ചെന്നൈ ∙ ബെംഗളൂരു – എറണാകുളം വന്ദേഭാരത് സർവീസ് തുടങ്ങിയിട്ടും ചെന്നൈയിൽ നിന്നു കേരള റൂട്ടിലേക്കുള്ള വന്ദേഭാരതിനു കാത്തിരിപ്പു നീളുന്നു. ചെന്നൈ – കോട്ടയം റൂട്ടിൽ വന്ദേഭാരത് ട്രെയിൻ സ്പെഷൽ സർവീസ് വിജയകരമായി ഓടിച്ചതിന് മികച്ച പ്രതികരണം ലഭിച്ചിട്ടും ഇത്തവണ ചെന്നൈയെ തഴഞ്ഞതിൽ യാത്രക്കാരും അമർഷത്തിലാണ്.
വെട്ടിയത് റൂട്ട്
ചെന്നൈയിൽ നിന്ന് ബെംഗളൂരു വഴി എറണാകുളത്തേക്ക് വന്ദേഭാരത് സർവീസ് ആരംഭിക്കാനായിരുന്നു റെയിൽവേ ആദ്യം പദ്ധതിയിട്ടത്.
എന്നാൽ പിന്നീട് ഈ പദ്ധതി ഉപേക്ഷിക്കുകയും ബെംഗളൂരു – എറണാകുളം ട്രെയിൻ പ്രഖ്യാപിക്കുകയുമായിരുന്നു.
2023ൽ ശബരിമല സീസണിൽ ചെന്നൈയിൽ നിന്ന് കോട്ടയത്തേക്കും തിരിച്ചുമായി 8 വന്ദേഭാരത് സ്പെഷൽ സർവീസുകൾ നടത്തിയിരുന്നു. പുലർച്ചെ 4.30ന് ചെന്നൈ സെൻട്രലിൽനിന്നു പുറപ്പെട്ട് വൈകിട്ട് 4.15ന് കോട്ടയത്തെത്തുന്ന 4 ട്രെയിനുകളും മടക്ക സർവീസായി പുലർച്ചെ 4.40ന് കോട്ടയത്തു നിന്നു പുറപ്പെട്ട് വൈകിട്ട് 5.15ന് ചെന്നൈയിലെത്തുന്ന ട്രെയിനുകളുമാണ് ഉണ്ടായിരുന്നത്.
എറണാകുളം, ആലുവ, തൃശൂർ, പാലക്കാട് എന്നിവിടങ്ങളിൽ സ്റ്റോപ്പുകളുണ്ടായിരുന്നതിനാൽ ശബരിമല തീർഥാടകർക്കു പുറമേ മധ്യ കേരളത്തിലെ യാത്രക്കാർക്കും ഏറെ ഗുണകരമായ സർവീസാണ് അന്നു നടത്തിയത്.
ഇതിനു പുറമേ, ക്രിസ്മസ് കാലത്തെ തിരക്ക് കണക്കിലെടുത്ത് 2023 ഡിസംബർ 25ന് ചെന്നൈയിൽ നിന്നു കോഴിക്കോട്ടേയ്ക്കും വന്ദേഭാരത് സ്പെഷൽ സർവീസ് നടത്തി. ദക്ഷിണ കേരളത്തെ അപേക്ഷിച്ച് ചെന്നൈയിൽ നിന്ന് ട്രെയിൻ സർവീസുകൾ കുറവുള്ള വടക്കൻ കേരളത്തിലേക്ക് നടത്തിയ സർവീസിനും മികച്ച പ്രതികരണം ലഭിച്ചതോടെ ഈ പാതയിൽ സ്ഥിരം സർവീസുകൾ നടത്തിയേക്കുമെന്നു പ്രതീക്ഷയുണ്ടായിരുന്നു.
എന്നാൽ പിന്നീട് ഇതുമായി ബന്ധപ്പെട്ട ചർച്ചകളോ പ്രഖ്യാപനങ്ങളോ ഉണ്ടായില്ല.
ബെംഗളൂരു വന്ദേഭാരത് പിടിക്കാം
ബെംഗളൂരു – എറണാകുളം വന്ദേഭാരതിന് ഏറ്റവും കൂടുതൽ സ്റ്റോപ്പുകളുള്ളത് തമിഴ്നാട്ടിലാണെന്ന പ്രത്യേകതയുമുണ്ട്.
കോയമ്പത്തൂർ, തിരുപ്പൂർ, ഈറോഡ്, സേലം എന്നിവിടങ്ങളിലെ സ്റ്റോപ്പുകൾ ഇവിടങ്ങളിൽ ജോലി ചെയ്യുന്നവർക്കു മാത്രമല്ല, ഇവിടെയിറങ്ങി തമിഴ്നാടിന്റെ വിവിധ മേഖലകളിലേക്കു തുടർയാത്ര നടത്തേണ്ടവർക്കും ഉപയോഗപ്രദമാകും. ചെന്നൈയിൽ നിന്ന് കേരളത്തിലേക്കുള്ള ട്രെയിനുകളിൽ ടിക്കറ്റുകൾ ലഭ്യമല്ലാത്തപ്പോൾ, രാത്രി ട്രെയിനുകളിൽ യാത്ര ചെയ്ത് രാവിലെ കോയമ്പത്തൂരിലെത്തുന്നവർക്കു ബെംഗളൂരുവിൽ നിന്നുള്ള വന്ദേഭാരത് പിടിക്കാൻ സാധിക്കും.
വൈകിട്ട് 5ന് കോയമ്പത്തൂരിലെത്തുന്ന വന്ദേഭാരതിൽ വരുന്നവർക്ക് രാത്രിയിലെ ചേരൻ, നീലഗിരി എക്സ്പ്രസുകളിൽ ചെന്നൈയ്ക്കു വരാനും സാധിക്കും. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

