കൊല്ലം ∙ തെരുവുനായ്ക്കളെ പിടിച്ചു കെട്ടണമെന്ന സുപ്രീം കോടതി ഉത്തരവ് ജില്ലയിൽ നടപ്പായേക്കില്ല. വന്ധ്യംകരണത്തിനു ശേഷം തെരുവുനായ്ക്കളെ പിടികൂടിയ സ്ഥലത്തു തന്നെ ഉപേക്ഷിക്കുകയാണ് നിലവിൽ ചെയ്യുന്നത്.
ഇവയെ തിരികെ വിടരുതെന്നും വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആശുപത്രികൾ, ബസ് സ്റ്റാൻഡ്, റെയിൽവേ സ്റ്റേഷൻ തുടങ്ങിയവയുടെ പരിസരത്തുള്ള നായ്ക്കളെ ഉടൻ പിടികൂടി ഷെൽറ്റർ ഹോമുകളിലേക്കു മാറ്റണമെന്നുമാണ് സുപ്രീം കോടതി പറഞ്ഞത്.
ജില്ലയിലെ റെയിൽവേ സ്റ്റേഷനുകൾ, ബസ് സ്റ്റാൻഡുകൾ, ആശ്രാമം മൈതാനം, ബീച്ച് തുടങ്ങി ജനങ്ങൾ ഒത്തുകൂടുന്ന ഇടങ്ങളെല്ലാം തെരുവുനായ്ക്കളുടെ കേന്ദ്രങ്ങളാണ്. ഇവയെ പിടികൂടിയാൽ പോലും എവിടെ പാർപ്പിക്കും എന്നതാണ് ഉയരുന്ന ചോദ്യം.
ജില്ലയിൽ ഒരൊറ്റ ഷെൽറ്റർ ഹോം പോലും നിലവിലില്ല. ദിവസങ്ങൾക്കു മുൻപ് ഉപരാഷ്ട്രപതി കൊല്ലത്തെത്തിയപ്പോൾ ആശ്രാമം മൈതാനത്തെ തെരുവുനായ്ക്കളെ മുഴുവൻ പിടികൂടി ഇവിടെ നിന്നു മാറ്റിയിരുന്നു.
എന്നാൽ ഉപരാഷ്ട്രപതി മടങ്ങിയ ശേഷം ഈ നായ്ക്കളെ എല്ലാം തിരികെയെത്തിക്കുകയും ചെയ്തു.
ശാശ്വതമായ പരിഹാരമോ നീക്കമോ ഇതുവരെ വിഷയത്തിൽ ഉണ്ടായിട്ടില്ല. കഴിഞ്ഞ ദിവസവും അഞ്ചലിൽ തെരുവുനായ് ആക്രമണത്തിൽ 15 പേർക്കു പരുക്ക് പറ്റിയിരുന്നു.
ഷെൽറ്റർ ഹോമുകൾ സ്ഥാപിക്കാൻ സ്ഥലം ലഭ്യമാകാത്തതാണ് വിഷയത്തിൽ നേരിടുന്ന പ്രധാന വെല്ലുവിളി. ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ കുരിയോട്ടുമലയിൽ എബിസി (അനിമൽ ബർത്ത് കൺട്രോൾ) സെന്ററിനോടൊപ്പം ഒരു ഷെൽറ്റർ ഹോമിന്റെ നിർമാണം പുരോഗമിക്കുന്നുണ്ട്.
എന്നാൽ ഒരേസമയം 9 നായ്ക്കളെ വന്ധ്യംകരണ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കാൻ സാധിക്കുന്ന ഇവിടെ സർജറി കഴിഞ്ഞുള്ള 25 നായ്ക്കളെ മാത്രമാണ് പാർപ്പിക്കാൻ സാധിക്കുക. ഷെൽറ്റർ ഹോമുകൾക്കപ്പുറം തെരുവുനായ്ക്കളെ നിയന്ത്രിക്കാനും വന്ധ്യംകരിക്കാനുമുള്ള നടപടികളും നാമമാത്രമാണ് ജില്ലയിൽ നടക്കുന്നത്.
തെരുവുനായ്ക്കളെ വന്ധ്യംകരിക്കുന്നതിനുള്ള എബിസി സെന്ററുകൾ ജില്ലയിൽ ആകെ രണ്ടെണ്ണമാണ് ഉള്ളത്. കോർപറേഷന്റെ 2 എബിസി സെന്ററുകളിലായി (അഞ്ചാലുംമൂട്, പുന്തലത്താഴം) പതിനഞ്ചോളം നായ്ക്കളെ ആണ് ഇപ്പോൾ ഒരു ദിവസം വന്ധ്യംകരണം നടത്തുന്നത്.
ഇതിൽ പുന്തലത്താഴം എബിസി സെന്റർ കഴിഞ്ഞ ദിവസമാണ് പ്രവർത്തനം ആരംഭിച്ചത്.
ഇതിനോടകം പതിനയ്യായിരത്തിലധികം നായ്ക്കളെ കോർപറേഷന്റെ നേതൃത്വത്തിൽ വന്ധ്യംകരിച്ചുവെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. ജില്ലയിലെ നഗരസഭകളായ കൊട്ടാരക്കര, കരുനാഗപ്പള്ളി, പുനലൂർ, പരവൂർ എന്നീ ഇടങ്ങളിലോ ഗ്രാമപ്പഞ്ചായത്തുകളിലോ എബിസി സെന്ററുകളില്ല.
പ്രശ്നം രൂക്ഷമാക്കുന്നത് വഴിയരികിലെ ‘സദ്യ’
തെരുവുനായ് പ്രശ്നം ഇത്രയധികം രൂക്ഷമാകാൻ കാരണം ഭക്ഷണത്തിന്റെയും മാലിന്യത്തിന്റെയും അമിത ലഭ്യത കൂടിയാണ്.
ജില്ലയിൽ ആകെയുള്ള കോർപറേഷന്റെ അറവുശാല വർഷങ്ങളായി പ്രവർത്തിക്കുന്നില്ല. പല ഇടങ്ങളിലായി ഉപേക്ഷിക്കപ്പെടുന്ന അറവുമാലിന്യവും മാംസ ഭക്ഷണാവശിഷ്ടങ്ങളും തെരുവുനായ്ക്കളെ വളർത്തുന്നുണ്ട്.
നായ്ക്കളെ ആകർഷിക്കുന്ന ഭക്ഷണമാലിന്യം തള്ളുന്നത് ഒഴിവാക്കാൻ സംവിധാനമൊരുക്കണമെന്നും തെരുവുനായ്ക്കൾക്കു ഭക്ഷണം നൽകുന്നതിന് കൃത്യമായ സ്ഥലങ്ങൾ നിശ്ചയിക്കണമെന്നും നിയന്ത്രിക്കണമെന്നും സുപ്രീം കോടതി ഉത്തരവിൽ വ്യക്തമാക്കിയിരുന്നു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

