കോട്ടയം ∙ സെമിഫൈനൽ ലൈനപ്പായി. കോട്ടയത്തിന്റെ മത്സരചിത്രം തെളിഞ്ഞു.
നിയമസഭാ തിരഞ്ഞൈടുപ്പ് എന്ന ഫൈനലിനു മുന്നോടിയായുള്ള സെമി ഫൈനലായി കണക്കാക്കുന്ന ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർഥികളെ മുന്നണികൾ പ്രഖ്യാപിച്ചതോടെ ഇനി പോരാട്ടച്ചൂടിന്റെ ദിനങ്ങൾ.ജയം നിലനിർത്താൻ എൽഡിഎഫും കൈവിട്ടുപോയ കോട്ടയം തിരിച്ചു പിടിക്കാൻ യുഡിഎഫും മത്സരിക്കുമ്പോൾ സാന്നിധ്യം അറിയിക്കാൻ എൻഡിഎയും ശ്രമിക്കുന്നു.
കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തെച്ചൊല്ലിയുള്ള തർക്കത്തെ തുടർന്നുണ്ടായ സംഭവ വികാസങ്ങളിലാണു കേരള കോൺഗ്രസ് (എം) യുഡിഎഫിൽ നിന്നു പുറത്തു പോകുന്നതും പിന്നീട് എൽഡിഎഫിലേക്ക് എത്തുന്നതും. തുടർന്ന് നടന്ന കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ കോട്ടയം ജില്ലാ പഞ്ചായത്ത് എൽഡിഎഫ് പിടിച്ചെടുത്തു.
ഇത്തവണ രാഷ്ട്രീയ സാഹചര്യങ്ങൾ അനുകൂലമാണെന്നും ജില്ലാ പഞ്ചായത്ത് തിരിച്ചു പിടിക്കാൻ സാധിക്കുമെന്നുമാണു യുഡിഎഫിന്റെ കണക്കുകൂട്ടൽ.
ആത്മവിശ്വാസം ഇങ്ങനെ
∙ ഇരുപത്തിനാലുകാരിയെ വരെ ഉൾപ്പെടുത്തി എല്ലാ വിഭാഗങ്ങൾക്കും പ്രാധാന്യം നൽകിയുള്ള സ്ഥാനാർഥിപ്പട്ടിക ഗുണം ചെയ്യുമെന്നു യുഡിഎഫ്. ∙ പുതുമുഖങ്ങളെ അണിനിരത്തിയുള്ള പട്ടികയിൽ വിശ്വാസം അർപ്പിച്ച് എൽഡിഎഫ് പോരാട്ടം.
∙ വിവിധ ഡിവിഷനുകളിൽ ഇത്തവണ മികച്ച പോരാട്ടം നടത്തുമെന്ന് എൻഡിഎ.
∙ ജില്ലാ പഞ്ചായത്തിൽ ഇത്തവണ കൂടുതലായി ഒരു സീറ്റ് വന്നപ്പോൾ അത് നൽകിയത് എൽഡിഎഫിലെ മികച്ച പരിഗണനയെന്നു കേരള കോൺഗ്രസ് (എം). പൊതുസ്വതന്ത്രയ്ക്കായി മാറ്റിവച്ച സീറ്റിൽ ആളെ നിശ്ചയിക്കാൻ അധികാരം കിട്ടിയതോടെ ഫലത്തിൽ 10 സീറ്റ് തങ്ങൾക്കെന്ന് കേരള കോൺഗ്രസ് (എം) അവകാശ വാദം.
∙ കിട്ടിയ സീറ്റ് തിരിച്ചു നൽകിയെങ്കിലും ഒരു സീറ്റ് എന്ന ആവശ്യം അംഗീകരിച്ചതിൽ സന്തോഷം പ്രകടിപ്പിച്ച് മുസ്ലിം ലീഗ്.
∙ മുന്നണി വിജയത്തിനായി സീറ്റുകൾ വിട്ടുനൽകിയ നിലപാടിലൂടെ ഒറ്റക്കെട്ടെന്ന സന്ദേശം നൽകാനായെന്ന ആത്മവിശ്വാസം യുഡിഎഫ് ക്യാംപ് പങ്കുവയ്ക്കുന്നു
യുഡിഎഫ് ലൈനപ് 14–8– 1 (16–7)
കോൺഗ്രസ് 14, കേരള കോൺഗ്രസ് 8, മുസ്ലിം ലീഗ് 1 എന്ന നിലയിലാണ് യുഡിഎഫിലുണ്ടായ ധാരണ. എന്നാൽ ലീഗും കേരള കോൺഗ്രസും മുന്നണി വിജയസാധ്യത നോക്കി ഒരു സീറ്റ് കോൺഗ്രസിനു തിരിച്ചു നൽകിയതോടെ 16 സീറ്റിൽ കോൺഗ്രസ് മത്സരിക്കും.
കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 22 അംഗ ജില്ലാ പഞ്ചായത്തിൽ 14 സീറ്റിൽ കോൺഗ്രസും 8 സീറ്റിൽ കേരള കോൺഗ്രസുമാണ് മത്സരിച്ചത്.
എൽഡിഎഫ് ലൈനപ് 9–9–4–1
സിപിഎം, കേരള കോൺഗ്രസ് എന്നിവർ 9 സീറ്റിലും സിപിഐ 4 സീറ്റിലും സ്വതന്ത്ര സ്ഥാനാർഥി ഒരു സീറ്റിലും എന്ന നിലയിലാണു സീറ്റ് വിഭജനം നടത്തിയത്. കഴിഞ്ഞ തിരഞ്ഞെടുപ്പിലും പാർട്ടികൾ ഇതേ സീറ്റ് എണ്ണത്തിൽത്തന്നെ മത്സരിച്ചു.
ഇത്തവണ ഒരു ഡിവിഷൻ ജില്ലാ പഞ്ചായത്തിൽ വർധിച്ചപ്പോൾ ഒരു സീറ്റ് പൊതു സ്വതന്ത്ര സ്ഥാനാർഥിക്കായി മാറ്റി.
എൻഡിഎ ലൈനപ് 21–2
21 സീറ്റിൽ ബിജെപിയും 2 സീറ്റിൽ ബിഡിജെഎസുമാണ് മത്സരിക്കുന്നത്. ജനപക്ഷം ബിജെപിയിൽ ലയിച്ചപ്പോൾ ലഭിച്ച ഒരു അംഗം വഴി ആദ്യമായി ഇത്തവണത്തെ ജില്ലാ പഞ്ചായത്ത് ഭരണസമിതിയിൽ ബിജെപി സാന്നിധ്യം അറിയിച്ചിരുന്നു.
സ്ഥാനാർഥികളെ പ്രഖ്യാപിച്ച് യുഡിഎഫ്
കോട്ടയം ∙ ജില്ലാ പഞ്ചായത്തിലേക്കുള്ള സ്ഥാനാർഥികളെ പ്രഖ്യാപിച്ച് യുഡിഎഫ്.
20 ഡിവിഷനുകളിലേക്കുള്ള സ്ഥാനാർഥികളെയാണു പ്രഖ്യാപിച്ചത്. കോൺഗ്രസിന്റെ 13 സ്ഥാനാർഥികളെയും കേരള കോൺഗ്രസിന്റെ 7 സ്ഥാനാർഥികളെയുമാണു പ്രഖ്യാപിച്ചത്.
കുമരകം, കേരള കോൺഗ്രസ് വിട്ടുനൽകിയ വെള്ളൂർ, മുസ്ലിം ലീഗ് വിട്ടുനൽകിയ വൈക്കം ഡിവിഷനുകളിലേക്കുള്ള സ്ഥാനാർഥികളെ ഇന്നു പ്രഖ്യാപിക്കുമെന്നു ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ് പറഞ്ഞു. ബ്ലോക്ക്– ഗ്രാമപ്പഞ്ചായത്ത് സീറ്റ് വിഭജനവും പൂർത്തിയാക്കിയെന്നും എറ്റവും ശക്തരായ സ്ഥാനാർഥികളെയാണു രംഗത്തിറക്കുന്നതെന്നും യുഡിഎഫ് ജില്ലാ ചെയർമാൻ ഇ.ജെ.ആഗസ്തി, കൺവീനർ ഫിൽസൺ മാത്യൂസ് എന്നിവർ പറഞ്ഞു.
യുഡിഎഫ് സ്ഥാനാർഥികൾ കോൺഗ്രസ്
വാകത്താനം – ജോഷി ഫിലിപ്പ്, തലയാഴം – എം.
മുരളി നീണ്ടൂർ, കടുത്തുരുത്തി- ആൻ മരിയ ജോർജ്, ഉഴവൂർ -അനിത രാജു, പൂഞ്ഞാർ – ആർ.ശ്രീകല, മുണ്ടക്കയം– പി. ജീരാജ്, എരുമേലി – ആശാ ജോയി, പൊൻകുന്നം– അഭിലാഷ് ചന്ദ്രൻ, അയർക്കുന്നം – ഗ്രേസി കരിമ്പന്നൂർ, പുതുപ്പള്ളി – സിനി മാത്യു, കുറിച്ചി – ബെറ്റി റ്റോജോ, പാമ്പാടി – പി.എസ്.
ഉഷാകുമാരി, തലനാട് – ബിന്ദു സെബാസ്റ്റ്യൻ.
കേരള കോൺഗ്രസ്
അതിരമ്പുഴ – ജയ്സൺ ജോസഫ് ഒഴുകയിൽ, കുറവിലങ്ങാട് – ജോസ്മോൻ മുണ്ടയ്ക്കൽ, കിടങ്ങൂർ – ഡോ. മേഴ്സി ജോൺ മൂലക്കാട്ട്, ഭരണങ്ങാനം – ലൈസമ്മ ജോർജ് പുളിങ്കാട്, കാഞ്ഞിരപ്പള്ളി – തോമസ് കുന്നപ്പള്ളി, കങ്ങഴ – അജിത്ത് മുതിരമല, തൃക്കൊടിത്താനം – വിനു ജോബ്.
കെപിസിസി ജനറൽ സെക്രട്ടറി മുതൽ കെഎസ്യു ഭാരവാഹി വരെ
കോട്ടയം ∙ കെപിസിസി ജനറൽ സെക്രട്ടറി മുതൽ കെഎസ്യു ജില്ലാ ജനറൽ സെക്രട്ടറി വരെയുള്ളവരെ ഉൾപ്പെടുത്തി യുഡിഎഫിന്റെ ജില്ലാ പഞ്ചായത്ത് സ്ഥാനാർഥി പട്ടിക.
കെപിസിസി ജനറൽ സെക്രട്ടറി ജോഷി ഫിലിപ്പ് വാകത്താനത്ത് മത്സരിക്കും. കടുത്തുരുത്തി ഡിവിഷനിലെ ഇരുപത്തിനാലുകാരി ആൻ മരിയ ജോർജ് ജില്ലാ പഞ്ചായത്തിലേക്കു മത്സരിക്കുന്ന സംസ്ഥാനത്തു തന്നെയുള്ള ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാർഥികളിൽ ഒരാളാകും.
കെഎസ്യു ജില്ലാ സെക്രട്ടറിയാണ്.
കുമരകം, വൈക്കം, വെള്ളൂർ സീറ്റുകളാണ് ഇനി സ്ഥാനാർഥി പ്രഖ്യാപനം നടത്താനുള്ളത്. അടുത്ത തദ്ദേശ തിരഞ്ഞെടുപ്പിൽ ജില്ലാ പഞ്ചായത്ത് സീറ്റ് നൽകണമെന്ന വ്യവസ്ഥയിലാണ് കേരള കോൺഗ്രസും മുസ്ലിം ലീഗും വെള്ളൂർ, വൈക്കം സീറ്റുകൾ കോൺഗ്രസിനു വിട്ടു നൽകിയത്. വൈക്കത്ത് കെ.ബിനിമോനും വെള്ളൂരിൽ വിജയമ്മ ബാബുവും കോൺഗ്രസ് സ്ഥാനാർഥികളാകുമെന്നാണു വിവരം.
2 സ്ഥാനാർഥികളെക്കൂടി പ്രഖ്യാപിച്ച് ബിജെപി
കോട്ടയം ∙ ജില്ലാ പഞ്ചായത്തിലേക്കുള്ള രണ്ട് സ്ഥാനാർഥികളുടെ പേരുകൾകൂടി ബിജെപി പ്രഖ്യാപിച്ചു.
ബിജെപി വെസ്റ്റ് ജില്ലാ കമ്മിറ്റിയുടെ പരിധിയിലുള്ള വെള്ളൂരിൽ മഞ്ജു മഹേഷും അതിരമ്പുഴയിൽ വിദ്യാ വി.നായരും സ്ഥാനാർഥികളാകും. ബിജെപി മത്സരിക്കുന്ന ഉഴവൂർ, ബിഡിജെഎസ് മത്സരിക്കുന്ന കുമരകം, വൈക്കം ഡിവിഷനുകളിലെ സ്ഥാനാർഥികളെയാണ് ഇനി പ്രഖ്യാപിക്കാനുള്ളത്. ബിഡിജെഎസ് സ്ഥാനാർഥിപ്പട്ടിക ഇന്നു പ്രഖ്യാപിക്കുമെന്നു വെസ്റ്റ് ജില്ലാ പ്രസിഡന്റ് എം.പി.സെൻ പറഞ്ഞു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

