ചേർത്തല ∙ പട്ടികജാതി സംവരണ സീറ്റിൽ നാമനിർദേശ പത്രിക നൽകിയയാൾ പട്ടികവർഗ വിഭാഗത്തിൽനിന്നായതിനെ തുടർന്ന് കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് തിരുവിഴ ഡിവിഷനിൽ എൻഡിഎ സ്ഥാനാർഥിയുടെ നാമനിർദേശ പത്രിക സ്വീകരിച്ചില്ല. പകരം സ്ഥാനാർഥിയെ കണ്ടെത്താൻ കഴിയാതെ വന്നതോടെ ഈ ഡിവിഷനിൽ എൻഡിഎ സ്ഥാനാർഥിയില്ലാതായി. എൻഡിഎ സ്ഥാനാർഥിയായി ലതിക മധു ഇന്നലെ ഉച്ചയ്ക്ക് ഒരുമണിയോടെയാണ് നാമനിർദേശ പത്രിക നൽകിയത്. ജാതി സർട്ടിഫിക്കറ്റ് പരിശോധിച്ചപ്പോൾ ഇവർ പട്ടികവർഗ വിഭാഗത്തിൽ ഉൾപ്പെട്ടതിനാൽ പട്ടികജാതി സംവരണ സീറ്റിൽ മത്സരിക്കാൻ കഴിയില്ലെന്ന് ബിഡിഒ അറിയിച്ചു.
പത്രിക സ്വീകരിക്കാതെ വന്നതിനാൽ മറ്റാരെങ്കിലും മത്സരിപ്പിക്കാൻ നേതാക്കൾ ശ്രമിച്ചെങ്കിലും 2 മണിക്കൂറിനുള്ളിൽ ആളെ കിട്ടിയില്ല.
ഇതോടെ യുഡിഎഫ് സ്ഥാനാർഥി കെ.പുരുഷോത്തമനും എൽഡിഎഫ് സ്ഥാനാർഥി കരുവ മോഹനനും തമ്മിലായി പ്രധാന മത്സരം. സ്ഥാനാർഥി ഇല്ലാതെ വന്നതോടെ നേതൃത്വം പറയുന്നതു പോലെ വോട്ട് ചെയ്യാൻ നിർദേശം നൽകുമെന്ന് ബിജെപി മണ്ഡലം ഭാരവാഹികൾ പറഞ്ഞു.
ജില്ലയിൽ ആകെ ലഭിച്ചത് 11,851 നാമനിർദേശ പത്രികകൾ
ആലപ്പുഴ ∙ പ്രാഥമിക വിവരം അനുസരിച്ച് ജില്ലയിൽ തദ്ദേശ സ്ഥാപന തിരഞ്ഞെടുപ്പിൽ ആകെ ലഭിച്ചതു 11,851 നാമനിർദേശ പത്രികകൾ. ഇതിൽ 5,298 പുരുഷൻമാരും 6,553 സ്ത്രീകളുമാണ്.
ആകെ സ്ഥാനാർഥികളുടെ എണ്ണം 7,210. പുരുഷൻമാർ 3,236, സ്ത്രീകൾ 3,974.
ജില്ലാ പഞ്ചായത്തിലേക്കു ലഭിച്ചത് 195 പത്രികകൾ. 101 പുരുഷന്മാരും 94 സ്ത്രീകളും.
പത്രിക നൽകാനുള്ള സമയപരിധി ഇന്നലെ വൈകിട്ട് മൂന്നിന് അവസാനിച്ചു. പത്രികകളുടെ സൂക്ഷ്മ പരിശോധന ഇന്നു നടക്കും.
24 വരെ പിൻവലിക്കാം.
എൻഡിഎ സ്ഥാനാർഥികൾ പത്രിക നൽകി
ആലപ്പുഴ ∙ എൻഡിഎയുടെ ജില്ലാ പഞ്ചായത്ത് സ്ഥാനാർഥികൾ പത്രിക നൽകി. ബിജെപി 22 സീറ്റിലും ബിഡിജെഎസ് 2 സീറ്റിലുമാണു മത്സരിക്കുന്നത്.
ബിജെപിയുടെ സൗത്ത് ജില്ലയിലെ 11 ഡിവിഷനിലും പാർട്ടിയാണു മത്സരിക്കുന്നത്. നോർത്ത് ജില്ലയിലെ 11 സീറ്റിൽ ബിജെപി മത്സരിക്കുന്നുണ്ട്.
വെളിയനാട്, അരൂർ സീറ്റുകളിൽ ബിഡിജെഎസ് മത്സരിക്കും. ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ, ജനറൽ സെക്രട്ടറി എസ്.സുരേഷ് എന്നിവർ സ്ഥാനാർഥികൾക്കൊപ്പം എത്തിയിരുന്നു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

