ഓരോ അമേരിക്കൻ പൗരന്റെയും അക്കൗണ്ടിലേക്ക് തീരുവ വരുമാനത്തിൽ നിന്നുള്ള ലാഭവിഹിതമായി 2,000 ഡോളർ വീതം നിക്ഷേപിക്കുമെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ വാഗ്ദാനം. ഏകദേശം 1.77 ലക്ഷം രൂപ വീതം വരുമിത്.
തീരുവയെ എതിർക്കുന്നവർ മണ്ടന്മാരാണെന്നും അമേരിക്ക ലോകത്തെ ഏറ്റവും സമ്പന്നവും ആദരവും ലഭിക്കുന്ന രാജ്യമാണെന്നും ട്രംപ് ട്രൂത്ത് സോഷ്യലിലെ തന്റെ പോസ്റ്റിൽ പറഞ്ഞു.
അമേരിക്കയിൽ പണപ്പെരുപ്പം ഇപ്പോൾ ഇല്ലേയില്ല. ഓഹരി വിപണികൾ റെക്കോർഡ് ഉയരത്തിലാണ്.
നമുക്ക് 37 ട്രില്യൻ ഡോളറിന്റെ വമ്പൻ കടബാധ്യതയുണ്ട്. തീരുവ വരുമാനമായി ലഭിക്കുന്ന ട്രില്യൻ കണക്കിന് ഡോളർ ഉപയോഗിച്ച് അതൊക്കെ തീർക്കും.
അമേരിക്കയിലേക്ക് നിക്ഷേപം ഒഴുകുകയാണ്. എല്ലായിടത്തും ഫാക്ടറികൾ തുറക്കും.
ഉയർന്ന വരുമാനക്കാർ ഒഴികെയുള്ള എല്ലാ അമേരിക്കക്കാരുടെയും അക്കൗണ്ടിൽ തീരുവയിൽ നിന്നുള്ള ലാഭവിഹിതമായി മിനിമം 2,000 ഡോളർ വീതം നൽകും – ട്രംപ് പറഞ്ഞു.
കഴിഞ്ഞ ഏപ്രിൽ മുതലാണ് ട്രംപ് ലോകത്തെ ഏതാണ്ടെല്ലാ രാജ്യങ്ങൾക്കുംമേൽ പകരംതീരുവ പ്രഖ്യാപിച്ചത്. മേയിൽ 23.9 ബില്യൻ ഡോളർ തീരുവ വരുമാനം കിട്ടി.
തുടർന്നുള്ള ഓരോ മാസവും വരുമാനം കൂടിക്കൂടിവന്നു. ജൂലൈയിൽ ലഭിച്ചത് 29 ബില്യനായിരുന്നു.
സെപ്റ്റംബർ 30 വരെയുള്ള കണക്കുപ്രകാരം 2025 സാമ്പത്തിക വർഷത്തിൽ തീരുവയായി ട്രംപ് സർക്കാർ 215.2 ബില്യൻ ഡോളറും പിരിച്ചെടുത്തു. ഒക്ടോബർ ഒന്നിന് തുടങ്ങി സെപ്റ്റംബർ 30 വരെയുള്ള ‘അമേരിക്കൻ’ സാമ്പത്തിക വർഷത്തെ കണക്കാണിത്.
ഇക്കഴിഞ്ഞ ഒക്ടോബർ 1ന് ആരംഭിച്ച 2026 സാമ്പത്തിക വർഷത്തിൽ ഇതുവരെ പിരിച്ചെടുത്തത് 35.9 ബില്യൻ ഡോളറാണ്.
ഇന്റർനാഷനൽ എമർജൻസി ഇക്കണോമിക് പവേഴ്സ് ആക്ട് (ഐഇഇപിഎ) പ്രകാരമായിരുന്നു ട്രംപ് പകരംതീരുവ പ്രഖ്യാപിച്ചത്. എന്നാൽ, യുഎസ് കോൺഗ്രസിനെ മറികടന്ന് ഇങ്ങനെ ഏപപക്ഷീയമായി ഓരോ രാജ്യത്തിനുംമേൽ തീരുവ പ്രഖ്യാപിക്കാൻ പ്രസിഡന്റിന് അധികാരമുണ്ടോ എന്നതുസംബന്ധിച്ച കേസ് യുഎസ് സുപ്രീം കോടതിയുടെ പരിഗണനയിലാണ്.
ട്രംപിന്റെ അധികാരം സംബന്ധിച്ച് കഴിഞ്ഞദിവസം വാദംകേൾക്കവേ സുപ്രീം കോടതി ജഡ്ജിമാർ സംശയവും പ്രകടിപ്പിച്ചിരുന്നു.
ട്രംപിന് ഇത്തരത്തിൽ തീരുവ പ്രഖ്യാപിക്കാൻ അധികാരമില്ലെന്നും ഭൂരിഭാഗം പകരംതീരുവകളും നിയമവിരുദ്ധമാണെന്നും രണ്ട് കീഴ്ക്കോടതികൾ വിധിച്ചിരുന്നു. ഇതിനെതിരെ ട്രംപ് സമർപ്പിച്ച അപ്പീലാണ് സുപ്രീം കോടതി പരിഗണിക്കുന്നത്.
കീഴ്ക്കോടതി വിധികൾ സുപ്രീം കോടതിയും ശരിവച്ചാൽ ട്രംപിന് അത് കനത്ത ആഘാതമാകും. ഇതിനകം വാങ്ങിയ തീരുവയെല്ലാം അതത് കമ്പനികൾക്ക് തിരിച്ചുകൊടുക്കേണ്ടിയും വരും.
തീരുവകൾ അസാധുവാക്കിയാൽ അത് ദുരന്തമാകുമെന്നും അമേരിക്കൻ സമ്പദ്വ്യവസ്ഥ തകരുമെന്നും ട്രംപ് പറഞ്ഞിരുന്നു.
തീരുവ റദ്ദാക്കിയാൽ അമേരിക്ക മൂന്നാംലോക രാജ്യമായി കൂപ്പുകുത്തുമെന്നും ആഗോളതലത്തിൽ നാണംകെടുമെന്നും ട്രംപ് പലകുറി പറഞ്ഞത് സുപ്രീം കോടതിയെ സമ്മർദത്തിലാക്കാനുള്ള തന്ത്രമായാണ് പലരും കാണുന്നത്.
തീരുന്നു ഷട്ട്ഡൗൺ, അമേരിക്കയ്ക്ക് ആശ്വാസം
യുഎസിൽ ട്രംപ് സർക്കാർ കഴിഞ്ഞ 40 ദിവസമായി നേരിടുന്ന ഭരണസ്തംഭനം (ഗവൺമെന്റ് ഷട്ട്ഡൗൺ) അവസാനിപ്പിക്കാൻ ഒടുവിൽ സമവായപ്പാത സ്വീകരിച്ച് ഡെമോക്രാറ്റുകളും റിപ്പബ്ലിക്കന്മാരും. യുഎസിന്റെ ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ ഷട്ട്ഡൗണിനാണ് സെനറ്റിൽ ‘പണം ചെലവഴിക്കൽ’ ബിൽ പാസാകുന്നതോടെ തിരശീല വീഴുന്നത്.
∙ പിരിച്ചുവിട്ട
ഫെഡറൽ ഗവൺമെന്റ് ജീവനക്കാരെ തിരിച്ചെടുക്കാനും ഭാവിയിൽ ഇത്തരം പിരിച്ചുവിടൽ ഒഴിവാക്കാനുമുള്ള വ്യവസ്ഥകളും ബില്ലിലുണ്ട്.
∙ ഷട്ട്ഡൗൺ മൂലം മുടങ്ങിക്കിടന്ന ഭക്ഷ്യ സബ്സിഡി പദ്ധതി പുനരാരാരംഭിക്കാനും 2026 സാമ്പത്തിക വർഷമുടനീളം ഇതിനുള്ള ഫണ്ട് ഉറപ്പാക്കാനും ബിൽ വ്യവസ്ഥ ചെയ്യുന്നു.
∙ ഷട്ട്ഡൗൺ പരിഹാരമില്ലാതെ നീണ്ട പശ്ചാത്തലത്തിൽ അമേരിക്കയിൽ ഉപഭോക്തൃ സംതൃപ്തി മൂന്നുവർഷത്തെ താഴ്ചയിലേക്ക് ഇടിഞ്ഞിരുന്നു.
∙ യുഎസിൽ ട്രംപ് വിരുദ്ധ വികാരവും ഉയർന്നിരുന്നു.
ന്യൂയോർക്ക് മേയർ തിരഞ്ഞെടുപ്പിലടക്കം ട്രംപിന്റെ റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർഥികൾ ദയനീയമായാണ് തോറ്റതും.
കുതിച്ചുകയറി ഓഹരി വിപണികൾ
യുഎസിൽ ഷട്ട്ഡൗൺ പ്രതിസന്ധി അവസാനിക്കുന്നുവെന്ന റിപ്പോർട്ടുകളുടെ പശ്ചാത്തലത്തിൽ ഓഹരി വിപണികൾ നേട്ടത്തിന്റെ ട്രാക്കിലേക്ക് തിരിച്ചുകയറി. ഫ്യൂച്ചേഴ്സ് വിപണിയിൽ എസ് ആൻഡ് പി500 സൂചിക 0.5%, നാസ്ഡാക് 100 സൂചിക 0.8%, ഡൗ ജോൺസ് ഇൻഡസ്ട്രിയൽ ആവറേജ് 0.15% എന്നിങ്ങനെ ഉയർന്നു.
യുഎസ് സമ്പദ്വ്യവസ്ഥയിലെ അസ്വസ്ഥതകൾ, എഐ കമ്പനികൾ നേരിട്ട
കനത്ത വിറ്റൊഴിയൽ സമ്മർദം എന്നിവമൂലം കഴിഞ്ഞയാഴ്ച ഓഹരി വിപണികൾ കനത്ത നഷ്ടം നേരിട്ടിരുന്നു. മൂന്നു ശതമാനം ഇടിഞ്ഞ നാസ്ഡാക് കോംപസിറ്റ് സൂചിക ഏപ്രിലിന് ശേഷമുള്ള ഏറ്റവും മോശം ആഴ്ചയിലൂടെയാണ് കടന്നുപോയത്.
എസ് ആൻഡ് പി500 സൂചിക 1.5%, ഡൗ ജോൺസ് 1.2% എന്നിങ്ങനെയും ഇടിഞ്ഞിരുന്നു.
ഏഷ്യയിലും മുന്നേറ്റക്കാറ്റ്
യുഎസിൽ നിന്ന് വീശുന്ന ഉണർവിന്റെ കാറ്റ് ഏഷ്യയിലും ആവേശമാകുന്നുണ്ട്. എഐ അധിഷ്ഠിത കമ്പനികളുടെ ഓഹരികളിൽ വീണ്ടും വാങ്ങൽതാൽപര്യം ശക്തമായതും ഇരട്ടിമധുരമായി.
ചൈന ഏറെക്കാലത്തെ ഇടവേളയ്ക്കുശേഷം പണച്ചുരുക്കത്തിൽ (ഡിഫ്ലേഷൻ) നിന്ന് കരകയറിയതും ഏഷ്യൻ വിപണികൾ ആഘോഷമാക്കുന്നുണ്ട്.
∙ ജാപ്പനീസ് നിക്കേയ് സൂചിക 1.07% ഉയർന്നു.
∙ ദക്ഷിണ കൊറിയയുടെ കോസ്പി 2.76% മുന്നേറി ഏഷ്യയിൽ മുന്നിട്ടുനിൽക്കുന്നു.
∙ ഹോങ്കോങ് സൂചിക 0.43% നേട്ടത്തിലേറി.
∙ ചൈനയിൽ ഷാങ്ഹായ് സൂചിക കാര്യമായ നേട്ടമുണ്ടാക്കിയില്ല. പണച്ചുരുക്കം മാറിയെങ്കിലും ഫാക്ടറികൾ (പിപിഐ) പ്രതിസന്ധിക്കയത്തിൽ തുടരുന്നത് ചൈനയ്ക്ക് തിരിച്ചടിയാണ്.
ഇന്ത്യയും പിടിക്കുമോ ‘ലാഭത്തിന്റെ’ വണ്ടി?
അമേരിക്കയിലെയും ഏഷ്യയിലെയും ആവേശതരംഗം പക്ഷേ ഇന്ത്യയിലേക്ക് ഇതുവരെ എത്തിയില്ലെന്നാണ് രാവിലെ ഗിഫ്റ്റ് നിഫ്റ്റി സൂചിപ്പിച്ചത്.
ഒരുഘട്ടത്തിൽ 10 പോയിന്റ് നഷ്ടം, 28 പോയിന്റ് നേട്ടം എന്നിങ്ങനെ ചാഞ്ചാടുകയാണ് ഗിഫ്റ്റ് നിഫ്റ്റി. സെൻസെക്സും നിഫ്റ്റിയും ഇന്ന് ചാഞ്ചാട്ടത്തിലേക്ക് വീണേക്കാം.
∙ ജപ്പാൻ, ഹോങ്കോങ്, കൊറിയ, യുഎസ് ഓഹരികൾ നേട്ടത്തിലാണെന്നത് നിക്ഷേപകർക്ക് വലിയ പ്രതീക്ഷകൾ നൽകുന്നുണ്ട്.
∙ ഒഎൻജിസി, ബജാജ് ഫിനാൻസ്, വോഡഫോൺ ഐഡിയ, ഏഥർ എനർജി, ഗുജറാത്ത് ഗ്യാസ്, ഹഡ്കോ, കെപിഐടി ടെക്നോളജീസ്, സുല വിന്യാർഡ്സ് തുടങ്ങിയവ ഇന്ന് സെപ്റ്റംബർപാദ പ്രവർത്തനഫലം പുറത്തുവിടും.
∙ കേരളക്കമ്പനിയായ കല്യാൺ ജ്വല്ലേഴ്സ് കഴിഞ്ഞദിവസം പുറത്തുവിട്ടത് ‘ഗംഭീര’ പ്രവർത്തനഫലമാണ്.
ലാഭം ഏതാണ്ട് 100% കുതിച്ചുയർന്നു. വരുമാന വളർച്ച 30%.
∙ നൈകയുടെ ലാഭം 243%, വരുമാനം 25.1% എന്നിങ്ങനെ ഉയർന്നു.
∙ ബജാജ് ഓട്ടോയുടെ ലാഭം 23.7%, വരുമാനം 13.7% എന്നിങ്ങനെ വർധിച്ചു.
∙ ട്രെന്റ് ലാഭത്തിൽ 11.4%, വരുമാനത്തിൽ 15.9% എന്നിങ്ങനെ വളർച്ച നേടി.
∙ കേരളത്തിലും സാന്നിധ്യമുള്ള പെട്രോനെറ്റ് എൽഎൻജിയുടെ ലാഭം 4.6% ഇടിഞ്ഞു; വരുമാനം 15.5% കുറഞ്ഞു.
മുന്നേറി എണ്ണയും സ്വർണവും
അമേരിക്ക ഷട്ട്ഡൗൺ പ്രതിസന്ധിയിൽനിന്ന് പുറത്തുകടക്കുന്നുവെന്ന റിപ്പോർട്ടുകൾ ക്രൂഡ് ഓയിൽ വിലയുടെ തിരിച്ചുകയറ്റത്തിന് വഴിതുറന്നു.
ഡബ്ല്യുടിഐ ക്രൂഡ് വില ബാരലിന് 0.55% ഉയർന്ന് 60.08 ഡോളറായി. ബ്രെന്റ് വില 0.46% കയറി 63.92 ഡോളറിലെത്തി.
∙ സ്വർണവില ഔൺസിന് 50 ഡോളറിലേറെ കുതിച്ച് ഒരുഘട്ടത്തിൽ 4,052.82 ഡോളറിലെത്തി.
ഇപ്പോഴുള്ളത് 4,044 ഡോളറിൽ. കേരളത്തിൽ ഇന്നു വില കൂടുമെന്ന് ഇത് സൂചിപ്പിക്കുന്നു.
ഓഹരിക്ക് മുന്നിൽ വെല്ലുവിളികളേറെ
വിദേശ ഓഹരി വിപണികളുടെ മുന്നേറ്റം പ്രതീക്ഷ നൽകുന്നുണ്ടെങ്കിലും ഇന്ത്യൻ ഓഹരി വിപണികൾക്ക് മുന്നിലെ വെല്ലുവിളികളും ഏറെയാണ്.
കഴിഞ്ഞ സെഷനിൽ 4,500 കോടിയിലേറെ രൂപയുടെ ഇന്ത്യൻ ഓഹരികളാണ് വിദേശ ധനകാര്യ സ്ഥാപനങ്ങൾ (എഫ്ഐഐ) വിറ്റൊഴിഞ്ഞത്. വിദേശ നിക്ഷേപകർ ഇങ്ങനെ വിൽക്കലുകാരായി തുടരുന്നത് തിരിച്ചടിയാണ്.
രൂപ ഡോളറിനെതിരെ 2 പൈസ താഴ്ന്ന് 88.65ലാണ് അവസാന സെഷനിലുള്ളത്.
ക്രൂഡ് ഓയിൽ വില കൂടുന്നതും വിദേശ നിക്ഷേപ നഷ്ടവും രൂപയ്ക്ക് സമ്മർദമാകും. ഇന്ത്യയുടെ റീട്ടെയ്ൽ (നവംബർ 12), ഹോൾസെയിൽ (14) പണപ്പെരുപ്പക്കണക്കുകൾ ഈയാഴ്ച പുറത്തുവരും.
ചൈനയുടെ വ്യാവസായിക ഉൽപാദനം, റീട്ടെയ്ൽ വിൽപന, തൊഴിലില്ലായ്മ നിരക്ക്, ഭവനവില സൂചിക എന്നിവ സംബന്ധിച്ച റിപ്പോർട്ടുകൾ വെള്ളിയാഴ്ച അറിയാം.
The President just proposed a $2,000 tariff “dividend” for each person, excluding high-income earners. If the cutoff is $100,000, 150M adults would qualify, for a cost near $300 billion.
If kids qualify, that grows. Only problem, new tariffs have raised $120 billion so far.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
(Disclaimer: ഈ ലേഖനം ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട്/ക്രിപ്റ്റോകറൻസി മുതലായവ വാങ്ങാനോ വില്ക്കാനോ ഉള്ള നിര്ദേശമോ ഉപദേശമോ അല്ല. ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട് മുതലായ നിക്ഷേപങ്ങൾ വിപണിയിലെ റിസ്കുകൾക്ക് വിധേയമാണ്.
നിക്ഷേപം നടത്തുന്നതിന് മുമ്പ് നിങ്ങള് സ്വയം പഠനങ്ങൾ നടത്തുകയോ ഒരു വിദഗ്ധന്റെ ഉപദേശം തേടുകയോ ചെയ്യുക) …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

