണ്ട്. ബിജെപി സ്ഥാനാർഥി ഇല്ല.
59 പത്രിക തള്ളി; 10,161 സ്ഥാനാർഥികൾ
തദ്ദേശ തിരഞ്ഞെടുപ്പിനായി സ്ഥാനാർഥികൾ നൽകിയ നാമനിർദേശ പത്രികയിൽ സൂക്ഷ്മ പരിശോധന പൂർത്തിയായി.സൂക്ഷ്മ പരിശോധന കഴിഞ്ഞതോടെ ജില്ലയിൽ 10,161 സ്ഥാനാർഥികളുടെ പട്ടിക പ്രസിദ്ധീകരിച്ചു.
59 പേരുടെ പത്രിക തള്ളി. ഇതിൽ 25 പേർ സ്ത്രീകളും 34 പേർ പുരുഷൻമാരുമാണ്.
ചില പത്രികകൾ കൂടുതൽ പരിശോധനയ്ക്കായി തിങ്കളാഴ്ചത്തേക്കു മാറ്റി. ഡമ്മി സ്ഥാനാർഥികൾ ഉൾപ്പെടെയുള്ളവർ തിങ്കളാഴ്ച പത്രിക പിൻവലിക്കുന്നതോടെ യഥാർഥ ചിത്രം ലഭിക്കും.
നിലവിൽ കണക്കുകൾ ഇങ്ങനെ:
∙ നഗരസഭ (ആകെ 7): സ്ഥാനാർഥികൾ: 1175, പരിശോധനയിൽ 5 നാമനിർദേശ പത്രിക തള്ളി. ∙ പഞ്ചയാത്ത് (ആകെ 88): സ്ഥാനാർഥികൾ: 7904, പരിശോധനയിൽ 44 നാമനിർദേശ പത്രിക തള്ളി.
∙ ബ്ലോക്ക് പഞ്ചായത്ത് (ആകെ 13): സ്ഥാനാർഥികൾ: 924, പരിശോധനയിൽ 6 നാമനിർദേശ പത്രിക തള്ളി. ∙ ജില്ലാ പഞ്ചായത്ത് (31 ഡിവിഷനുകൾ): സ്ഥാനാർഥികൾ: 158, പരിശോധനയിൽ നാലു നാമനിർദേശ പത്രിക തള്ളി.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

