പുനലൂർ∙ ശബരിമല സീസൺ ആരംഭിക്കാൻ ഒരാഴ്ച മാത്രം ശേഷിക്കെ സംസ്ഥാനത്തെ പ്രധാന ഇടത്താവളങ്ങളിൽ ഒന്നായ പുനലൂർ മിനി പമ്പയിലെ ഹൈമാസ്റ്റ് ലൈറ്റ് പ്രകാശിക്കാത്തതിനാൽ ടിബി ജംക്ഷൻ കൂരിരുട്ടിൽ. പുനലൂർ–മൂവാറ്റുപുഴ സംസ്ഥാന ഹൈവേയും കൊല്ലം –തിരുമംഗലം ദേശീയപാതയും സംഗമിക്കുന്ന ടിബി ജംക്ഷൻ മുതൽ അര കിലോമീറ്റർ ദേശീയപാതയിലേക്കുള്ള റൂട്ടിലെ ഭാഗം വരെയാണ് മിനി പമ്പ എന്നറിയപ്പെടുന്നത്.
ലക്ഷക്കണക്കിന് തീർഥാടകരാണ് മകരവിളക്ക് വരെയുള്ള വേളയിൽ ഇവിടെ സംഗമിക്കുന്നത്. മൂവാറ്റുപുഴ സംസ്ഥാന ഹൈവേ ടിബി ജംക്ഷൻ വരെ പുനർനിർമിച്ചപ്പോൾ രണ്ട് വർഷം മുൻപ് ഇവിടെ ഡിവൈഡറുകൾ സ്ഥാപിച്ചതിനാൽ വെളിച്ചം ഇല്ലെങ്കിൽ ഇവിടെ വാഹന ഗതാഗതം ദുഷ്കരമാണ്.
തിരുവിതാംകൂർ ദേവസ്വം ബോർഡ് അംഗവും എംഎൽഎയും അടക്കം 10 ദിവസം മുൻപ് പുനലൂരിൽ അവലോകന യോഗം ചേർന്നു തീർഥാടനകാല സൗകര്യങ്ങൾ മെച്ചപ്പെടുത്താൻ ഡസൻ കണക്കിന് തീരുമാനങ്ങളാണ് എടുത്തത്.
ആഴ്ചകളായി ഹൈമാസ്റ്റ് ലൈറ്റ് പ്രകാശിക്കുന്നില്ല. സംസ്ഥാനാന്തര പാതയിലെ ചരക്ക് വാഹനങ്ങൾ കടന്നുവരുന്ന ഭാഗമാണ് ഇവിടം.
പൊലീസിന്റെ സാന്നിധ്യം ഉണ്ടെങ്കിലും അവരും ഇരുട്ടിൽ തപ്പുകയാണ്. തൂക്കുപാലത്തിന്റെ കവാടവും പൊതുമരാമത്ത് അതിഥി മന്ദിരവും ഒട്ടേറെ വ്യാപാരസ്ഥാപനങ്ങളും കെടിഡിസിയുടെ സ്നാനഘട്ടവും അടക്കം ഇവിടെയുണ്ട്.
അവലോകനയോഗം ചേർന്നെങ്കിലും ടിബി ജംക്ഷനിൽ വർഷങ്ങളായി സ്ഥാപിക്കുന്ന എയ്ഡ് പോസ്റ്റ് ഇതുവരെ ആരംഭിച്ചിട്ടില്ല. ഒരു ആംബുലൻസിന്റെ സേവനവും ഇവിടെ ക്രമീകരിക്കേണ്ടതാണ്.
പുനലൂർ കെഎസ്ആർടിസി മൈതാനിയിലും ചെമ്മന്തൂർ ജംക്ഷനിലും ഹൈമാസ്റ്റ് ലൈറ്റ് കണ്ണടച്ച നിലയിലാണ്.
ചെമ്മന്തൂർ ജംക്ഷനിൽ റോഡിൽ രൂപപ്പെട്ട കൂറ്റൻ കുഴി കൂരിരുട്ടിൽ എത്തുന്ന വാഹനങ്ങൾക്കും ചെറിയ വാഹനങ്ങൾക്കും കാൽനട
യാത്രക്കാർക്കും കനത്ത ഭീഷണിയും ആയിരിക്കുകയാണ്. ടിബി ജംക്ഷനിൽ കൂടുതൽ വ്യാപാര സ്ഥാപനങ്ങൾ തുറന്നതോടെ മുൻവർഷങ്ങളെക്കാൾ ഇവിടെ എത്തുന്നവരുടെ എണ്ണത്തിലും പാർക്ക് ചെയ്യുന്ന വാഹനങ്ങളുടെ കാര്യത്തിലും വർധനവാണ് ഉണ്ടായിരിക്കുന്നത്.
ഈ പ്രത്യേക സാഹചര്യം പരിഗണിച്ച് ശക്തമായ വെളിച്ച സംവിധാനവും ഒപ്പം സ്ഥിരം പൊലീസിന്റെ സാന്നിധ്യവും ഉറപ്പാക്കേണ്ടതുണ്ട്. തെരുവുനായകളുടെ ശല്യം ഉള്ള ഈ ഭാഗങ്ങളിൽ സന്ധ്യ കഴിഞ്ഞാൽ വെളിച്ചമില്ലാത്തത് കാൽനടയാത്രക്കാർക്ക് ഭീഷണി ആയിരിക്കുകയാണ്.
അടിയന്തരമായി പുനലൂർ നഗരത്തിലെ എല്ലാ തെരുവുവിളക്കുകളും സ്ഥാപിക്കുന്നതിനും ഹൈമാസ്റ്റ് ലൈറ്റുകളിൽ വെളിച്ചം ഉറപ്പാക്കുന്നതിനും തൊട്ടടുത്ത ദിവസങ്ങളിൽ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം ഉയർന്നിരിക്കുന്നത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

