റിയാദ്: സൗദി അറേബ്യയിൽ വെള്ളി മുതൽ ചൊവ്വ വരെ വിവിധ പ്രവിശ്യകളിൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. രാജ്യത്ത് അസ്ഥിരമായ കാലാവസ്ഥ പ്രതീക്ഷിക്കുന്നതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു.
ഇടിമിന്നലിനും വെള്ളപ്പൊക്കത്തിനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് തുടങ്ങി ഞായറാഴ്ച വരെ കാലാവസ്ഥ കൂടുതൽ രൂക്ഷമായേക്കാം.
മക്ക, മദീന, ജിദ്ദ, തബൂക്ക്, അൽ ജൗഫ്, വടക്കൻ അതിർത്തി മേഖല, ഹായിൽ, അൽ ഖാസിം, റിയാദ്, കിഴക്കൻ പ്രവിശ്യ, അൽ ബഹ, അസിർ, ജിസാൻ എന്നീ 13 പ്രവിശ്യകളിലാണ് പ്രധാനമായും മഴ മുന്നറിയിപ്പ് നൽകിയിട്ടുള്ളത്. ജാഗ്രതാ നിർദ്ദേശങ്ങൾ കാലാവസ്ഥാ കേന്ദ്രത്തിൽ നിന്നുള്ള ഔദ്യോഗിക അറിയിപ്പുകൾ കൃത്യമായി പിന്തുടരണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.
വെള്ളപ്പൊക്ക സാധ്യതയുള്ളതിനാൽ താഴ്വരകളിൽ നിന്നും നീർച്ചാലുകളിൽ നിന്നും വിട്ടുനിൽക്കണം. മഴ ശക്തമാകുമ്പോൾ ദൂരക്കാഴ്ച കുറയുമെന്നതിനാൽ വാഹനമോടിക്കുന്നവർ അതീവ ജാഗ്രത പുലർത്തണമെന്നും നിർദ്ദേശമുണ്ട്.
തീരദേശ, മലയോര മേഖലകളിലുള്ളവർ സിവിൽ ഡിഫൻസിന്റെ സുരക്ഷാ മാർഗ്ഗനിർദ്ദേശങ്ങൾ കർശനമായി പാലിക്കണം. ഓരോ പ്രദേശത്തും മഴയുടെ തീവ്രതയിൽ വ്യത്യാസമുണ്ടാകാം.
ശക്തമായ മഴ ചിലയിടങ്ങളിൽ വെള്ളക്കെട്ടിനും ഗതാഗത തടസ്സങ്ങൾക്കും കാരണമായേക്കാമെന്നും കാലാവസ്ഥാ കേന്ദ്രം ഓർമ്മിപ്പിച്ചു. ഏത് അടിയന്തര സാഹചര്യവും നേരിടാൻ എല്ലാ സർക്കാർ വകുപ്പുകളും പൂർണ്ണ സജ്ജമാണെന്നും അധികൃതർ വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

