ഫറോക്ക് ∙ അന്തിമ വോട്ടർപട്ടിക പ്രസിദ്ധീകരിക്കാനിരിക്കെ വോട്ട് തള്ളലിനെ ചൊല്ലി ഫറോക്ക് നഗരസഭയിൽ നാടകീയ രംഗങ്ങൾ. രാത്രി നഗര കാര്യാലയത്തിനു മുൻപിൽ യുഡിഎഫ്–എൽഡിഎഫ് പ്രവർത്തകരുടെ പ്രതിഷേധം. സെക്രട്ടറിയെ കൂട്ടുപിടിച്ച് എൽഡിഎഫ് പ്രവർത്തകർ വോട്ടു തള്ളാൻ ശ്രമിച്ചു എന്നാരോപിച്ചു യുഡിഎഫ് പ്രവർത്തകരാണ് ആദ്യം പ്രതിഷേധവുമായി എത്തിയത്. സംഘടിച്ച് എത്തിയവർ ഓഫിസ് പരിസരത്ത് മുദ്രാവാക്യം മുഴക്കി.
വിവരം അറിഞ്ഞു എൽഡിഎഫ് പ്രവർത്തകരും എത്തിയതോടെ നഗരസഭ കാര്യാലയത്തിൽ സംഘർഷാവസ്ഥ ഉടലെടുത്തു.
നല്ലളം ഇൻസ്പെക്ടർ എസ്.വി.ബിജു, ഫറോക്ക് എസ്ഐ കെ.മിഥുൻ എന്നിവരുടെ നേതൃത്വത്തിൽ എത്തിയ പൊലീസ് സംഘം ഇരുവിഭാഗം പ്രവർത്തകരെയും നീക്കി. മുതുവാട്ടുപാറ 24–ാം വാർഡിന്റെ പട്ടികയിൽ അനർഹമായി ചേർത്ത 19 വോട്ടുകൾ ഒഴിവാക്കാൻ ഈമാസം 5ന് ഉച്ചയ്ക്ക് ആക്ഷേപം ഉന്നയിച്ച് എൽഡിഎഫ് പ്രവർത്തകർ നഗരസഭയിൽ പരാതി സമർപ്പിച്ചിരുന്നു. ഇതിന്മേൽ നടപടിയില്ലാത്തത് അന്വേഷിച്ചപ്പോൾ പരാതി കിട്ടിയില്ലെന്നാണ് സെക്രട്ടറി അറിയിച്ചതെന്ന് എൽഡിഎഫ് നേതാക്കൾ പറഞ്ഞു.
സമർപ്പിച്ച പരാതി കാണാതായത് ചോദിക്കാനാണ് ഓഫിസിൽ എത്തിയതെന്നും പൊലീസ് സാന്നിധ്യത്തിൽ സിസിടിവി പരിശോധിച്ചതിൽ പരാതി സമർപ്പിക്കുന്നതിന്റെ ദൃശ്യങ്ങളുണ്ടെന്നും എൽഡിഎഫ് നേതൃത്വം പറഞ്ഞു. അതേസമയം 24–ാം വാർഡിൽ എൽഡിഎഫിന്റെ ഒരു ആക്ഷേപം മാത്രമേ റജിസ്റ്ററിൽ രേഖപ്പെടുത്തിയിട്ടുള്ളൂവെന്നും തീയതി അവസാനിച്ചിട്ടും സെക്രട്ടറിയെ കൂട്ടുപിടിച്ച് വീണ്ടും വോട്ടു തള്ളാനാണ് ഇടതുപക്ഷം ശ്രമിച്ചതെന്നും യുഡിഎഫ് ആരോപിച്ചു. ഇരുകൂട്ടരും ഉന്നയിച്ച പരാതിയിൽ അന്വേഷണം നടത്തി നടപടി സ്വീകരിക്കാമെന്ന സെക്രട്ടറിയുടെ ഉറപ്പിൽ രാത്രി 10നാണ് പ്രതിഷേധക്കാർ പിരിഞ്ഞത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

