കൽപറ്റ ∙ ഉരുൾപൊട്ടൽ ദുരന്ത ബാധിതയ്ക്കു വീടു പണിയാൻ വായ്പ ശരിയാക്കാമെന്നു വിശ്വസിപ്പിച്ചു ലക്ഷങ്ങൾ തട്ടിയ തിരുനെല്ലി വെങ്ങാട്ട് വീട്ടിൽ ഇഗ്നേഷ്യസ് അരൂജയെ (55) പൊലീസ് പിടികൂടി. തിങ്കളാഴ്ച രാത്രി മാനന്തവാടിയിൽ നിന്നാണ് ഇയാളെ പിടികൂടിയത്. പരാതിക്കാരിയിൽ നിന്നു വായ്പയ്ക്കുള്ള പ്രോസസിങ് ചാർജായി 6,05,000 രൂപയാണ് ഇയാളും സംഘവും കവർന്നെടുത്തത്. ഒട്ടേറെ കേസുകളിലെ പ്രതിയാണ് ഇയാളെന്നു പൊലീസ് പറഞ്ഞു.
2 പേർ കൂടി പിടിയിലാകാനുണ്ട്.
2023 ഡിസംബറിലാണ് സംഭവം. പരാതിക്കാരി 2019ലെ പുത്തുമല ഉരുൾപൊട്ടൽ ദുരന്തത്തിലും 2024ലെ ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിലും ബാധിക്കപ്പെട്ടയാളാണ്.
ഹോട്ടലിൽ ജോലിക്കാരിയായ പരാതിക്കാരിയെ വീടുപണിക്ക് വായ്പ നൽകാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണു തട്ടിപ്പു നടത്തിയത്. പരാതിക്കാരിയെ ബെംഗളൂരുവിലെ സ്ഥാപനത്തിലെത്തിച്ചു സ്വന്തം സ്ഥാപനമാണെന്നു പറഞ്ഞു വിശ്വസിപ്പിച്ചു. തുടർന്നു പ്രോസസിങ് ചാർജ് എന്ന പേരിൽ കൽപറ്റയിൽ വച്ച് ആദ്യം 50000 രൂപ വാങ്ങി.
ശേഷം, 2 തവണകളിലായി 5,55,000 രൂപയും തട്ടിയെടുത്തു.
അയൽവാസികളിൽ നിന്നു സ്വർണാഭരണങ്ങൾ വാങ്ങി പണയം വച്ചാണ് പരാതിക്കാരി പണം കണ്ടെത്തിയത്. പണം തിരികെ ചോദിച്ചപ്പോൾ കൊല്ലുമെന്നു ഭീഷണിപ്പെടുത്തി.
തന്റെ വൃക്ക സഹോദരന് ദാനം ചെയ്തതിനാൽ പരാതിക്കാരി ആരോഗ്യ പ്രശ്നങ്ങളും നേരിടുന്നുണ്ട്. സബ് ഇൻസ്പെക്ടർ വിമൽ ചന്ദ്രന്റെ നേതൃത്വത്തിൽ സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ അനൂപ്, ഷജീർ, അരുൺരാജ്, മാനന്തവാടി സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ ജോയ്സ് ജോൺ, സിവിൽ പൊലീസ് ഓഫിസർ അരുൺ എന്നിവർ അടങ്ങുന്ന സംഘമാണ് ഇയാളെ പിടികൂടിയത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

