ഗുഡ്ഗാവ്: സഹപാഠിയെ വീട്ടിലേക്ക് വിളിച്ചുവരുത്തി വെടിവെച്ച സംഭവത്തിൽ രണ്ട് പ്ലസ് വൺ വിദ്യാർത്ഥികൾ പൊലീസ് കസ്റ്റഡിയിൽ. ഹരിയാനയിലെ ഗുഡ്ഗാവിലുള്ള ഒരു ആഡംബര ഹൗസിംഗ് സൊസൈറ്റിയിലാണ് സംഭവം.
പ്രതികളിലൊരാളുടെ പിതാവിൻ്റെ ലൈസൻസുള്ള തോക്ക് ഉപയോഗിച്ചായിരുന്നു ആക്രമണം. ഗുരുതരമായി പരിക്കേറ്റ വിദ്യാർത്ഥിയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ശനിയാഴ്ച രാത്രി സെക്ടർ 48-ലെ സെൻട്രൽ പാർക്ക് റിസോർട്ട്സിലാണ് സംഭവം നടന്നത്. ഒരുമിച്ച് ഭക്ഷണം കഴിക്കാമെന്ന് പറഞ്ഞാണ് പ്രതികളിലൊരാൾ സഹപാഠിയെ തൻ്റെ ഫ്ലാറ്റിലേക്ക് ക്ഷണിച്ചത്.
വിദ്യാർത്ഥികൾക്കിടയിൽ നേരത്തെയുണ്ടായിരുന്ന തർക്കമാണ് ആക്രമണത്തിൽ കലാശിച്ചതെന്ന് പൊലീസ് അറിയിച്ചു. മൂവരും ഒരേ സ്കൂളിലെ വിദ്യാർത്ഥികളാണ്.
വിദ്യാർത്ഥിയുടെ അമ്മയുടെ പരാതി സദർ പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ, പ്രധാന പ്രതിയായ വിദ്യാർത്ഥി തൻ്റെ മകനെ വീട്ടിലേക്ക് നിർബന്ധിച്ച് വിളിച്ചുവരുത്തുകയായിരുന്നുവെന്ന് വെടിയേറ്റ കുട്ടിയുടെ അമ്മ പറയുന്നു. മകൻ ആദ്യം വിസമ്മതിച്ചെങ്കിലും, പ്രതി വീട്ടിലെത്തി കൂട്ടിക്കൊണ്ടുപോവുകയായിരുന്നു.
ഫ്ലാറ്റിൽ എത്തിയപ്പോൾ അവിടെ മറ്റൊരു സഹപാഠി കൂടി ഉണ്ടായിരുന്നു. തുടർന്ന് പ്രതി പിതാവിൻ്റെ ലൈസൻസുള്ള തോക്കെടുത്ത് തൻ്റെ മകന് നേരെ നിറയൊഴിക്കുകയായിരുന്നുവെന്നും അമ്മയുടെ പരാതിയിൽ പറയുന്നു.
വിവരമറിഞ്ഞെത്തിയ പൊലീസ് സംഘമാണ് പരിക്കേറ്റ വിദ്യാർത്ഥിയെ മേദാന്ത ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സംഭവസ്ഥലത്തുനിന്നും ഒരു പിസ്റ്റൾ, രണ്ട് മാഗസിനുകൾ, ഉപയോഗിച്ച ഒരു ഷെൽ, 70 വെടിയുണ്ടകൾ എന്നിവ കണ്ടെടുത്തതായി പൊലീസ് അറിയിച്ചു.
ഫോറൻസിക് വിദഗ്ദ്ധരും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. ലൈസൻസുള്ള ആയുധങ്ങൾ കുട്ടികൾക്ക് ലഭ്യമാകാത്ത വിധം സുരക്ഷിതമായി സൂക്ഷിക്കണമെന്ന് ഗുഡ്ഗാവ് പൊലീസ് തോക്ക് ഉടമകൾക്ക് നിർദ്ദേശം നൽകി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

