കൊടുങ്ങല്ലൂർ ∙ അപകടാവസ്ഥയിലായതിനെ തുടർന്നു വാഹനങ്ങൾക്കു നിരോധനം ഏർപ്പെടുത്തിയ ആല ഗോതുരുത്തിലെ മണപ്പാട്ട് പാലത്തിലൂടെ ഭാരം കയറ്റി വാഹനം പോകുന്നതു നാട്ടുകാർ തടഞ്ഞു. ശ്രീനാരായണപുരം പഞ്ചായത്തിലെ പത്താം വാർഡിൽ വടക്കേ തുരുത്തിലേക്കുള്ള റോഡിലാണ് അപകടാവസ്ഥയിലായ പാലം.
വടക്കേ തുരുത്തിലെ ചെമ്മീൻക്കെട്ടിലേക്കുള്ള സാധനങ്ങളാണു പാലത്തിലൂടെ കൊണ്ടുപോകുന്നത്. വടക്കേ തുരുത്തിലെ 15 കുടുംബങ്ങളുടെ ഗതാഗത മാർഗമാണിത്.
നാട്ടുകാരുടെ എതിർപ്പിനെ മറികടന്നു കഴിഞ്ഞ ദിവസങ്ങളിൽ ഭാരം കയറ്റിയ വാഹനം പാലത്തിലൂടെ കൊണ്ടുപോയി.
ഇതു പാലത്തിന് അപകടഭീതി ഉയർത്തുന്നുണ്ട്.കാലപ്പഴക്കം മൂലം ഏതു നിമിഷവും പാലം നിലംപൊത്താവുന്ന സ്ഥിതിയിലാണ്. പാലത്തിന്റെ കൈവരിയിലെ കരിങ്കൽഭിത്തിയിൽ വിള്ളലുണ്ട്. തുടർന്നാണു പാലത്തിലൂടെ വാഹന ഗതാഗതം നിരോധിച്ചു പഞ്ചായത്ത് മുന്നറിയിപ്പ് ബോർഡ് സ്ഥാപിച്ചത്.
കാൽനട യാത്രക്കാരും ഇരുചക്ര വാഹനയാത്രക്കാരും മാത്രമേ പാലത്തിലൂടെ പോകാറുള്ളൂ. എന്നാൽ, പ്രദേശത്തെ ചെമ്മീൻ കൃഷിയിടത്തിലേക്കു ലോഡ് വരുന്നുണ്ടെന്നു നാട്ടുകാർ ചൂണ്ടിക്കാട്ടി.
ഇതു ചോദ്യം ചെയ്ത നാട്ടുകാർക്കെതിരെ കൃഷി നടത്തിപ്പുകാർ പൊലീസിൽ പരാതി നൽകിയിരിക്കുകയാണ്.
ഒടുവിൽ പഞ്ചായത്ത് വക പാലം സംരക്ഷിക്കാൻ ഇറങ്ങിയ നാട്ടുകാർ പ്രതികളാകുന്ന സ്ഥിതിയായി. ഒടുവിൽ വാഹനം പോകുന്നതിനു പൊലീസ് അനുമതി നൽകിയെന്നു ചൂണ്ടിക്കാട്ടി കഴിഞ്ഞ ദിവസങ്ങളിലും അപകടാവസ്ഥയിലുള്ള പാലത്തിലൂടെ ലോഡുകൾ കൊണ്ടുപോയി. സംഭവത്തെക്കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടു നാട്ടുകാർ വീണ്ടും പഞ്ചായത്ത് സെക്രട്ടറിക്കു പരാതി നൽകിയിരിക്കുകയാണ്. പാലം തകർന്നാൽ ഞങ്ങളുടെ ഏക ഗതാഗത മാർഗം ഇല്ലാതാകുമെന്നും തുരുത്തിൽ ഒറ്റപ്പെടുമെന്നും നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

