എരുമേലി ∙ മണ്ഡലകാല തീർഥാടനത്തിനായി ശബരിമലയിൽ നട തുറക്കുന്നതിനു മുന്നോടിയായി എരുമേലിയിൽ വൻ തീർഥാടക പ്രവാഹം.
ഇന്ന് വൃശ്ചികം ഒന്ന്. പതിനായിരക്കണക്കിനു തീർഥാടകരാണ് 2 ദിവസമായി എരുമേലിയിൽ എത്തി പേട്ടതുള്ളി ആചാര അനുഷ്ഠാനങ്ങളോടെ ശബരിമലയിലേക്ക് യാത്ര തിരിച്ചത്.
കെഎസ്ആർടിസി ഇന്നലെ വൈകിട്ടു വരെ 90 സർവീസുകളാണ് പമ്പയ്ക്ക് നടത്തി. തീർഥാടക വാഹനങ്ങളുടെ തിരക്കുമൂലം എരുമേലി നഗരത്തിലെ പാർക്കിങ് മൈതാനങ്ങൾ നിറഞ്ഞു.
ഗതാഗത നിയന്ത്രണങ്ങൾക്കും സുരക്ഷാ ക്രമീകരണങ്ങൾക്കും ആയി 500 പൊലീസ് ഉദ്യോഗസ്ഥരെയാണ് എരുമേലിയിലും ശബരിമല പാതയിലും നിയോഗിച്ചിട്ടുള്ളത്.
നഗരത്തിൽ ഒറ്റവരി ഗതാഗതം
∙എരുമേലി പേട്ടതുള്ളൽ പാതയിൽ ഇന്നലെ രാവിലെ മുതൽ ഒറ്റവരി ഗതാഗതം തുടങ്ങി. റാന്നി ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾ രാജാപ്പടിയിൽ നിന്ന് തിരിഞ്ഞ് കെഎസ്ആർടിസി, ടിബി റോഡ് വഴി ടൗണിൽ എത്തണം.
അതേ സമയം വലിയ വാഹനങ്ങൾ ഉൾപ്പടെ നഗരത്തിലൂടെ കടത്തി വിടുന്നത് ഗതാഗതക്കുരുക്കിനു കാരണമാകുന്നതായി പരാതിയുണ്ട്. വലിയ വാഹനങ്ങൾ കുറുവാമൂഴി വഴി തിരിച്ചുവിടണമെന്നു നാട്ടുകാരും ്യാപാരികളും ആവശ്യപ്പെടുന്നു.
രാസസിന്ദൂര വിൽപന
∙രാസസിന്ദൂരം വിൽപന പാടില്ലെന്ന് ഹൈക്കോടതി ഉത്തരവ് നിലനിൽക്കെ പല കടകളിലും ഇന്നലെ രാസസിന്ദൂരം വിൽപന നടത്തിയതായി ശബരിമല കർമ സമിതി ആരോപിച്ചു.
രാസസിന്ദൂരത്തിന്റെ വിൽപന നടത്തുന്നില്ലെന്ന് ഉദ്യോഗസ്ഥർ ഉറപ്പാക്കണമെന്നും ജൈവ സിന്ദൂരമാണ് വിൽപന നടത്തുന്നതെന്ന് പരിശോധിക്കാൻ എരുമേലിയിൽ സംവിധാനം ഒരുക്കണമെന്നും അയ്യപ്പസേവാ സമാജം സംസ്ഥാന സെക്രട്ടറി എസ്. മനോജ് ആവശ്യപ്പെട്ടു.
കാനന പാത ഇന്ന് തുറക്കും
എരുമേലി ∙ ശബരിമലയിലേക്കുള്ള പരമ്പരാഗത കാനന പാതയായ കോയിക്കക്കാവിലൂടെ ഇന്നു 6 മുതൽ തീർഥാടകരെ കടത്തി വിടും.
വൈകിട്ട് 5 വരെയാണ് ഇതുവഴി കടത്തി വിടുക. കടന്നു പോകുന്ന തീർഥാടകരുടെ എണ്ണം ഇവിടെ രേഖപ്പെടുത്തുന്നുണ്ട്.
എന്നാൽ അഴുതക്കടവിൽ നിന്ന് കാളകെട്ടിയിൽ എത്തുന്ന തീർഥാടകർ പ്രവേശിക്കുന്ന സമയം രാവിലെ 7 മുതൽ ഒരുമണി വരെയാണ്. ഇടുക്കി ജില്ലയിൽ ഉൾപ്പെട്ട
അഴുതക്കടവിൽ നിന്ന് തീർഥാടകരെ കടത്തി വിടുന്നത്. അതത് ജില്ലാ കലക്ടർമാരാണ് സമയ ക്രമം തീരുമാനിച്ച് നൽകുന്നത്.
മോട്ടർവാഹന വകുപ്പ് സേഫ് സോൺ
∙ തീർഥാടകരുടെ വാഹനങ്ങളുടെ സുരക്ഷയ്ക്കായി മോട്ടർ വാഹന വകുപ്പിന്റെ സേഫ് സോൺ പദ്ധതി ആരംഭിച്ചു.
മോട്ടർവാഹന വകുപ്പ് ഉദ്യോഗസ്ഥർ എല്ലാ പ്രധാന റോഡിലും സേവനം ലഭ്യമാക്കുന്നതാണ് സേഫ് സോൺ പദ്ധതി. എരുമേലി – കണമല, കണമല– എരുമേലി, എരുമേലി – പൊൻകുന്നം, എരുമേലി – മുണ്ടക്കയം, കണമല – അഴുത തുടങ്ങിയ റൂട്ടുകളിലാണ് 24 മണിക്കൂറും സേവനം ഉള്ളത്.
6 സ്ക്വാഡുകൾ ഇന്നു മുതൽ നിരത്തിലുണ്ടാവും. കൂടാതെ അടിയന്തര ഘട്ടങ്ങളിൽ പ്രവർത്തിക്കാൻ ദ്രുത കർമ സംഘം സജ്ജമാണ്.
എരുമേലി സേഫ് സോൺ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം കോട്ടയം എൻഫോഴ്സ്മെന്റ് ആർടിഒ കെ. ഷിബു നിർവഹിച്ചു.
തളിപ്പറമ്പ് ജോയിന്റ് ആർടിഒ ഷാനവാസ് കരീം, കാഞ്ഞിരപ്പള്ളി എംവിഐ ഷാജി വർഗീസ്, കൺട്രോളിങ് ഓഫിസർ എൻ.കെ. മനോജ് കുമാർ എന്നിവർ പ്രസംഗിച്ചു.
ഫോൺ : 9496367974.
റവന്യു കൺട്രോൾ റൂം
∙ എരുമേലി റവന്യു കൺട്രോൾ റൂമിന്റെ ഉദ്ഘാടനം കാഞ്ഞിരപ്പളളി തഹസിൽദാർ എ.എസ്. ബിജിമോൾ നിർവഹിച്ചു.
തഹസിൽദാർ ഭൂരേഖ തഹസിൽദാർ പി.എസ്. സുനിൽകുമാർ , ദേവസ്വം ബോർഡ് അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ എസ് സ്മിതൻ, ഡപ്യുട്ടി തഹസിൽദാർമാരായ വിനു സുകുമാർ, ജെ.
സിജു, എരുമേലി വില്ലേജ് ഓഫിസർ പി.ആർ. രാജേഷ് എന്നിവർ പങ്കെടുത്തു.
ശബരി ഓഡിറ്റോറിയത്തിലാണ് 24 മണിക്കൂറും പ്രവർത്തിക്കുന്ന റവന്യു കൺട്രോൾ റൂം പ്രവർത്തിക്കുന്നത്. ഫോൺ: 04828211542.
മുറികൾ വിട്ടുനൽകി
∙കെഎസ്ആർടിസി സ്റ്റാൻഡിന് അടുത്ത് ദേവസ്വം ബോർഡ് കെട്ടിടത്തിൽ തന്നെ രണ്ടു മുറികൾ ഡിപ്പോയുടെ പ്രവർത്തനത്തിനായി ദേവസ്വം ബോർഡ് തുറന്നു നൽകി.
ഡിപ്പോ കെട്ടിടം അപകടാവസ്ഥയിൽ ആയതിനെ തുടർന്ന് കെഎസ്ആർടി എംപ്ലോയീസ് അസോസിയേഷന്റെ ആവശ്യത്തെ തുടർന്നാണ് നടപടി. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ ദേവസ്വം പ്രസിഡന്റുമായി ചർച്ച നടത്തിയതിനെ തുടർന്നാണ് മുറി അനുവദിക്കാൻ തീരുമാനമായത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

