കോട്ടയം ∙ മണ്ഡല– മകരവിളക്കു തീർഥാടന കാലത്തിനു തുടക്കമായതോടെ ജില്ലയിലെ ശബരിമല ഇടത്താവളങ്ങളിലും പ്രധാന ക്ഷേത്രങ്ങളിലും ശബരിമല തീർഥാടകർക്കു വിപുലമായ സൗകര്യങ്ങൾ ഏർപ്പെടുത്തി.
ഏറ്റുമാനൂർ
ഏറ്റുമാനൂർ മഹാദേവക്ഷേത്രത്തിൽ 500 പേർക്ക് വിരി വയ്ക്കാനുള്ള സംവിധാനം കൈലാസ് ഓഡിറ്റോറിയത്തിൽ ഒരുക്കിയിട്ടുണ്ട്. ക്ഷേത്ര കല്യാണ മണ്ഡപത്തിൽ താൽക്കാലികമായി ചിറപ്പ് മണ്ഡപവും സജ്ജമാക്കി.
ഇന്നുമുതൽ 24 മണിക്കൂറും മണ്ഡലകാലത്തു പൊലീസിന്റെ സേവനം ക്ഷേത്രത്തിൽ ഉണ്ടാകും. അന്നദാനവും ക്രമീകരിച്ചു.
ക്ഷേത്ര മൈതാനത്ത് വിപുലമായ പാർക്കിങ് സൗകര്യം ഏർപ്പെടുത്തി. ആംബുലൻസ് സംവിധാനം, മെഡിക്കൽ ക്ലിനിക്, അഗ്നിരക്ഷാ യൂണിറ്റിന്റെ സേവനം എന്നിവ ഉറപ്പാക്കി.
വൈക്കം
വൈക്കം മഹാദേവ ക്ഷേത്രത്തിൽ ദർശനത്തിനെത്തുന്ന അയ്യപ്പഭക്തർക്ക് ദർശനം നടത്തുന്നതിനും വഴിപാടുകൾ നടത്തുന്നതിനും പ്രത്യേക ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.
ഊട്ടുപുരയിൽ 250 അയ്യപ്പഭക്തർക്ക് വിരിവയ്ക്കാൻ സൗകര്യം ഒരുക്കും. പ്രാതലിനും അത്താഴ ഊട്ടിനും പരിഗണന നൽകും.
വടക്കേനടയിലെ പാർക്കിങ് ഗ്രൗണ്ടിലെ പോരായ്മകൾ പരിഹരിച്ചിട്ടുണ്ട്.
തിരുനക്കര
ഒരേസമയം 500 ഭക്തർക്ക് വിരിവയ്ക്കുന്നതിനുള്ള സൗകര്യം ദേവസ്വം ബോർഡ് തിരുനക്കര മഹാദേവ ക്ഷേത്രത്തിൽ ഒരുക്കിയിട്ടുണ്ട്. ക്ഷേത്ര മൈതാനത്തെ ശിവശക്തി ഓഡിറ്റോറിയത്തിലാണ് വിരിപ്പന്തൽ.
അയ്യപ്പഭക്തരുടെ വാഹനങ്ങൾ ക്ഷേത്രമൈതാനത്ത് പാർക്ക് ചെയ്യാനുള്ള സൗകര്യമുണ്ട്. കെട്ടുനിറയ്ക്കുന്നതിനായി 5 ഗുരുസ്വാമിമാരുടെ സേവനം അയ്യപ്പനടയിൽ ഏർപ്പെടുത്തി.
മൈതാനത്ത് പൊലീസ് – മെഡിക്കൽ എയ്ഡ്പോസ്റ്റ്, ചുക്കുവെള്ള വിതരണം, ഇൻഫർമേഷൻ സെന്റർ എന്നിവ പ്രവർത്തനമാരംഭിച്ചു.
മള്ളിയൂർ
മള്ളിയൂർ മഹാഗണപതി ക്ഷേത്രത്തിൽ ഒരുക്കങ്ങൾ പൂർത്തിയായി. ഇന്നു മുതൽ ജനുവരി 15 വരെ രാവിലെ 6.30 മുതൽ രാത്രി 11.30 വരെ അന്നദാനം ഉണ്ടായിരിക്കും.
വാഹനങ്ങൾക്കു പാർക്കിങ് സൗകര്യം, തീർഥാടകർക്കു വിരിവയ്ക്കാനുള്ള സൗകര്യം, ആരോഗ്യ വകുപ്പിന്റെ സേവനം തുടങ്ങിയവ ലഭ്യമാണ്. ക്ഷേത്രത്തിൽ ദർശനസമയത്തിൽ മാറ്റം വരുത്തിയിട്ടുണ്ട്.
പുലർച്ചെ 4.30 മുതൽ ഉച്ചയ്ക്ക് ഒന്ന് വരെയും വൈകിട്ട് 4.30 മുതൽ 8.30 വരെയും ദർശനസൗകര്യം ഉണ്ടായിരിക്കും.
ചിറക്കടവ്
മണ്ഡല മകരവിളക്കു കാലത്ത് ചിറക്കടവ് മഹാദേവ ക്ഷേത്രത്തിലെ ഇടത്താവളത്തിൽ ശബരിമല തീർഥാടകർക്ക് 24 മണിക്കൂറും അന്നദാനം ഉണ്ടാകും. തീർഥാടകർക്ക് വിരിവയ്ക്കാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.
ശുചിമുറി പാർക്കിങ് സൗകര്യം എന്നിവയും ഉണ്ട്. ചിറക്കടവ് മണക്കാട്ട് ഭദ്രാക്ഷേത്രത്തിലും തീർഥാടകർക്കു സൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.
രാവിലെ 10.30 മുതൽ ഉച്ചകഴിഞ്ഞ് 3 വരെ അന്നദാനം. വിരിവയ്ക്കൽ, ശുചിമുറി, പാർക്കിങ് സൗകര്യം എന്നിവയും ഉണ്ടാകും.
കടപ്പാട്ടൂർ
കടപ്പാട്ടൂർ മഹാദേവ ക്ഷേത്രത്തിൽ തീർഥാടകർക്ക് വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനും വിരിവയ്ക്കുന്നതിനും പ്രാഥമികാവശ്യങ്ങൾ നിർവഹിക്കുന്നതിനും വിപുലമായ സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ദേവപ്രസാദമായ അരവണയും അപ്പവും ലഭ്യമാക്കുന്നതിന് 24 മണിക്കൂറും വഴിപാട് കൗണ്ടർ പ്രവർത്തിക്കും.
തീർഥാടന സമയത്ത് രാവിലെ 9.30 മുതലും വൈകിട്ട് 7 മുതലും അന്നദാനവുമുണ്ട്. തീർഥാടകർക്ക് ആയുർവേദം, ഹോമിയോ, അലോപ്പതി ഡിസ്പെൻസറികളും 24 മണിക്കൂർ ആംബുലൻസ്, പൊലീസ് സേവനവും ഏർപ്പെടുത്തിയിട്ടുണ്ട്.
ഇളംപള്ളി
പള്ളിക്കത്തോട് ഇളംപള്ളി ശ്രീധർമശാസ്താ ക്ഷേത്രത്തിൽ വിരിവയ്ക്കുന്നതിനുള്ള വിരിപ്പന്തൽ നിർമാണം പൂർത്തിയായി.
300 പേർക്കുവരെ ക്ഷേത്രത്തിൽ വിശ്രമത്തിനു സൗകര്യമുണ്ട്.
തീർഥാടകർക്ക് കെഎസ്ആർടിസി സർവീസ് 44 ബസുകൾ, 88 ജീവനക്കാർ
കോട്ടയം ∙ ശബരിമല തീർഥാടകർക്കായി കെഎസ്ആർടിസി കോട്ടയം ഡിപ്പോയിൽ നിന്നും റെയിൽവേ സ്റ്റേഷനിൽ നിന്നും സർവീസുകൾ നടത്താൻ 44 ബസുകളും 88 ജീവനക്കാരെയും അനുവദിച്ചു. റെയിൽവേ സ്റ്റേഷനു മുന്നിൽ കെഎസ്ആർടിസി കൗണ്ടർ തുറന്ന് 3 ജീവനക്കാരെയും സ്പെഷൽ ഓഫിസറെയും വിന്യസിച്ചു.
സർവീസിനായി 38 കെഎസ്ആർടിസി ബസുകൾ ഇന്നലെ കോട്ടയത്ത് എത്തിച്ചു. 6 ബസുകൾ ഇന്ന് എത്തുമെന്നു ഡിപ്പോ അധികൃതർ പറഞ്ഞു.
പമ്പയിലേക്കും എരുമേലിയിലേക്കും എത്തുന്ന തീർഥാടകർ ബസിൽ നിറയുന്നത് അനുസരിച്ചാണ് യാത്ര ആരംഭിക്കുന്നത്. റെയിൽവേ സ്റ്റേഷനിൽ എത്തുന്ന തീർഥാടകർക്കു പമ്പയിലേയ്ക്കും എരുമേലിയിലേക്കും പോകാനായി പ്രത്യേകം 2 ബസുകൾ വീതം ക്രമീകരിച്ചിട്ടുണ്ട്.
തീർഥാടകരുടെ കുറവ് നേരിട്ടാൽ റെയിൽവേ സ്റ്റേഷനിൽ നിന്നുള്ള ബസ് കെഎസ്ആർടിസി ഡിപ്പോയിയിലെത്തിയും തീർഥാടകരെ കയറ്റും. തീർഥാടകർ ബസിൽ നിറഞ്ഞാൽ റെയിൽവേ സ്റ്റേഷനിൽ നിന്നു നേരിട്ട് പമ്പയിലേക്കും എരുമേലിയിലേക്കും പുറപ്പെടും.
തിരുനക്കര ക്ഷേത്രം– പമ്പ
തിരുനക്കര ക്ഷേത്രത്തിൽ നിന്നു പമ്പയിലേക്ക് തീർഥാടകർക്കു പോകാനായി കെഎസ്ആർടിസി ക്രമീകരണം ഒരുക്കി.
ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിൽ നിന്നു ദിവസവും ദീപാരാധനയ്ക്കു ശേഷം പമ്പ ബസ് സർവീസ് ഉണ്ടായിരിക്കുമെന്നു കോട്ടയം ഡിപ്പോ അറിയിച്ചു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

