കുമ്പള ∙ നിർമാണ പ്രവൃത്തി പൂർത്തിയായ ദേശീയപാത 66 തലപ്പാടി–ചെങ്കള ഒന്നാം റീച്ച് കുമ്പള ആരിക്കാടിയിലെ ടോൾ പ്ലാസയിൽ ഇന്ന് രാവിലെ 8 മുതൽ വാഹനങ്ങളിൽനിന്നു ടോൾ പിരിക്കാൻ തുടങ്ങുമെന്ന് ദേശീയപാത അതോറിറ്റി ഓഫ് ഇന്ത്യ (എൻഎച്ച്ഐ). എന്നാൽ ടോൾ പ്ലാസയ്ക്കെതിരെ ആക്ഷൻ കമ്മിറ്റി ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ അന്തിമവിധി വരുന്ന മറ്റന്നാൾവരെ ടോൾ പിരിക്കില്ലെന്ന് കലക്ടർ അറിയിച്ചതായി എ.കെ.എം.അഷറഫ് എംഎൽഎ പറഞ്ഞു.പത്രപ്പരസ്യത്തിലൂടെയാണ് ടോൾ പിരിക്കുന്ന കാര്യം അധികൃതർ അറിയിച്ചത്.
തുടർന്ന് ചുങ്കം പിരിക്കാനുള്ള അതോറിറ്റിയുടെ നീക്കം തടയാൻ എ.കെ.എം.അഷ്റഫ് എംഎൽഎയുടെ അധ്യക്ഷതയിൽ ചേർന്ന ആക്ഷൻ കമ്മിറ്റി യോഗം തീരുമാനിച്ചിരുന്നു.
ആരിക്കാടിയിൽനിന്ന് 22 കിലോ മീറ്റർ മാത്രം അകലെ കർണാടകയിലെ തലപ്പാടിയിൽ മറ്റൊരു ടോൾ പ്ലാസയുണ്ട്. ഇത്രയും ദൂരത്തിനിടയിൽ 2 ടോൾ പ്ലാസകൾ പാടില്ലെന്ന നിയമം ലംഘിച്ചാണ് ഒന്നാംഘട്ട
നിർമാണ പ്രവൃത്തി പൂർത്തിയായി എന്നവകാശപ്പെട്ട് ടോൾ പിരിക്കുന്നതെന്നാണ് ആക്ഷൻ കമ്മിറ്റി വാദം.ഈ വാദമുന്നയിച്ച് ആക്ഷൻ കമ്മിറ്റി കോടതിയെ സമീപിച്ചിട്ട് മാസങ്ങളായി. ആരിക്കാടിയിലെ ടോൾ പ്ലാസ താൽക്കാലികമാണ് എന്നാണ് ദേശീയപാത അതോറിറ്റിയുടെ നിലപാട്.
ദേശീയപാത രണ്ടാം റീച്ച് ചാലിങ്കാലിലെ ടോൾ പ്ലാസ നിർമാണം പൂർത്തിയാകുന്നതു വരെ മാത്രമാണ് ആരിക്കാടിയിൽ ടോൾ പിരിക്കുകയെന്നാണ് ദേശീയപാത അതോറിറ്റി അധികൃതർ പറയുന്നത്.
എന്നാൽ ആരിക്കാടിയില ടോൾ പിരിവ് കുമ്പള, മംഗൽപാടി, മഞ്ചേശ്വരം, മൊഗ്രാൽ പുത്തൂർ പഞ്ചായത്ത് പരിധിയിലെ വ്യാപാരികൾ ഉൾപ്പെടെയുള്ള നൂറുകണക്കിനു വാഹന ഉടമകൾക്കാണ് ദുരിതമാകുന്നത്. ഇരുഭാഗങ്ങളിലേക്കും വാഹനങ്ങളുമായി പോകുമ്പോൾ ടോളിനായി വൻതുക നൽകേണ്ടിവരുമെന്ന ആശങ്കയാണ് നാട്ടുകാർക്കുള്ളത്.
22 കിലോമീറ്റർ സഞ്ചരിക്കുന്നതിനിടെ 2 തവണ ടോൾ നൽകേണ്ടി വരുമെന്നാണ് പ്രദേശവാസികൾ പറയുന്നത്.ടോൾ ബൂത്തിനെതിരെ നാട്ടുകാരുടെ ആക്ഷൻ കമ്മിറ്റി ഹൈക്കോടതിയിൽ പോയിരിക്കേ ദേശീയ പാത അതോറിറ്റി കുമ്പളയിൽ ടോൾ പിരിവ് ആരംഭിക്കുന്നത് ഏകപക്ഷീയവും ജനദ്രോഹപരവുമാണെന്ന് ആക്ഷൻ കമ്മിറ്റി ചെയർമാൻ എ.കെ.എം.അഷ്റഫ് എംഎൽഎ പറഞ്ഞു.
കോടതിയിൽ ആക്ഷൻ കമ്മിറ്റി നൽകിയ ഹർജിയിൽ അന്തിമവിധി വരാനിരിക്കെ ദേശീയപാത അതോറിറ്റിയുടെ തീരുമാനം അംഗീകരിക്കാനാകില്ലെന്ന് ആക്ഷൻ കമ്മിറ്റി യോഗം അഭിപ്രായപ്പെട്ടു.ബ്ലോക്ക് പഞ്ചായത്ത് സ്ഥിര സമിതി അധ്യക്ഷൻ അഷ്റഫ് കർള, എ.കെ.ആരിഫ്,ലക്ഷ്മണപ്രഭു, ഫാറൂഖ് ഷിറിയ, ഖാലിദ് ബംബ്രാണ, സത്താർ ആരിക്കാടി, ജെ.എച്ച്.എൽ.അബ്ദുലത്തീഫ്, ബി.എൻ.മുഹമ്മദലി, അസീസ് കളത്തൂർ, മുഹമ്മദ് കുഞ്ഞി, യൂസുഫ് ഉളുവാർ, കെ.എം.മൊയ്തീൻ അസീസ് എന്നിവർ പ്രസംഗിച്ചു.
കാറിന് ഒരുവശത്തേക്ക് 85 രൂപ, ഇരുവശത്തേക്ക് 130 രൂപ
ഒരുഭാഗത്തേക്ക് കാർ, ജീപ്പ്, വാൻ, ലൈറ്റ് മോട്ടർ വെഹിക്കിൾ എന്നിവയ്ക്ക് 85 രൂപയാണ് ടോൾ. മടക്കയാത്ര 24 മണിക്കൂറിനുള്ളിലാണെങ്കിൽ ഇരുവശത്തേക്കുമായി 130 രൂപയാണ്.
പ്രതിമാസം 50 യാത്രകൾക്ക് 2890 രൂപയാണ് നിരക്ക്. ജില്ലയിൽ റജിസ്റ്റർ ചെയ്ത വ്യവസായ വാഹനങ്ങൾക്ക് 45 രൂപയുമാണ് ചാർജ്.
എൽസിവി, എൽജിവി മിനി ബസുകൾക്ക് 140 രൂപയും മടക്കയാത്ര 24 മണിക്കൂറിനുള്ളിലാണെങ്കിൽ 210 രൂപയുമാണ്.
ബസുകൾക്കും ട്രക്കുകൾക്കും ഒരുഭാഗത്തേക്ക് 295 രൂപയും വ്യവസായ വാഹനങ്ങൾക്ക് 320 രൂപയും എർത്ത് മൂവിങ് എക്യുപ്മെന്റ്, മൾട്ടി ആക്സിൽ വെഹിക്കിൾ എന്നിവയ്ക്ക് 460 രൂപയും ഏഴും അതിൽ കൂടുതൽ ആക്സിലുകളുള്ള വാഹനങ്ങൾക്ക് 560 രൂപയുമാണ് ടോൾ. പ്ലാസയിൽനിന്ന് 20 കിലോമീറ്റർ ചുറ്റളവിൽ താമസിക്കുന്ന വാണിജ്യേതര വാഹന ഉടമകൾക്ക് പ്രതിമാസ നിരക്ക് 340 രൂപ ആയിരിക്കുമെന്നും വിജ്ഞാപനത്തിലുണ്ട്. പണം അടച്ച് 24 മണിക്കൂറിനുള്ളിൽ തിരിച്ചുവരുന്ന എല്ലാത്തരം വാഹനങ്ങൾക്കും നിരക്കിൽ 50% ഇളവുണ്ടാകും.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

