കേരളം ആസ്ഥാനമായ ബാങ്കിതര ധനകാര്യ സ്ഥാപനവും (എൻബിഎഫ്സി) ഇന്ത്യയിലെ ഏറ്റവും വലിയ സ്വർണപ്പണയ സ്ഥാപനവുമായ മുത്തൂറ്റ് ഫിനാൻസിന്റെ ഓഹരികളിൽ വൻ മുന്നേറ്റം. ഇന്നത്തെ വ്യാപാരം ഉച്ചയ്ക്കത്തെ സെഷനിലേക്ക് കടന്നപ്പോൾ ഓഹരിവിലയുള്ളത് എൻഎസ്ഇയിൽ 9.27% നേട്ടവുമായി 3,708 രൂപയിൽ.
ഒരുവേള ഓഹരി 10 ശതമാനത്തിലധികം കുതിച്ച് സർവകാല ഉയരമായ 3,755 രൂപയിൽ എത്തിയിരുന്നു. വിപണിമൂല്യം ചരിത്രത്തിലാദ്യമായി അപ്പോൾ 1.50 ലക്ഷം കോടി രൂപയും കടന്നു.
കേരളത്തിൽനിന്ന് ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്ത കമ്പനിയിൽ ഒന്നരലക്ഷം കോടി രൂപയെന്ന വിപണിമൂല്യം തൊട്ട
ഏക കമ്പനിയാണ് മുത്തൂറ്റ് ഫിനാൻസ്. മറ്റൊരു കേരളക്കമ്പനിയും ഒരുലക്ഷം കോടി രൂപയെന്ന നാഴികക്കല്ലുപോലും ഇതുവരെ കടന്നില്ല.
ഇന്നത്തെ വ്യാപാരപ്രകാരം ഫാക്ട് ആണ് രണ്ടാംസ്ഥാനത്തുള്ളത്; വിപണിമൂല്യം 58,915 കോടി രൂപ. ഫെഡറൽ ബാങ്ക് 58,107 കോടി രൂപയുമായി ഫാക്ടിന് തൊട്ടടുത്തുണ്ട്.
ഏതാനും മാസങ്ങൾക്ക് മുൻപുവരെ ഫാക്ടും കൊച്ചിൻ ഷിപ്പ്യാർഡും മുത്തൂറ്റ് ഫിനാൻസിന് വെല്ലുവിളി ഉയർത്തിയിരുന്നു.
എന്നാൽ, മുത്തൂറ്റ് ഫിനാൻസ് കുതിപ്പ് തുടർന്നപ്പോൾ ഫാക്ടും കൊച്ചിൻ ഷിപ്പ്യാർഡും പിന്നോട്ടിറങ്ങി. നിലവിൽ കൊച്ചിൻ ഷിപ്പ്യാർഡിന്റെ വിപണിമൂല്യം 45,852 കോടി രൂപയാണ്.
മാസങ്ങൾക്ക് മുൻപ് ഇതു 70,000 കോടി രൂപ കടന്നിരുന്നു. 51,286 കോടി രൂപയാണ് കല്യാൺ ജ്വല്ലേഴ്സിന്റെ ഇന്നു ഉച്ചവരെയുള്ള വ്യാപാരപ്രകാരം വിപണിമൂല്യം.
ഇക്കഴിഞ്ഞ ജൂലൈ-സെപ്റ്റംബർ ത്രൈമാസത്തിലെ പ്രവർത്തനഫലം മികച്ചതാക്കിയതാണ് മുത്തൂറ്റ് ഫിനാൻസിന്റെ ഓഹരികൾ ആഘോഷമാക്കുന്നത്.
സ്വർണവില വർധനയും അതേ തുടർന്ന് സ്വർണപ്പണയ വായ്പകൾക്ക് ലഭിച്ച വൻ ഡിമാൻഡും മുത്തൂറ്റ് ഫിനാൻസിന് നേട്ടമായി. വരുമാനം സെപ്റ്റംബർപാദത്തിൽ വാർഷികാടിസ്ഥാനത്തിൽ 87.4% കുതിച്ചു.
പാദാടിസ്ഥാനത്തിൽ ഏപ്രിൽ-ജൂണിനേക്കാൾ 14.6 ശതമാനവും ഉയർന്നു. അറ്റ പലിശ വരുമാനം (എൻഐഐ) വാർഷികാടിസ്ഥാനത്തിൽ 58.5 ശതമാനവും പാദാടിസ്ഥാനത്തിൽ 14.9 ശതമാനവും ഉയർന്നതും നേട്ടമായി.
∙ മുത്തൂറ്റ് ഫിനാൻസിന്റെ ഉപകമ്പനികളെ കൂടാതെയുള്ള വായ്പാ ആസ്തി (സ്റ്റാൻഡ്എലോൺ ലോൺ അസറ്റ്സ് അണ്ടർ മാനേജ്മെന്റ്/എയുഎം) 1.32 ലക്ഷം കോടി രൂപയെന്ന എക്കാലത്തെയും ഉയരത്തിലാണുള്ളത്.
∙ സ്വർണപ്പണയ വായ്പാ ആസ്തി (ഗോൾഡ് ലോൺ എയുഎം) 1.24 ലക്ഷം കോടി രൂപയെന്ന റെക്കോർഡിലുമെത്തി.
∙ ഉപകമ്പനികളെയും ചേർത്തുള്ള സംയോജിത വായ്പാ ആസ്തി (കൺസോളിഡേറ്റഡ് എയുഎം) ചരിത്രത്തിലെ ഏറ്റവും ഉയരമായ 1.47 ലക്ഷം കോടി രൂപയാണ്.
∙ കടപ്പത്രങ്ങൾ (എൻസിഡി) പുറത്തിറക്കി 35,000 കോടി രൂപ സമാഹരിക്കാൻ കമ്പനി തീരുമാനിച്ചിട്ടുണ്ട്.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
(Disclaimer: ഈ ലേഖനം ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട്/ക്രിപ്റ്റോകറൻസി മുതലായവ വാങ്ങാനോ വില്ക്കാനോ ഉള്ള നിര്ദേശമോ ഉപദേശമോ അല്ല.
ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട് മുതലായ നിക്ഷേപങ്ങൾ വിപണിയിലെ റിസ്കുകൾക്ക് വിധേയമാണ്. നിക്ഷേപം നടത്തുന്നതിന് മുമ്പ് നിങ്ങള് സ്വയം പഠനങ്ങൾ നടത്തുകയോ ഒരു വിദഗ്ധന്റെ ഉപദേശം തേടുകയോ ചെയ്യുക) …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

