ഹരിപ്പാട് ∙ കാർത്തികപ്പള്ളി–തൃക്കുന്നപ്പുഴ റോഡിൽ സ്ലാബ് ഇടിഞ്ഞ് രൂപപ്പെട്ട ഗർത്തത്തിനു ദിവസങ്ങൾക്കുശേഷം സുരക്ഷാമുന്നറിയിപ്പു നൽകി അധികൃതർ.
ഗതാഗത തിരക്കേറിയ റോഡിനു കുറുകെയുള്ള ഓടയുടെ സ്ലാബ് ഇടിഞ്ഞ് ഗർത്തം രൂപപ്പെട്ടിട്ടു 4 ദിവസം പിന്നിട്ടു. ഗർത്തം അപകടഭീഷണി ഉയർത്തിയതിനെ തുടർന്ന് നാട്ടുകാർ ചുവന്ന തുണിയും മരക്കമ്പും വച്ച് മുന്നറിയിപ്പ് നൽകിയിരുന്നു.
ഇതേത്തുടർന്ന് പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി അപകട സൂചന നൽകുന്ന സംവിധാനങ്ങൾ ഏർപ്പെടുത്തുകയായിരുന്നു.
തകർന്ന സ്ലാബ് മാറ്റി പുതിയത് സ്ഥാപിക്കാൻ ഒരാഴ്ചത്തെ സമയം എടുക്കുന്നതിനാലാണ് താൽക്കാലിക നടപടി.
ഗർത്തത്തിനു നാലു വശവും കെട്ടിയടച്ച് അപകട മുന്നറിയിപ്പ് ബോർഡ് സ്ഥാപിച്ചു.
റോഡിനു കുറുകെയുള്ള ഓടയുടെ ഒരു മീറ്റർ നീളമുള്ള സ്ലാബ് ഇടിഞ്ഞാണ് വലിയ കുഴി ഉണ്ടായത്. ഭാരം കയറ്റിയ ഏതോ വാഹനം കടന്നു പോയപ്പോൾ തകർന്നതാണെന്നാണ് പറയുന്നത്. 50 വർഷത്തോളം പഴക്കമുള്ളതാണ് ഓട.
റോഡിനു വീതികൂട്ടി നവീകരിച്ചപ്പോഴും മുകളിലുള്ള സ്ലാബുകൾ മാറ്റിയിരുന്നില്ല. രാത്രികാലങ്ങളിൽ ഇവിടെ അപകടസാധ്യത കൂടുതലാണെന്നു നാട്ടുകാർ പറഞ്ഞു.
എതിരെ വരുന്ന വാഹനങ്ങളുടെ വെളിച്ചത്തിൽ മുന്നറിയിപ്പു സംവിധാനങ്ങൾ പലപ്പോഴും കാണാൻ കഴിയാറില്ല. ഉടൻ ഓടയുടെ മുകളിലെ തകർന്ന സ്ലാബ് മാറ്റി അപകടം ഒഴിവാക്കണമെന്ന് യാത്രക്കാർ ആവശ്യപ്പെട്ടു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

