അഗളി ∙ അട്ടപ്പാടിയിൽ രണ്ടു കുട്ടികളുടെ മരണത്തിനിടയാക്കിയതിനു സമാനമായ നിലയിൽ ആദിവാസി ഉന്നതികളിൽ പാതിവഴിയിൽ നിർമാണം നിലച്ച് ശേഷിക്കുന്നത് ആയിരത്തോളം വീടുകൾ. നിർമാണം പാതിയിൽ നിലച്ച വീടിന്റെ സൺഷേഡ് തകർന്നു വീണാണ് ഇന്നലെ അട്ടപ്പാടി മുക്കാലി കരുവാര ഉന്നതിയിലെ അജയ് – ദേവി ദമ്പതികളുടെ മക്കൾ ആദി (7), അജ്നേഷ് (4) എന്നിവർ മരിച്ചത്.
എടിഎസ്പി, ഹഡ്കോ, ജനറൽ ഹൗസിങ് എന്നീ പദ്ധതികളിലാണ് വീടുകൾ അനുവദിച്ചത്.
2015 – 2016 വർഷം മുതലുള്ള വീടുകൾ ഭാഗികമായി നിർമിച്ച നിലയിൽ ശേഷിക്കുന്നുണ്ട്. രണ്ടര ലക്ഷം രൂപ മുതൽ 6 ലക്ഷം രൂപ വരെയാണു വിവിധ പദ്ധതികളിൽ ആദിവാസികൾക്കു വീടു നിർമാണത്തിന് അനുവദിച്ചത്.
നിർമാണ സാമഗ്രികളെല്ലാം അട്ടപ്പാടിക്കു പുറത്തു നിന്നെത്തേണ്ട സാഹചര്യത്തിൽ, ലഭിക്കുന്ന തുക സാമഗ്രികൾക്കു തന്നെ തികയാറില്ല.
പണം തികയാത്തതും ലഭിച്ച പണം മറ്റ് ആവശ്യങ്ങൾക്ക് ചെലവഴിക്കപ്പെടുന്നതും വീടുനിർമാണം പാതിവഴിയിൽ നിലയ്ക്കാൻ കാരണമാണ്. സാങ്കേതിക ജ്ഞാനമില്ലാത്തതും സാമഗ്രികളുടെയും പണികളുടെയും ഗുണനിലവാരമില്ലായ്മയും വീടുകളുടെ ചോർച്ചയ്ക്കും തകർച്ചയ്ക്കും കാരണമാകുന്നുണ്ട്. വീടു നിർമാണത്തിൽ ഇടനിലക്കാരുടെ ചൂഷണവും നേരിടേണ്ടി വരുന്നുണ്ട്. ആദിവാസികളുടെ വീടു നിർമാണം ഐടിഡിപിയുടെ കീഴിൽ പ്രത്യേക നോഡൽ ഏജൻസിയെ ഏൽപിച്ച് നേരിട്ടു പൂർത്തിയാക്കുന്നതാണ് ഉചിതമെന്നു മേഖലയിലെ വിദഗ്ധർ പറയുന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

