കോഴിക്കോട്∙ കുഴൽപണ, സ്വർണക്കടത്തു സംഘങ്ങളുമായി ചില പൊലീസ് ഉദ്യോഗസ്ഥർ അടുത്ത ബന്ധം പുലർത്തുന്നുവെന്ന വിവരത്തെ തുടർന്നു കസ്റ്റംസ് ഉൾപ്പെടെ കേന്ദ്ര ഏജൻസികൾ അന്വേഷണം തുടങ്ങി. മാനന്തവാടിയിൽ കഴിഞ്ഞദിവസം കസ്റ്റംസ് പ്രിവന്റീവ് വിഭാഗം 3.15 കോടി രൂപയുടെ കുഴൽപണം പിടികൂടിയ കേസിൽ കസ്റ്റഡിയിലായ പ്രതികളിലെ പ്രധാനി, ഒരു എസ്ഐയെ തത്സമയം ഫോണിൽ ബന്ധപ്പെട്ടതായാണു കേന്ദ്ര ഏജൻസികൾക്കു ലഭിച്ച വിവരം. സംസ്ഥാന പൊലീസിനും ഇതു സംബന്ധിച്ച വിവരമുണ്ട്.
കേസിൽ നിന്നു തലയൂരാൻ കഴിയുമോയെന്നാണു കസ്റ്റഡിയിലായ ആൾ എസ്ഐയെ വിളിച്ചു ചോദിച്ചതത്രെ.
വർഷങ്ങളായി ഇവർ തമ്മിൽ ബന്ധമുണ്ടെന്നും സൂചനയുണ്ട്. എതിർ സംഘത്തിന്റെ സ്വർണക്കടത്തു വിവരങ്ങൾ പൊലീസിന് ഇവർ ചോർത്തിയതായും സ്വർണക്കടത്തു പിടിച്ച ശേഷം ചില കേസുകൾ ഒത്തുതീർപ്പാക്കുന്നതിന് ഇടപെട്ടതായും സൂചനകളുണ്ട്.
മലപ്പുറം പൊലീസ് പിടിച്ച ചില സ്വർണക്കടത്തു കേസുകളുമായി ബന്ധപ്പെട്ട് കസ്റ്റംസ് അന്വേഷണം നടക്കുന്നതിനിടെയാണു മാനന്തവാടിയിൽ വാഹന പരിശോധനയ്ക്കിടെ പൊലീസ് സഹായത്തോടെ കസ്റ്റംസ് 3.15 കോടി രൂപ പിടിച്ചെടുത്തത്. കേസ് നിലവിൽ ആദായനികുതി വകുപ്പാണ് അന്വേഷിക്കുന്നത്.
പിടിയിലായവരുടെ മൊബൈൽ ഫോണുകൾ ആദായനികുതി വകുപ്പ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവ പരിശോധിച്ചാൽ കൂടുതൽ വിവരം പുറത്തു വന്നേക്കും.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

