നെടുങ്കണ്ടം ∙ വിധി വീൽച്ചെയറിലേക്ക് വീഴ്ത്തിയതോടെ മാൻസന്റെ സ്പോർട്സ്മാൻ സ്പിരിറ്റ് ഒന്നുകൂടെ ഉയർന്നു. മൂന്ന് വർഷങ്ങൾക്ക് മുൻപുണ്ടായ വാഹനാപകടത്തിൽ നട്ടെല്ലിന് ഗുരുതര പരുക്കേറ്റ് വീൽച്ചെയറിൽ കഴിയുന്ന കോമ്പയാർ-വയലിൽ മാൻസൺ ഷാജി (29) ഗ്വാളിയറിലെ ലക്ഷ്മീഭായ് നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കൽ എജ്യുക്കേഷനിൽ നിന്നു സ്പോർട്സ് ന്യൂട്രീഷനിൽ ഡിപ്ലോമ നേടി.
ജൂഡോ ദേശീയ താരവും ഹാൻഡ് ബോൾ താരവുമായിരുന്ന മാൻസൺ അടിമാലി വിശ്വദീപ്തി സ്കൂളിലെ കായികാധ്യാപകനായി ജോലി ചെയ്യുന്നതിനിടെ 2022 നവംബർ 7നായിരുന്നു അപകടം.
നട്ടെല്ലിന് ഗുരുതര പരുക്കേറ്റതോടെ ശരീരം പൂർണമായി തളർന്നു. മൂന്ന് മാസം രാജഗിരി ആശുപത്രിയിലും തുടർന്ന് കേരളത്തിലെയും അയൽസംസ്ഥാനങ്ങളിലെയും വിവിധആശുപത്രികളിലും ചികിത്സ തേടി.
ഇതിനിടെ മസ്തിഷ്ക അർബുദം ബാധിച്ച് ചികിത്സയിലായിരുന്ന പിതാവ് വി.വി.ഷാജി 2023 ജനുവരി 5ന് മരിച്ചു. പിതാവിനെ അവസാനമായി കാണാൻ പോലും കഴിഞ്ഞില്ലെങ്കിലും മാൻസൺ വിധിയോട് പൊരുതാനാരംഭിച്ചു.
വർഷങ്ങളായി തുടരുന്ന ചികിത്സയിൽ വിരലുകൾ മാത്രം ചലിപ്പിക്കാൻ കഴിഞ്ഞിരുന്ന അവസ്ഥയിൽ നിന്നു കൈകളും കാലും ചലിപ്പിക്കാൻ ഇപ്പോൾ കഴിയും.
വീൽച്ചെയറിൽ കഴിയുമ്പോഴും കായിക താരങ്ങൾക്ക് വേണ്ടി പ്രവർത്തിക്കണമെന്ന ചിന്തയിൽ നിന്നാണ് സ്പോർട്സ് ന്യൂട്രിഷൻ കോഴ്സ് തിരഞ്ഞെടുത്തത്. കോഴ്സ് വിജയകരമായി പൂർത്തിയാക്കിയതോടെ നിരവധി അവസരങ്ങളും തേടിയെത്തി.
തമിഴ്നാട് വീൽചെയർ ക്രിക്കറ്റ് ടീമിന് വേണ്ടി ഇതിനോടകം പരിശീലനം നൽകി. കേരള ടീമിനുൾപ്പെടെ ശാരീരിക വെല്ലുവിളികൾ നേരിടുന്ന കായികതാരങ്ങൾക്ക് വേണ്ടി പോഷക നിർദേശങ്ങൾ നൽകാൻ ക്ഷണം ലഭിച്ചു.
നിശ്ചയദാർഢ്യവും ആത്മവിശ്വാസവും കൈമുതലാക്കി സാധാരണ ജീവിതത്തിലേക്ക് മടങ്ങിവരുന്ന മാൻസന്റെ ജീവിതകഥ ഒട്ടേറെ വേദികളിൽ അനേകർക്ക് പ്രചോദനമായിട്ടുണ്ട്.
മാതാവ് ലാലിയും തങ്കമണി സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിലെ കായികാധ്യാപകനായ സഹോദരൻ ഫ്രാങ്ക്ലിനുമാണ് മാൻസന്റെ ചാലകശക്തി. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

