ദേലംപാടി ∙ സിപിഎമ്മുമായി ഇടഞ്ഞു നിൽക്കുന്ന മുൻ നേതാക്കൾ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ മത്സരിക്കാനിറങ്ങുന്നതോടെ ചൂടുപിടിച്ച് ദേലംപാടിയിലെ രാഷ്ട്രീയം. വിമത നേതാക്കളെ പരസ്യമായി തള്ളുമ്പോഴും കാൽ നൂറ്റാണ്ടിലേറെയായി കുത്തകയാക്കി ഭരിക്കുന്ന ദേലംപാടിയിലെ ഭരണത്തുടർച്ചയ്ക്ക് ഇവർ വെല്ലുവിളിയാകുമോ എന്ന ആശങ്ക സിപിഎം നേതൃത്വത്തിനുണ്ട്.
സിപിഎം മുൻ കാറഡുക്ക ഏരിയ കമ്മിറ്റി അംഗവും പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന എ.മുസ്തഫ ഹാജി, പഞ്ചായത്ത് മുൻ സ്ഥിരസമിതി അധ്യക്ഷനും പാണ്ടി മുൻ ലോക്കൽ സെക്രട്ടറിയുമായ എ.രത്തൻ കുമാർ നായ്ക്ക് എന്നിവരാണ് പാർട്ടിയുമായി തെറ്റി പഞ്ചായത്തിൽ മത്സരിക്കാനിറങ്ങുന്നത്.
മുസ്തഫ ഹാജി ദേലംപാടി വാർഡിലും രത്തൻകുമാർ അഡൂർ വാർഡിലുമാണ് സ്വതന്ത്രരായി മത്സരിക്കുന്നത്. ഊജംപാടി, മയ്യള, പുതിയമ്പലം വാർഡുകളിലും ഇവരെ പിന്തുണയ്ക്കുന്നവർ മത്സരിക്കാനാണ് തീരുമാനം.
മുസ്തഫ ഹാജിക്കും അദ്ദേഹത്തെ പിന്തുണയ്ക്കുന്നവർ മത്സരിക്കുന്ന ഊജംപാടി, മയ്യള വാർഡുകളിലും യുഡിഎഫ് ഇവർക്ക് പിന്തുണ നൽകാനും ധാരണയായി.
ഇതോടെ മൂന്നിടത്തും വിജയിക്കാൻ സാധിക്കുമെന്ന വിലയിരുത്തലിലാണ് വിമതനേതൃത്വം. അതേസമയം രത്തൻകുമാർ മത്സരിക്കുന്ന വാർഡിൽ പരസ്യമായി പിന്തുണ യുഡിഎഫ് പ്രഖ്യാപിക്കാനിടയില്ല.
ഇതിൽ ഊജംപാടി, മയ്യള, അഡൂർ വാർഡുകൾ നിലവിൽ സിപിഎമ്മിനാണ്.
ദേലംപാടിയിൽ കേവലം ഒരു വോട്ടിനാണ് യുഡിഎഫ് കഴിഞ്ഞ തവണ വിജയിച്ചത്. പുതിയ രാഷ്ട്രീയ സാഹചര്യത്തിൽ നാലിടത്തും എൽഡിഎഫിനെ തോൽപിക്കാൻ സാധിക്കുമെന്ന വിലയിരുത്തലിലാണ് വിമത നേതൃത്വവും യുഡിഎഫും.
പുതിയമ്പലത്തും ജനകീയ സ്ഥാനാർഥിയെ നിർത്തിയാൽ ഇവർക്കു വിജയപ്രതീക്ഷയുണ്ട്. എൽഡിഎഫിനെ ആശങ്കയിലാക്കുന്നതും ഇതാണ്.
കയ്യിലുള്ള 3 വാർഡുകൾ നഷ്ടപ്പെട്ടാൽ പഞ്ചായത്ത് ഭരണം തന്നെ നഷ്ടപ്പെടാനിടയുണ്ട്. അതു കൂടി കണ്ടുള്ള പ്രവർത്തനങ്ങളാണ് സിപിഎം നേതൃത്വം നടത്തുന്നത്.
ഭരണം ലഭിച്ചാൽ മുൻ ഏരിയ സെക്രട്ടറിയും പഞ്ചായത്ത് ആസൂത്രണ സമിതി വൈസ് ചെയർമാനുമായ എ.ചന്ദ്രശേഖരനെ പ്രസിഡന്റാക്കാനാണ് സിപിഎമ്മിന്റെ തീരുമാനം.
അദ്ദേഹം മത്സരിക്കുന്നത് അഡൂർ വാർഡിലാണ്. രത്തൻ കുമാർ കൂടി മത്സരിക്കുന്നതോടെ ഏറ്റവും ശക്തമായ മത്സരവും ഇവിടെയായിരിക്കും. തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കും മുൻപേ തന്നെ വിമത നേതാക്കൾ മത്സരിക്കുന്ന വാർഡുകളിൽ തിരഞ്ഞെടുപ്പ് കൺവൻഷനുകളും ആരംഭിച്ചു.
മുസ്തഫ ഹാജി മത്സരിക്കുന്ന ദേലംപാടി വാർഡിലെ കൺവൻഷൻ ഇന്നലെ ചേർന്നു.
വരും ദിവസങ്ങളിൽ മറ്റു വാർഡുകളിലും കൺവൻഷൻ വിളിച്ച് പ്രവർത്തനം ഊർജിതമാക്കാനാണ് തീരുമാനം. ദേലംപാടി മേഖലയിൽ ശക്തമായ സ്വാധീനമുള്ളയാളാണ് മുസ്തഫ ഹാജി.
അഡൂർ മേഖലയിൽ രത്തൻകുമാറിനും നല്ല ജനകീയ അടിത്തറയുണ്ട്. ഇത് വോട്ടുകളായി മാറുമോ എന്നാണ് കണ്ടറിയേണ്ടത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

