കൊച്ചി ∙ ഡേറ്റ ബാങ്കിൽനിന്നു ഭൂമി നീക്കം ചെയ്യാനുള്ള അപേക്ഷ വീണ്ടും പരിഗണിക്കാൻ ഹൈക്കോടതി നിർദേശം നൽകിയിട്ടും സമാനമായ ഉത്തരവിലൂടെ വീണ്ടും അപേക്ഷ തള്ളിയ പാലക്കാട് മുൻ ആർഡിഒയ്ക്കു ഹൈക്കോടതി 10,000 രൂപ പിഴ ചുമത്തി. ‘എന്നെ തല്ലേണ്ടമ്മാവാ ഞാൻ നന്നാവില്ല’ എന്ന ഉദ്യോഗസ്ഥരുടെ സമീപനത്തെ അംഗീകരിക്കാനാവില്ലെന്നു ജസ്റ്റിസ് പി.വി.കുഞ്ഞിക്കൃഷ്ണൻ വ്യക്തമാക്കി.നിലവിൽ കോട്ടയം ഡപ്യൂട്ടി കലക്ടറായ (ജനറൽ) എസ്.ശ്രീജിത്തിനോടാണ് സ്വന്തം പോക്കറ്റിൽനിന്ന്, ഹർജിക്കാരനു കോടതി ചെലവായ പിഴത്തുക നൽകാൻ നിർദേശിച്ചിരിക്കുന്നത്.
പാലക്കാട് കണ്ണാടി സ്വദേശി സി.വിനുമോന്റെ ഹർജി അനുവദിച്ചാണ് ഉത്തരവ്.
ഉദ്യോഗസ്ഥർ സ്വയമുണ്ടാക്കി അവരുടെയിടയിൽ പ്രചരിപ്പിച്ചിരിക്കുന്ന മാതൃക അടിസ്ഥാനമാക്കിയാണ് ഉത്തരവിടുന്നതെന്നു ആശങ്കയുണ്ടെന്നും കോടതി പറഞ്ഞു.പാലക്കാട് കണ്ണാടിയിൽ 5.01 സെന്റ് സ്ഥലമാണ് ഹർജിക്കാരനുള്ളത്. ഡേറ്റാ ബാങ്കിൽ നിന്നൊഴിവാക്കാൻ അപേക്ഷ നൽകി.
എന്നാൽ നിയമം നിലവിൽ വന്ന 2008 ൽ ഭൂമി പരിവർത്തനപ്പെടുത്തിയിട്ടില്ലെന്നും നിലവിൽ കൃഷി യോഗ്യമായി തരിശാണെന്നുമുള്ള പേരിൽ അപേക്ഷ തള്ളി. ഇതിനെതിരെ ഹൈക്കോടതിയെ സമീപിച്ചപ്പോൾ അപേക്ഷ വീണ്ടും പരിഗണിച്ച് തീരുമാനമെടുക്കാൻ നിർദേശിച്ചു.
തുടർന്നാണ് ആദ്യം പുറപ്പെടുവിച്ചതിന് സമാനമായ ഉത്തരവിലൂടെ ആർഡിഒ അപേക്ഷ നിരസിച്ചത്.
ഹർജിക്കാരൻ വീണ്ടും കോടതിയെ സമീപിച്ചതിനെ തുടർന്ന് ഉത്തരവിന്റെ ലംഘനം കോടതിയലക്ഷ്യമായി കണക്കാക്കി ആർഡിഒയ്ക്ക് കാരണം കാണിക്കൽ നോട്ടിസ് നൽകി. തിരഞ്ഞെടുപ്പ് ജോലിയുടെ തിരക്കായതിനാൽ കീഴുദ്യോഗസ്ഥനാണു റിപ്പോർട്ടും ഉത്തരവും തയാറാക്കിയതെന്നും ഒപ്പിടുക മാത്രമാണുണ്ടായതെന്നുമായിരുന്നു ആർഡിഒയുടെ മറുപടി.
ഹർജിക്കാരന്റെ അപേക്ഷയിൽ ആർഡിഒയുടെ ഉത്തരവ് റദ്ദാക്കി. അപേക്ഷ പരിഗണിച്ച് രണ്ടാഴ്ചയ്ക്കുള്ളിൽ വീണ്ടും തീരുമാനമെടുക്കാനും നിർദേശിച്ചു.
കാര്യകാരണങ്ങൾ വ്യക്തമാക്കണം
ഡേറ്റ ബാങ്കിൽ നിന്ന് ഒഴിവാക്കാനുള്ള അപേക്ഷയിൽ നൽകുന്ന ഉത്തരവിൽ കൃത്യമായ കണ്ടെത്തലുകൾ വ്യക്തമാക്കണമെന്നു കോടതി നിർദേശിച്ചു.
തീരുമാനത്തിന്റെ പിന്നിലെ യുക്തി, അതിനുള്ള നിയമ കാരണം തുടങ്ങിയവ വ്യക്തമാക്കണം. കൃത്യമായി മനസ്സിരുത്തിയാണെന്നും നടപടികൾ പാലിച്ചിട്ടുണ്ടെന്നും വ്യക്തമാകണമെന്നും കോടതി നിർദേശിച്ചു.ആമുഖം മുതൽ ഉത്തരവു നടപ്പാക്കുന്നതുവരെയുള്ള 9 കാര്യങ്ങൾ ഉൾപ്പെടുത്തി കൃത്യമായ ഉത്തരവ് എഴുതുന്നതിന്റെ വിശദാംശങ്ങളും ഹൈക്കോടതി ഉത്തരവിൽ ഉൾപ്പെടുത്തി.
ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കെല്ലാം ഉത്തരവ് അയച്ചുകൊടുക്കാൻ ചീഫ് സെക്രട്ടറിക്കു നിർദേശം നൽകി.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

