പാക്കിസ്ഥാൻ സമ്പദ്വ്യവസ്ഥയുടെ തലവരതന്നെ മാറ്റുമെന്ന് കരുതിയ ‘സ്വപ്ന പദ്ധതി’ വെറും രാഷ്ട്രീയ തട്ടിപ്പാണെന്ന് വെളിപ്പെടുത്തൽ. പാക്ക് സാമ്പത്തിക വിദഗ്ധനും സിന്ധ് പ്രവിശ്യയിലെ മുഖ്യമന്ത്രിയുടെ മുൻ സാമ്പത്തിക ഉപദേഷ്ടാവുമായിരുന്ന ഡോ.
കൈസർ ബംഗാളിയാണ് ഒരു മാധ്യമ പ്രവർത്തകനുമായി നടത്തിയ പോഡ്കാസ്റ്റ് സംവാദത്തിൽ തുറന്നടിച്ചത്.
പാക്കിസ്ഥാനിൽ വമ്പൻ നിക്ഷേപവുമായി ചൈന ആസൂത്രണം ചെയ്ത ചൈന-പാക്കിസ്ഥാൻ സാമ്പത്തിക ഇടനാഴിയാണ് (സിപിഇസി) തുടർപ്രവർത്തനങ്ങളില്ലാതെ പാതിവഴിയിൽ നിലച്ചത്. തുടക്കത്തിൽ 46.5 ബില്യൻ ഡോളർ (ഏകദേശം 3.9 ലക്ഷം കോടി ഇന്ത്യൻ രൂപ) നിക്ഷേപമായിരുന്നു പദ്ധതിക്ക് വിലയിരുത്തിയത്.
പിന്നീടിത് 62 ബില്യനിലേക്ക് (6 ലക്ഷം കോടി രൂപ) ഉയർത്തി. ചൈനയിൽ നിന്നാരംഭിച്ച് പാക്കിസ്ഥാനിൽ ബലൂചിസ്ഥാൻ പ്രവിശ്യയോട് ചേർന്ന് ഗ്വാദർ തുറമുഖം വരെ നീളുന്നതാണ് പദ്ധതി.
ചൈനയുടെ വമ്പൻ നിക്ഷേപത്തിന് പുറമേ പാക്കിസ്ഥാൻ സർക്കാർ എടുക്കുന്ന വായ്പകളും കൂടിച്ചേരുന്നതാണ് പദ്ധതിയുടെ ഫണ്ടിങ്.
ഇതിൽ വായ്പവഴി പണം ഉറപ്പാക്കാൻ പാക്കിസ്ഥാന് കഴിഞ്ഞില്ല. രാജ്യത്ത് രാഷ്ട്രീയ അരക്ഷിതാവസ്ഥയും ചൈനീസ് പൗരന്മാർക്കെതിരെ അക്രമവും രൂക്ഷമാവുകയും ചെയ്തതോടെ ചൈന പിൻവലിഞ്ഞു.
പദ്ധതി തുലാസിലുമായി. സിപിഇസിയോട് ചേർന്ന പോർട്ട് ഖാസിം ഊർജ പദ്ധതിയിൽ നിന്ന് അടുത്തിടെ ഖത്തറും പിൻവാങ്ങിയിരുന്നു.
പാക്കിസ്ഥാൻ സർക്കാരിന്റെ കെടുകാര്യസ്ഥതയാണ് ഖത്തർ കമ്പനിയും ചൂണ്ടിക്കാട്ടിയത്.
സിപിസിഇ ഉൾപ്പെടെയുള്ള പദ്ധതികൾ കണ്ണിൽപൊടിയിടാനുള്ള രാഷ്ട്രീയ വാഗ്ദാനങ്ങൾ മാത്രമാണെന്ന് ഡോ. കൈസർ പറഞ്ഞു.
ആദ്യം അവർ സിപിഇസി എന്ന് പറഞ്ഞു. പിന്നെ, സ്പെഷൽ ഇൻവെസ്റ്റ്മെന്റ് ഫെസിലിറ്റേഷൻ കൗൺസിൽ (എസ്ഐഎഫ്സി) എന്ന മറ്റൊരു തട്ടിപ്പുമായി വന്നു.
ഗ്രീൻ ഇനീഷ്യേറ്റീവ്, ഉഡാൻ പാക്കിസ്ഥാൻ തുടങ്ങിയ പദ്ധതികളും പിന്നാലെ വന്നു. ഒന്നും നടന്നില്ല.
ഇപ്പോൾ പുതിയ അടവ് ‘അപൂർവ ധാതുക്കൾ’ (റെയർ എർത്ത്) ആണെന്നും ഡോ. കൈസർ പറഞ്ഞു.
കനിയണം താലിബാൻ
സിപിഇസി വ്യാപാര, വാണിജ്യ, ചരക്കുനീക്ക മേഖലകളിൽ പാക്കിസ്ഥാനും ചൈനയ്ക്കും പുത്തനുണർവ് സമ്മാനിക്കുമെന്നായിരുന്നു വാദങ്ങൾ.
ഇതൊക്കെ വെറുംവാക്കാണെന്നും ഡോ. കൈസർ അഭിപ്രായപ്പെട്ടു.
സിപിഇസിയുടെ ഭാഗമായ ഗ്വാദർ തുറമുഖം ചരക്കുനീക്കത്തിൽ പാക്കിസ്ഥാന് പുതിയ കുതിച്ചുചാട്ടം സമ്മാനിക്കുമെന്ന് രാഷ്ട്രീയ നേതാക്കൾ പറഞ്ഞു. കഴിഞ്ഞവർഷം അവിടെ ഒറ്റ കപ്പൽ പോലും വന്നില്ലെന്ന് ഓർക്കണം.
‘‘ബലൂചിസ്ഥാനിൽ എത്തിയപ്പോൾ ഞാൻ ഗ്വാദർ തുറമുഖം സന്ദർശിച്ചിരുന്നു.
അവിടെ ചെന്നപ്പോൾ ഗേറ്റ് പൂട്ടിയ നിലയിലായിരുന്നു. ചോദിച്ചപ്പോൾ ഗാർഡ് ഗ്രാമത്തിലെ വീട്ടിൽ പോയിരിക്കുകയാണത്രേ’’, ഡോ.
കൈസർ പറഞ്ഞു. ഗ്വാദർ മികച്ച സൗകര്യമുള്ള തുറമുഖമാണെന്ന് കാണിക്കാൻ വർഷങ്ങൾക്ക് മുൻപ് അവിടെ രണ്ട് കപ്പലുകളിൽ 200 കോടി രൂപ ചെലവിട്ട് ഗോതമ്പുകളിറക്കി.
പിന്നീട് ആ ഗോതമ്പുകൾ കറാച്ചി തുറമുഖത്തേക്ക് കൊണ്ടുപോയി. നേരിട്ട് കറാച്ചി തുറമുഖത്തുതന്നെ ഇറക്കിയിരുന്നെങ്കിൽ ആ 200 കോടി ലാഭിക്കാമായിരുന്നു.
നിലവിലെ അവസ്ഥയിൽ സിപിഇസിയും ഗ്വാദർ തുറമുഖവും പാക്കിസ്ഥാന് പ്രായോഗികമല്ലെന്നും അഫ്ഗാനിസ്ഥാന്റെ പിന്തുണ കൂടിയുണ്ടായാലേ പദ്ധതി പുനരുജ്ജീവിപ്പിക്കാനാകൂ എന്നും അദ്ദേഹം പറഞ്ഞു.
എളുപ്പം എത്തിപ്പെടാവുന്ന പ്രദേശമല്ലാത്തതിനാൽ ഗ്വാദറിന് ട്രാൻസിറ്റ് ഹബ്ബായി മാറുക പ്രയാസമാണ്. അതേസമയം, സമീപത്തെ അഫ്ഗാൻ പ്രവിശ്യകളുമായി കണക്റ്റിവിറ്റി ഉറപ്പാക്കിയാൽ ഈ പ്രശ്നം പരിഹരിക്കാം.
എന്നാൽ, അതിർത്തി സംഘർഷങ്ങളെ തുടർന്ന് അഫ്ഗാനിസ്ഥാനുമായുള്ള പാക്കിസ്ഥാന്റെ ബന്ധവും ഇപ്പോൾ വഷളാണ്.
ചൈനയുടെ ഉദ്ദേശ്യം വേറെ
വ്യാപാര, ചരക്കുനീക്ക രംഗത്ത് പാക്കിസ്ഥാനും ചൈനയ്ക്കും ഗുണകരമാകുന്ന വിധമാണ് സിപിഇസി ആവിഷ്കരിച്ചതെങ്കിലും ചൈനയുടെ ഉള്ളിലിരുപ്പ് വേറെയാണെന്നും ഡോ. കൈസർ ബംഗാളി അഭിപ്രായപ്പെട്ടു.
അറബിക്കടലിലെ ചരക്കുനീക്കത്തിൽ ഇന്ത്യയുടെ അപ്രമാദിത്തത്തിന് തടയിടാൻ ഗ്വാദർ സഹായിക്കുമെന്നായിരുന്നു പാക്കിസ്ഥാന്റെ പ്രതീക്ഷ.
എന്നാൽ, ചൈന മനസ്സിൽകണ്ടത് മറ്റൊന്നാണ്. ദക്ഷിണ ചൈനാക്കടലിൽ അയൽ രാജ്യങ്ങളുമായി ചൈന തർക്കത്തിലാണ്.
അവിടെ സംഘർഷങ്ങളുണ്ടായാൽ പിൻവാതിലെന്നോണം ഉപയോഗിക്കാനാണ് ചൈന ഗ്വാദറിനെ കാണുന്നത്. ചൈനയ്ക്ക് വ്യാപാരത്തിനേക്കാൾ മുഖ്യം ഗ്വാദറിനെ സൈനിക താവളമായി മാറ്റാനാണെന്നും ഡോ.
കൈസർ പറഞ്ഞു. ഗ്വാദറിന് സമീപം ഇറാനിലെ ചബഹാറിൽ ഇന്ത്യ വൻ നിക്ഷേപത്തോടെ സജ്ജമാക്കിയ തുറമുഖം പ്രവർത്തനക്ഷമമാണ്.
അഫ്ഗാൻ, ഇറാൻ, മധ്യേഷ്യൻ രാജ്യങ്ങൾ, റഷ്യ, യൂറോപ്പ് എന്നിവിടങ്ങളിലേക്ക് പാക്കിസ്ഥാനെ ആശ്രയിക്കാതെ കടക്കാനുള്ള ഇന്ത്യയുടെ തുറുപ്പുചീട്ട്. ചബഹാറിന് അടുത്തിടെ ട്രംപ് ഭരണകൂടം ഉപരോധത്തിൽ ഇളവും നൽകിയിരുന്നു.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

