റെക്കോർഡ് തകർത്ത് കുതിച്ചിട്ടും ലോകത്ത് ഏറ്റവും മികച്ച പ്രകടനം നടത്തിയ ഓഹരി വിപണികളുടെ പട്ടികയിൽ മുൻനിരയിലെങ്ങും ഇടമില്ലാതെ അമേരിക്കൻ ഓഹരി വിപണി. ആദ്യ ഇരുപതിലെന്നല്ല, ആദ്യ 40ൽ പോലും അമേരിക്കയില്ല.
ലോകമാകെ ശ്രദ്ധിക്കുന്ന യുഎസ് ഓഹരി സൂചികയായ എസ് ആൻഡ് പി500ന് കിട്ടിയത് 60 ഓഹരി സൂചികകളുടെ പട്ടികയിൽ 41-ാം സ്ഥാനം.
ട്രംപിന്റെ തീരുവയുദ്ധവും ഭൗമരാഷ്ട്രീയ സംഘർഷങ്ങളും ഷട്ട്ഡൗണും ഉൾപ്പെടെ ഒട്ടേറെ പ്രതിസന്ധികളെ തരണം ചെയ്ത് 16% വളർച്ച ഈ വർഷം നവംബർ 10 വരെയുള്ള കണക്കുപ്രകാരം എസ് ആൻഡ് പി500 നേടിയിരുന്നു. റെക്കോർഡ് ഉയരവും തൊട്ടു.
സൂചികയിലെ കമ്പനികളുടെ സംയോജിത വിപണിമൂല്യത്തിൽ 7.7 ട്രില്യൻ ഡോളറിന്റെ വളർച്ചയുമുണ്ടായി. ലോകത്തെ ഒട്ടുമിക്ക രാജ്യങ്ങളുടെയും ജിഡിപിയേക്കാളും കൂടുതലാണിത്.
പക്ഷേ, വിദേശ ഓഹരി സൂചികകളുടെ പ്രകടനവുമായി താരതമ്യം ചെയ്യുമ്പോൾ എസ് ആൻഡ് പി500ന്റേത് അത്രവലിയ മുന്നേറ്റമല്ലെന്ന് കണക്കുകൾ പറയുന്നു.
കഴിഞ്ഞ 10 വർഷത്തിനിടെ യുഎസ് സൂചിക ഇതു മൂന്നാംതവണയാണ് ആദ്യ 40ൽ നിന്ന് പുറത്താകുന്നത്. 2017ലായിരുന്നു ആദ്യം.
അപ്പോഴും ട്രംപ് ആയിരുന്നു പ്രസിഡന്റ്. രണ്ടാമത്തേത് 2022ൽ.
മൂന്നാമത്തേത് ഇപ്പോൾ. ട്രംപ് ഏതാണ്ടെല്ലാ രാജ്യങ്ങൾക്കുംമേൽ പകരംതീരുവ പ്രഖ്യാപിച്ച ഈ വർഷം ഏപ്രിലിൽ ദിവസങ്ങൾക്കിടെ മാത്രം 5.8 ട്രില്യൻ ഡോളറിന്റെ നഷ്ടം എസ് ആൻഡ് പി500 നേരിട്ടിരുന്നു.
പിന്നീട് ഏപ്രിൽ 9ന് ട്രംപ് പകരംതീരുവ മരവിപ്പിക്കുന്നതായി പ്രഖ്യാപിച്ചപ്പോൾ വൻതിരിച്ചുകയറ്റവും നടത്തി. നിലവിൽ, ട്രംപിന്റെ തീരുവ നിയമപ്രകാരമാണോ എന്നത് സംബന്ധിച്ച കേസ് സുപ്രീം കോടതിയുടെ പരിഗണനയിലാണ്.
70% നേട്ടം നിക്ഷേപകർക്ക് സമ്മാനിച്ച് ദക്ഷിണ കൊറിയൻ ഓഹരി സൂചികയായ കോസ്പിയാണ് ഈ വർഷം ഇതുവരെ ഏറ്റവും മികച്ച പ്രകടനം നടത്തിയത്.
സെമികണ്ടക്ടർ (ചിപ്) കമ്പനികളുടെ മികച്ച പ്രകടനം കൊറിയൻ വിപണിക്ക് കരുത്തായി. കെനിയ, നൈജീരിയ, ചിലെ, പോളണ്ട്, പാക്കിസ്ഥാൻ, ഇസ്രയേൽ, സ്പെയിൻ, ചെക് റിപ്പബ്ലിക്, ജോർദാൻ ഓഹരി വിപണികളാണ് കൊറിയൻ വിപണിക്ക് യഥാക്രമം തൊട്ടുപിന്നാലെയുള്ളത്.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

