മുഹമ്മ∙ സ്കൂൾ സമയത്ത് മണൽ കയറ്റി പോകുകയായിരുന്ന ലോറികൾ നാട്ടുകാരും വിദ്യാർഥികളും ചേർന്ന് തടഞ്ഞിട്ടു. ദേശീയപാതയുടെ നിർമാണത്തിന് വേമ്പനാട് കായലിൽ നിന്നും ഡ്രജ് ചെയ്തെടുത്ത മണൽ കയറ്റിപ്പോയ ലോറികളാണ് കഴിഞ്ഞദിവസം കണ്ണങ്കരയിൽ തടഞ്ഞത്.
വിദ്യാർഥികൾ വൈകിട്ട് 4ന് സ്കൂളിൽ നിന്നും പോയശേഷമാണ് ലോറികൾ വിട്ടയച്ചത്. ലോറികളിൽ കായൽ മണൽ കയറ്റിക്കൊണ്ടുപോകാൻ തുടങ്ങിയതോടെ ഒരാഴ്ചയായി നാട്ടുകാരും വിദ്യാർഥികളും ദുരിതത്തിലാണ്.
മണലും ചെളിയും വീണ് കണ്ണങ്കര ജെട്ടി റോഡിലൂടെ കാൽനടക്കാർക്ക് പോവാൻ പറ്റാത്ത അവസ്ഥയാണ്.
റോഡ് ഉണങ്ങി ക്കഴിഞ്ഞാൽ പൊടിശല്യം മൂലം മൂക്ക് പൊത്തിയാണ് ഇതുവഴി സഞ്ചരിക്കുന്നത്. സെന്റ് മാത്യൂസ് ഹൈസ്കൂൾ, സെന്റ് സേവ്യേഴ്സ് , സെന്റ് തെരസീനാസ് എൽപി സ്കൂളുകൾ, കണ്ണങ്കര പള്ളി, ചിറയ്ക്കൽ, ചെട്ടിച്ചാവീട് ക്ഷേത്രങ്ങൾ, ബോട്ട്ജെട്ടി തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള പ്രധാന റോഡാണ് ലോറികളിൽ നിന്ന് വീഴുന്ന ചെളിയും വെള്ളവും നിറഞ്ഞ് സഞ്ചാരയോഗ്യമല്ലാതായത്.
സ്കൂൾ സമയത്തു പോലും മണലുമായി പോകാൻ തുടങ്ങിയതോടെയാണ് ലോറികൾ തടഞ്ഞിട്ടത്.
ഡ്രജ്ചെയ്ത് എടുക്കുന്ന മണൽ കോക്കാട്ട് ഭാഗത്തുള്ള പുരയിടത്തിൽ സൂക്ഷിച്ച ശേഷം മണ്ണുമാന്തിയന്ത്രം ഉപയോഗിച്ചാണ് ലോറികളിൽ കയറ്റുന്നത്. നാലിൽ പരം മണ്ണുമാന്തിയന്ത്രങ്ങൾ ഒരേ സമയത്ത് പ്രവർത്തിക്കുന്നതു മൂലം രാത്രി പരിസരവാസികൾക്ക് ഉറങ്ങാൻ പോലും പറ്റാത്ത അവസ്ഥ വന്നതോടെ രാത്രിയിലെ പ്രവർത്തനങ്ങൾ നിർത്തിവയ്ക്കണമെന്നാവശ്യപ്പെട്ട് പരിസരവാസികൾ മണ്ണുമാന്തിയന്ത്രങ്ങളുടെ പ്രവർത്തനം തടഞ്ഞിരുന്നു.
ടൺ കണക്കിന് ഭാരവും കയറ്റി ലോറികൾ പോകാൻ തുടങ്ങിയപ്പോൾ ചില വീടുകളുടെ ഭിത്തികൾക്ക് വിള്ളൽ ഉണ്ടായി.
ആഴത്തിൽ ഡ്രജ്ചെയ്യുമ്പോൾ ഉണ്ടാകുന്ന കലക്കവെള്ളത്തിൽ മത്സ്യബന്ധനവും കക്കാ വാരുന്ന ജോലികളും മുടങ്ങിയിരിക്കുകയാണ്. എത്രയും വേഗം മണൽഖനനം നിർത്തി വച്ച് പ്രദേശവാസികൾക്ക് സ്വൈരജീവിതം ഉറപ്പുവരുത്തണമെന്നും മത്സ്യത്തൊഴിലാളികൾക്ക് തൊഴിലെടുക്കാൻ അവസരമുണ്ടാക്കണം എന്നുമാണ് നാട്ടുകാരുടെ ആവശ്യം.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

