250 രൂപയ്ക്ക് കശുവണ്ടിപ്പരിപ്പു വാങ്ങി റോസ്റ്റ് ചെയ്ത് ബാറിൽ വിൽപന നടത്തിയിരുന്ന ലിറ്റിൽ ഫ്ലവർ ഇന്ന് മാസം 12 ലക്ഷം രൂപ വിറ്റുവരവു നേടുന്ന സംരംഭകയാണ്. കേരളാ വിപണിയിൽ കടുത്ത മത്സരം നേരിടുന്ന റെഡി–ടു–ഈറ്റ് വിഭവങ്ങളാണ് തയാറാക്കുന്നത്.
എങ്കിലും വേറിട്ട ഉൽപന്നങ്ങളും സവിശേഷമായ രുചിയും മുൻനിർത്തി ആ മത്സരത്തെ അതിജീവിച്ചു വിജയംനേടിയ അനുഭവമാണ് ഇവരുടെ യേയം ഫുഡ് പ്രോഡക്റ്റ്സിനു (Aeyam Food Products) പറയാനുള്ളത്.
തൃശൂരിലെ കാച്ചേരിയിലാണ് സ്ഥാപനം പ്രവർത്തിക്കുന്നത്.
എന്താണ് ബിസിനസ്?
കൊഴുവമീൻ ചട്നി പൗഡർ, കൊഴുവ ഫ്രൈ, ചെമ്മീൻ റോസ്റ്റ്, ചെമ്മീൻ പൗഡർ, ടൂണമീൻ ചട്നി പൗഡർ, ടൂണമീൻ അച്ചാർ, സ്രാവ് മീൻ ചമ്മന്തിപ്പൊടിയും അച്ചാറും, മാന്തൾ ചമ്മന്തിപ്പൊടിയും അച്ചാറും, കാന്താ രി അച്ചാർ, മാങ്ങ അച്ചാർ തുടങ്ങിയവയെല്ലാം തയാറാ ക്കി വിൽക്കുന്നുണ്ട്. ഉണക്കമത്സ്യങ്ങളാണ് കൂടുതലായും വിപണിയിൽനിന്നു ശേഖരിക്കുന്നത്.
ഒപ്പം ടൂണ, സ്രാവ് എന്നീ മത്സ്യങ്ങൾ പച്ചയ്ക്കു വാങ്ങി ഡ്രയറിൽ ഉണക്കിപ്പൊടിച്ച് ചട്നിയും നിർമിക്കുന്നു.
കോവിഡ് വഴിത്തിരിവായി
കോവിഡ് മഹാമാരിയെ തുടർന്ന് ബാറുകൾ പൂട്ടിയപ്പോൾ വരുമാനം നിലച്ചു. അതോടെ മാറി ചിന്തിക്കാതെ തരമില്ലാതെയായി.
അങ്ങനെയാണ് ഉണക്കമത്സ്യ വിഭവങ്ങളിലേക്കു കടന്നത്. എല്ലാവർക്കും ആവശ്യമായതും എളുപ്പത്തിൽ വിറ്റഴിക്കാൻ കഴിയുന്നതുമായ ഉൽപന്നങ്ങൾ എന്ന നിലയിലാണ് അങ്ങനെ തീരുമാനിച്ചത്.
ഒപ്പം സ്വന്തം കൈപ്പുണ്യത്തിലുള്ള വിശ്വാസവുംകൂടിയായ പ്പോൾ സംരംഭത്തിനു തുടക്കംകുറിച്ചു.
വീടിന്റെ മുകളിലത്തെ നിലയിൽ വളരെ ചെറിയ രീതിയിലായിരുന്നു തുടക്കം. ജോലിക്കാർ ആരുമില്ലായിരുന്നു.
സഹായത്തിന് ഭർത്താവ് തോമസ് മാത്രം. വാങ്ങിയവർ വീണ്ടും വാങ്ങാൻതുടങ്ങിയപ്പോൾ ക്രമേണ വിപണി വലുതായി.
അങ്ങനെ 2,000 ചതുരശ്രയടി കെട്ടിടം വാടകയ്ക്കെടുത്ത് ഉൽപാദനം അങ്ങോട്ടു മാറ്റി. നൂതന മെഷിനറികൾ സ്ഥാപിച്ചു.
എല്ലാവിധ ലൈസൻസുകളും സമ്പാദിച്ചു. FSSAI, മലിനീകരണ നിയന്ത്രണബോർഡ്, തദ്ദേശ സ്വയംഭരണ അനുമതി, പാക്കർ ലൈസൻസ്, ജിഎസ്ടി തുടങ്ങിയ എല്ലാ അനുമതികളും സ്ഥാപനത്തിനുണ്ട്.
ഇപ്പോൾ 10 പേർക്ക് ജോലിയും ഉപജീവന മാർഗവും നൽകാൻ കഴിയുന്നു.
20 ലക്ഷം നിക്ഷേപം
ഏകദേശം 20 ലക്ഷം രൂപ സംരംഭത്തിനായി നിക്ഷേപിച്ചു. PMFME (പ്രധാനമന്ത്രി ഭക്ഷ്യ സംസ്കരണ പദ്ധതി) പ്രകാരമാണ് വായ്പ എടുത്തത്.
35% സബ്സിഡിയും ലഭിച്ചു. ഡ്രയർ, റോസ്റ്റർ, ഗ്രൈൻഡർ, സീലിങ് & പാക്കിങ് മെഷീൻ തുടങ്ങിയവയാണ് പ്രധാന മെഷിനറികൾ.
സർക്കാർ ജീവനക്കാരനായ ഭർത്താവ് സമയം കിട്ടുമ്പോഴെല്ലാം സഹായിക്കും. മകൻ ക്രിസ്റ്റിൻ മുഴുവൻ സമയവും സ്ഥാപനത്തിലുണ്ട്.
മുഖ്യ വിൽപന ലുലുവിൽ
ലുലു സൂപ്പർ മാർക്കറ്റുകൾ കേന്ദ്രീകരിച്ചാണ് മുഖ്യ വിൽപന.
കോർപറേറ്റ് പർച്ചേസായതിനാൽ കൃത്യമായ വിലയും പരിഗണനയും ലുലു ഗ്രൂപ്പിൽനിന്നും ലഭിക്കുന്നുണ്ടെന്ന് ലിറ്റിൽ ഫ്ലവർ പറയുന്നു. കോട്ടയം, തിരുവനന്തപുരം, പാലക്കാട്, എറണാകുളം, തൃശൂർ എന്നിവിടങ്ങളിലെ പ്രധാന സൂപ്പർ മാർക്കറ്റുകളിലും ഉൽപന്നങ്ങൾ നൽകുന്നു.
മധ്യപ്രദേശ്, ഗുജറാത്ത് എന്നിവിടങ്ങളിലെ സ്ഥിരം ഉപഭോക്താക്കൾക്ക് ഉൽപന്നങ്ങൾ കുറിയർ ചെയ്യുന്നു. വിദേശത്തേക്കു പോകുന്നവർ നേരിട്ടെത്തി വാങ്ങുന്നുണ്ട്.
ഏറെ മത്സരമുള്ള
വിപണിയായിട്ടും നിലവിൽ ശരാശരി 12 ലക്ഷം രൂപയുടെ പ്രതിമാസ കച്ചവടമുണ്ട്. 25% അറ്റാദായമെടുത്താണ് വിൽപന.
എന്നിട്ടും എത്രയുണ്ടാക്കിയാലും സുഗമമായി വിൽക്കാൻ കഴിയുന്ന സ്ഥിതിയാണ്. ചെമ്മീൻ റോസ്റ്റിൽ മാത്രമാണ് മത്സരം നേരിടേണ്ടതായി വരുന്നത്.
രുചി എന്ന യുഎസ്പി
വീടുകളിൽ നിർമിക്കുന്ന മത്സ്യവിഭവങ്ങൾപോലെ മികച്ച ടേസ്റ്റാണ് യുണീക് സെല്ലിങ് പോയിന്റ്.
ഒപ്പം പരിശുദ്ധി, വൃത്തി, കൃത്രിമ കളറോ ഫ്ലേവറുകളോ ചേർക്കുന്നില്ല എന്നിവയും വിജയം ഉറപ്പാക്കുന്നു. തേങ്ങാപ്പൊടിയും സുഗന്ധവ്യഞ്ജനങ്ങളും എല്ലാം കൃത്യമായ അനുപാതത്തിൽ ചേർത്താണ് മികച്ച ടേസ്റ്റ് ഉറപ്പുവരുത്തുന്നതെന്ന് ലിറ്റിൽ ഫ്ലവർ പറയുന്നു.
വെളിച്ചെണ്ണയിൽ മാത്രം എല്ലാം തയാറാക്കുന്നു എന്ന പ്രത്യേകതയുമുണ്ട്. മകന്റെ വിവാഹശേഷം ഉൽപാദനം ഇരട്ടിയാക്കാൻ ഒരുങ്ങുകയാണ് ലിറ്റിൽ ഫ്ലവർ.
അതിനുള്ള തയാറെടുപ്പുകൾ തുടങ്ങിക്കഴിഞ്ഞു.
വിലാസം:
ലിറ്റിൽ ഫ്ലവർ
W/o തോമസ്,
Aeyam Food Products,
കാച്ചേരി, നടത്തറ പി.ഒ.,
തൃശൂർ–680751
പുതു സംരംഭകർക്ക്
റെഡി–ടു–ഈറ്റ് വിഭവങ്ങൾക്ക് എക്കാലത്തും വലിയവിപണിയുണ്ട്. പക്ഷേ, വ്യത്യസ്തമായവ നൽകാൻ ശ്രമിക്കണം, മികച്ച രുചിയും ഉറപ്പാക്കണം.
ഇത്തരം ഉൽപന്നങ്ങൾക്ക് കാര്യമായ നിക്ഷേപ ആവശ്യമില്ല. വീട്ടിലെ സൗകര്യങ്ങൾ ഉപയോഗിക്കാമെന്നതിനാൽ വീട്ടമ്മമാർക്കും ശോഭിക്കാം.
കുടുംബ ബിസിനസായി തുടങ്ങാം. എങ്കിലും ബ്രാൻഡ് ചെയ്ത്, എല്ലാ ലൈസൻസുകളും സമ്പാദിച്ചു വേണം മുന്നോട്ടു പോവാൻ.
മാസം 2 ലക്ഷം രൂപയുടെ കച്ചവടം നേടിയാൽപോലും 50,000 രൂപവരെ ലാഭം നേടാം•
(ടി.എസ്. ചന്ദ്രൻ, മുൻ ഡെപ്യൂട്ടി ഡയറക്ടർ, സംസ്ഥാന വ്യവസായ–വാണിജ്യവകുപ്പ്)
സമ്പാദ്യം നവംബർ ലക്കത്തിൽ പ്രസിദ്ധീകരിച്ചത്.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

