തിരുവനന്തപുരം ∙ കഴിഞ്ഞ 5 വർഷം തിരുവനന്തപുരം കോർപറേഷൻ സ്വന്തമാക്കിയ നേട്ടങ്ങൾക്കു തുടർച്ചയുണ്ടാകണമെന്നും 2021ൽ സംസ്ഥാന തുടർഭരണം ഏൽപിച്ചതുപോലെ കോർപറേഷൻ തുടർഭരണം എൽഡിഎഫിനെ ഏൽപിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. എൽഡിഎഫ് കോർപറേഷൻ തിരഞ്ഞെടുപ്പു കൺവൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
5 വർഷംകൊണ്ടു 3000 കോടിയുടെ അടിസ്ഥാനസൗകര്യ വികസനമാണു കോർപറേഷൻ മാത്രം തിരുവനന്തപുരത്തു നടപ്പാക്കിയതെന്ന് അവകാശപ്പെട്ട
മുഖ്യമന്ത്രി കോർപറേഷൻ ഭരണസമിതിയുടെ കഴിഞ്ഞ 5 വർഷത്തെ നേട്ടങ്ങൾ ചൂണ്ടിക്കാട്ടി. ക്ഷേമ പെൻഷൻ വർധന കൈക്കൂലിയാണെന്നും ഈ ബാധ്യത ആരേറ്റെടുക്കുമെന്നാണു യുഡിഎഫ് ചോദിക്കുന്നതെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ പറഞ്ഞു.
സ്ത്രീകൾക്ക് മാസം തോറും സാമ്പത്തികാനുകൂല്യം നൽകുമെന്നു പ്രഖ്യാപിച്ചപ്പോൾ, 1000 രൂപ വെറുതേ കൊടുക്കുകയാണെന്നാണു പ്രതിപക്ഷം പ്രചരിപ്പിച്ചത്.
സ്ത്രീകൾ വീട്ടിൽ ചെയ്യുന്ന ജോലിക്കു മൂല്യമുണ്ടെന്നു പറഞ്ഞതു കോടതിയാണ്. ആ നിരീക്ഷണം പ്രകടനപത്രികയിൽ ഉൾപ്പെടുത്തുകയും നടപ്പാക്കുകയുമാണ് എൽഡിഎഫ് സർക്കാർ ചെയ്തതെന്നു ഗോവിന്ദൻ പറഞ്ഞു.
സിപിഎം ജില്ലാ സെക്രട്ടറി വി.ജോയ് അധ്യക്ഷത വഹിച്ചു.
സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, മന്ത്രി വി.ശിവൻകുട്ടി, മേയർ ആര്യ രാജേന്ദ്രൻ, എ.എ.റഹീം എംപി, എംഎൽഎമാരായ വി.കെ.പ്രശാന്ത്, ആന്റണി രാജു, കടകംപള്ളി സുരേന്ദ്രൻ, സിപിഐ ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണൻ, എം.വിജയകുമാർ, ആനാവൂർ നാഗപ്പൻ, ജയിൽകുമാർ തുടങ്ങിയവർ പ്രസംഗിച്ചു. 101 സ്ഥാനാർഥികളെയും വേദിയിൽ പരിചയപ്പെടുത്തി.
ആർഎസ്എസിന്റെ രാമനെയല്ല മാനിക്കുന്നതെന്നു ബിനോയ്
പള്ളി പൊളിച്ച് അമ്പലം പണിയാനായി ശാഠ്യം പിടിച്ച രാമനെ ഇന്ത്യയ്ക്ക് അറിയില്ലെന്നു സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം.
ഇന്ത്യയ്ക്ക് അറിയാവുന്ന രാമൻ ബിജെപി രാമനല്ല, മര്യാദാ പുരുഷോത്തമനായ വാല്മീകി രാമനാണ്. ആ രാമനെ മാനിക്കാൻ ഇടതുപക്ഷത്തിനറിയാം.
ആർഎസ്എസുകാർ വരച്ചുവയ്ക്കുന്ന രാമൻ, അധികാരക്കൊതി പൂണ്ട വർഗീയ ഭ്രാന്തിനു വേണ്ടി കെട്ടിച്ചമച്ചതാണ്.
ആർഎസ്എസിനു മതം എന്നതു ഭിന്നിപ്പിന്റെ വിത്തു പാകാനുള്ള ഉപാധിയാണ്. മതങ്ങൾ യാഥാർഥ്യമാണ്.
വിശ്വാസവും യാഥാർഥ്യമാണ്. ഇടതുപക്ഷം മതങ്ങളെ വെറുക്കുന്നവരല്ല.
മതബോധമുള്ളവരെയും കൂട്ടിപ്പിടിച്ചേ മുന്നോട്ടുപോകാനാകൂ. എന്നാൽ മതം വേറെ, മതഭ്രാന്ത് വേറെ– ബിനോയ് വിശ്വം പറഞ്ഞു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

