കൊച്ചി∙ വിദ്യാർഥികളുടെ വിനോദയാത്ര റദ്ദാക്കിയതിനെ തുടർന്ന് തുക തിരികെ നൽകാത്ത ടൂർ ഓപ്പറേറ്റർക്ക് വൻ തുക പിഴവിധിച്ച് ഉപഭോക്തൃ തർക്ക പരിഹാര കോടതി. തേവര സേക്രഡ് ഹാർട്ട് കോളജിലെ വിദ്യാർഥികളിൽ നിന്ന് കൈപ്പറ്റിയ മുൻകൂർ തുക തിരികെനൽകാതിരുന്ന എറണാകുളം കലൂരിലെ ഒരു സ്ഥാപനത്തിനാണ് ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കോടതി 1.25 ലക്ഷം രൂപ പിഴവിധിച്ചത്.
ബി.എസ്സി ഫിസിക്സ് വിദ്യാർഥിയായ പരാതിക്കാരനും 37 സഹപാഠികളും ബെംഗളൂരു-ഗോവ യാത്രയാണ് നിശ്ചയിച്ചിരുന്നത്.
2023 ഫെബ്രുവരി 22 മുതൽ 26 വരെ ഗോവയിലേക്കും ദണ്ഡേലിയിലേക്കും യാത്രപോകാനായിരുന്നു ഇവർ ടൂർ ഓപ്പറേറ്ററെ സമീപിച്ചത്. 41 പേർക്കുള്ള യാത്രാച്ചെലവ് ആകെ 2.07 ലക്ഷം രൂപയായിരുന്നു.
അധ്യാപകർക്ക് വാഗ്ദാനം ചെയ്തിരുന്നത് സൗജന്യയാത്രയുമായിരുന്നു. ഇതുപ്രകാരം വിദ്യാർഥി ഒരുലക്ഷം രൂപ മുൻകൂർ അടച്ചു.
എന്നാൽ, റെയിൽവേ ട്രെയിനുകൾ റദ്ദാക്കിയതിനാൽ യാത്ര മുടങ്ങി.
ബദൽ ടിക്കറ്റുകളും കിട്ടാതിരുന്നതിനാൽ യാത്ര പൂർണമായും റദ്ദായി. ഇതോടെ മുൻകൂർ അടച്ചതുക വിദ്യാർഥി തിരികെ ആവശ്യപ്പെട്ടു.
2023 ജൂണിൽ തുക തിരികെ നൽകാമെന്ന് ടൂർ ഓപ്പറേറ്റർ സമ്മതിച്ചെങ്കിലും പിന്നീട് ഒഴിഞ്ഞുമാറി. നിരവധി തവണ ആവശ്യപ്പെട്ടിട്ടും തുക നൽകാൻ തയാറായില്ല.
ഇതോടെ വിദ്യാർഥി ഉപഭോക്തൃ തർക്ക പരിഹാര കോടതിയെ സമീപിക്കുകയായിരുന്നു.
സേവനം നൽകാത്തതിനാൽ പണം തിരികെ നൽകാമെന്ന് വാഗ്ദാനം ചെയ്തിട്ടും പാലിക്കാതിരുന്നത് ഉപഭോക്തൃ സംരക്ഷണ നിയമത്തിന്റെ ലംഘനവും അന്യായമായ വ്യാപാരരീതിയാണെന്നും കോടതി നിരീക്ഷിച്ചു. തുടർന്നാണ് വിദ്യാർഥിയിൽനിന്ന് വാങ്ങിയ ഒരുലക്ഷം രൂപയ്ക്ക് പുറമേ പിഴയായി കോടതിച്ചെലവ് ഉൾപ്പെടെ 25,000 രൂപ കൂടി നൽകാൻ ഡി.ബി.
ബിനു അധ്യക്ഷനും വി. രാമചന്ദ്രൻ, ടി.എൻ.
ശ്രീവിദ്യ എന്നിവർ അംഗങ്ങളുമായ ബെഞ്ച് വിധിച്ചത്. 45 ദിവസത്തിനകം തുക തിരികെനൽകാനാണ് ഉത്തരവ്.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

