എടത്വ ∙ കൃഷി ആരംഭിച്ച പാടശേഖരങ്ങളിൽ ഭീഷണിയായി വേലിയേറ്റം. കുട്ടനാട്ടിൽ നൂറുകണക്കിനു ഏക്കർ പാടശേഖരങ്ങളിലാണ് വിത ആരംഭിച്ചത്.
വേലിയേറ്റവും, രണ്ടു ദിവസങ്ങളിലായി ഉണ്ടായിട്ടുള്ള മഴയും വിതയ്ക്ക് ഭീഷണിയായിരിക്കുകയാണ്. വിത നടത്തി നാലുദിവസം ആയ പാടശേഖരങ്ങളിൽ ഉറവ വറ്റിച്ചാൽ മാത്രമേ വിത്ത് മുളച്ച് പൊങ്ങി വരികയുള്ളൂ.
ഈ സമയത്ത് നല്ല വെയിലും ലഭിക്കണം. വേലിയേറ്റം കാരണം നദികളിൽ ജലനിരപ്പ് ഉയർന്നു നിൽക്കുന്നതിനാൽ പാടത്ത് വെള്ളം നിറയുകയാണ്.
ഈ വെള്ളം മോട്ടർ പ്രവർത്തിപ്പിച്ച് പുറത്തേക്ക് ഒഴുക്കി കളയാൻ സാധിക്കുകയില്ല.
വേലിയിറക്ക സമയത്താണ് കർഷകർ വെള്ളം പുറത്തേക്ക് ഒഴുക്കി കളയാൻ ശ്രമം നടത്തുന്നത്. മോട്ടർ തറകളിൽ വെള്ളം നിറഞ്ഞു നിൽക്കുന്നതിനാൽ പെട്ടി മട
തകരുമോയെന്ന് ആശങ്കയും ഉണ്ട്. വിതച്ച നെല്ല് മുളയ്ക്കാതെ വന്നാൽ വീണ്ടും വിത്ത് ലഭിക്കാത്ത സ്ഥിതിയുമുണ്ട്.
കർഷകർ അമിതവില കൊടുത്ത് സ്വകാര്യ വ്യക്തികളുടെ കൈകളിൽ നിന്നു വാങ്ങിയാണ് വിത പൂർത്തിയാക്കുന്നതു തന്നെ. കൊയ്ത്തു നടന്നു വരുന്ന പാടശേഖരങ്ങൾക്കും ഭീഷണി നേരിടുന്നുണ്ട്.
ഉറവ കാരണം പാടത്ത് വെള്ളത്തിന്റെ അംശം ഉണ്ടാകുന്നതിനാൽ കൊയ്ത്ത് യന്ത്രം താഴുന്ന അവസ്ഥയുണ്ട്. ഒന്നര മണിക്കൂർ കൊണ്ട് കൊയ്തെടുക്കേണ്ട
നെല്ല് രണ്ടര മണിക്കൂറിലധികം സമയം എടുത്താൽ മാത്രമേ കൊയ്തെടുക്കാൻ സാധിക്കുന്നുള്ളൂ എന്നു കർഷകർ പറയുന്നു.
തണ്ണീർമുക്കം ബണ്ടിലെ ഷട്ടറുകൾ അടയ്ക്കും
മങ്കൊമ്പ് ∙ വേലിയേറ്റം നിയന്ത്രിക്കാൻ ജില്ലാ ഭരണകൂടം ഇടപെടും. തണ്ണീർമുക്കം ബണ്ടിലെ ഏതാനും ഷട്ടറുകൾ അടയ്ക്കാൻ അടിയന്തര നിർദേശം നൽകി.
ശക്തമായ വേലിയേറ്റം മൂലം കുട്ടനാട്ടിൽ 2 അടിയിലേറെ ജലനിരപ്പ് ഉയർന്നതു കർഷകരെ ദുരിതത്തിലാക്കിയെന്ന് മനോരമ വാർത്ത നൽകിയിരുന്നു.
കൂടുതൽ വെള്ളം തള്ളലുള്ള തണ്ണീർമുക്കത്തെ മധ്യഭാഗത്തെ ഏതാനും ഷട്ടറുകൾ ക്രമീകരിക്കാനാണ് എക്സിക്യൂട്ടീവ് എൻജിനീയർക്കു ജില്ലാ ഭരണകൂടം നിർദേശം നൽകിയത്. വൃശ്ചിക വേലിയേറ്റത്തിനൊപ്പം കിഴക്കൻ വെള്ളത്തിന്റെ വരവു ശക്തമായ തുടരുന്നതും പ്രതിസന്ധി രൂക്ഷമാക്കുന്നുണ്ട്.
കഴിഞ്ഞ 2 ദിവസമായി അതിശക്തമായ വേലിയേറ്റമാണുണ്ടായത്. പുലർച്ചെയാണു ജലനിരപ്പു ക്രമാതീതമായി ഉയരുന്നത്.
ഉച്ചയോടെ ജലനിരപ്പ് താഴുന്നുണ്ടെങ്കിലും ശക്തമായ വെള്ളം തള്ളുന്നതുമൂലമുള്ള സമ്മർദം താങ്ങാനാവാതെ പല പാടശേഖരങ്ങളുടെയും പുറംബണ്ടുകൾ തകരുമോ എന്ന ആശങ്കയാണു കർഷകർക്കുള്ളത്.
കഴിഞ്ഞദിവസമുണ്ടായ ശക്തമായ വേലിയേറ്റത്തിൽ വെളിയനാട് പഞ്ചായത്ത് പരിധിയിലെ 2 പാടശേഖരങ്ങളിൽ മട വീണിരുന്നു.
പല പാടശേഖരങ്ങളിലും പുറംബണ്ട് കവിഞ്ഞും ഉറവയായും പാടശേഖരത്തിലേക്കു വെള്ളം കയറി വിത നശിക്കുന്ന അവസ്ഥയുമുണ്ടായിരുന്നു. ഒട്ടുമിക്ക പാടശേഖരങ്ങളിലും വിതയിറക്കിയിട്ടു ദിവസങ്ങൾ മാത്രമാണു കഴിഞ്ഞത്.
വിതച്ച കൃഷിയിടത്തിൽ ഏറെ സമയം വെള്ളം കെട്ടിക്കിടന്നാൽ വിത്തു നശിക്കും. പുറംജലാശയത്തിൽ ജലനിരപ്പ് ഉയർന്നു നിൽക്കുന്നതിനാൽ സുഗമമായി പമ്പിങ് നടത്താൻ സാധിക്കാത്തതും പ്രതിസന്ധി രൂക്ഷമാക്കുന്നുണ്ട്
വിളവു നശിക്കാതിരിക്കാൻ കർഷകർ സ്വന്തം നിലയിൽ ബണ്ട് സംരക്ഷണം ഏറ്റെടുത്തിരിക്കുകയാണ്.
നിലവിൽ വെള്ളം കയറി വിത നശിച്ച ഭാഗത്തു മൂപ്പു കുറഞ്ഞ വിത്തു കൂടി വിതയ്ക്കാനായി വിത്ത് അന്വേഷിച്ചുള്ള ഓട്ടത്തിലാണു കർഷകർ. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

