തിരുവനന്തപുരം ∙ കോർപറേഷൻ മുട്ടട വാർഡിലെ കോൺഗ്രസ് സ്ഥാനാർഥി വൈഷ്ണ സുരേഷിനെ വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കിയ സംഭവത്തിൽ ഹൈക്കോടതി നിർദേശ പ്രകാരം സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ തെളിവെടുപ്പ് നടത്തി.
വൈഷ്ണയുടെയും വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കാൻ പരാതി നൽകിയ സിപിഎം ബ്രാഞ്ച് അംഗം ധനേഷ് കുമാറിന്റെയും വാദം കേട്ട കമ്മിഷൻ, തീരുമാനം ഇന്ന് ഉച്ചയ്ക്കു മുൻപ് പ്രഖ്യാപിക്കുമെന്ന് ഇരു ഭാഗത്തെയും അറിയിച്ചു.
നിയമത്തിലും കമ്മിഷനിലും വിശ്വാസമുണ്ടെന്നും പ്രചാരണം തുടരുമെന്നും വൈഷ്ണ പറഞ്ഞു.
സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണർ എ.ഷാജഹാന്റെ ഓഫിസിൽ ഇന്നലെ വൈകിട്ട് 3ന് ആരംഭിച്ച ഹിയറിങ് രണ്ടര മണിക്കൂറോളം നീണ്ടു. വോട്ടർ പട്ടികയിൽ നിന്നു പേരു നീക്കം ചെയ്യുന്നതിനുള്ള നടപടിക്രമങ്ങളൊന്നും പാലിക്കാതെയാണ് ഇലക്ടറൽ റജിസ്ട്രേഷൻ ഓഫിസറും മറ്റ് അധികൃതരും പ്രവർത്തിച്ചതെന്ന് വൈഷ്ണയ്ക്കു വേണ്ടി ഹാജരായ അഡ്വ.മൃദുൽ ജോൺ മാത്യു കമ്മിഷനെ അറിയിച്ചു.
പരാതി നൽകിയ ധനേഷിന്റെ വീട്ടു നമ്പറിൽ 28 വോട്ടർമാരുടെ പേരുണ്ടെന്നു കമ്മിഷനെ വൈഷ്ണയുടെ അഭിഭാഷകൻ അറിയിച്ചെങ്കിലും അത് ഈ കേസുമായി നേരിട്ടു ബന്ധപ്പെടാത്തതിനാൽ പരിഗണിക്കുന്നില്ലെന്നും പരാതിയുണ്ടായിരുന്നെങ്കിൽ അതിനുള്ള സമയം അവസാനിക്കുന്നതിനു മുൻപു നൽകണമായിരുന്നെന്നും കമ്മിഷൻ അറിയിച്ചു.
തന്റെ വീട്ടുനമ്പറിലാണെങ്കിലും പരിസരത്തെ 10 വ്യത്യസ്ത വീടുകളിൽ താമസിക്കുന്നവരാണ് ആരോപണത്തിൽ ഉന്നയിക്കപ്പെടുന്ന വോട്ടർമാരെന്നു ധനേഷ് കുമാർ കമ്മിഷനെ അറിയിച്ചു. നൽകിയ പരാതിയിൽ ഉറച്ചുനിൽക്കുന്നുവെന്നും വർഷങ്ങളായി താമസമില്ലാത്ത വിലാസത്തിലാണു യുഡിഎഫ് സ്ഥാനാർഥി വോട്ടർ പട്ടികയിൽ ഉൾപ്പെടുകയും പാസ്പോർട്ട് ഉൾപ്പെടെയുള്ള രേഖകൾ ഉണ്ടാക്കുകയും ചെയ്തതെന്നും ധനേഷ് കുമാർ പറഞ്ഞു.
“കോർപറേഷനോ വോട്ടർ പട്ടികയിൽ നിന്നു പേര് നീക്കം ചെയ്ത മറ്റ് അധികാരികളോ ഇതുവരെ എന്റെ ഭാഗം കേൾക്കാൻ തയാറായില്ല.
തിരഞ്ഞെടുപ്പ് കമ്മിഷൻ വളരെ വ്യക്തമായി എന്റെ ഭാഗം കേട്ടു. പറയാനുള്ളതെല്ലാം അദ്ദേഹത്തെ അറിയിച്ചിട്ടുണ്ട്.
അനുകൂലമായ തീരുമാനം വരുമെന്നാണു പ്രതീക്ഷ.”
വൈഷ്ണ സുരേഷ്, യുഡിഎഫ് സ്ഥാനാർഥി
“യുഡിഎഫ് സ്ഥാനാർഥിയുടെ മാത്രമല്ല. വാർഡിൽ മരിച്ചുപോയവരും സ്ഥലംമാറി പോയവരും ഉൾപ്പെടെ ഏകദേശം 15 പേരുടെ പട്ടികയാണ് നീക്കം ചെയ്യാനായി നൽകിയത്.
അതിൽ പലതും ഇനിയും മാറ്റിയിട്ടുമില്ല.”
ധനേഷ് കുമാർ, പരാതിക്കാരൻ
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

