രാജപുരം ∙ കള്ളാർ-ചുള്ളിത്തട്ട് റോഡ് നവീകരണത്തിൽ എഗ്രിമെന്റ് പ്രകാരമുള്ള നിർമാണം പൂർത്തിയാകും മുൻപേ കരാറുകാരൻ പണി നിർത്തിയതിനെതിരെ പ്രതിഷേധം. മാസങ്ങളായി നിർമാണം നിർത്തിവച്ച നിലയിലാണ്.
ഇതോടെ നാട്ടുകാർ റോഡ് സംരക്ഷണസമിതി രൂപീകരിച്ച് മുഖ്യമന്ത്രിക്കും പൊതുമരാമത്ത് മന്ത്രിക്കും പരാതി നൽകി. പരാതിയെ തുടർന്ന് വിജിലൻസ് വിഭാഗം പരിശോധന നടത്തിയെങ്കിലും തുടർ നടപടിയുണ്ടായിട്ടില്ല.
നിർമാണത്തിലെ അപാകത സംബന്ധിച്ച് വിജിലൻസ് വിഭാഗം നൽകിയ നിർദേശങ്ങളൊന്നും കരാറുകാരൻ പാലിച്ചിട്ടില്ല.
നിർമാണം തീരും മുൻപേ ഉദ്യോഗസ്ഥർ കംപ്ലീഷൻ സർട്ടിഫിക്കറ്റ് നൽകിയതാണ് കരാറുകാരൻ നിർമാണം നിർത്തിവയ്ക്കാൻ കാരണമെന്ന് റോഡ് സംരക്ഷണ സമിതി ഭാരവാഹികൾ പറയുന്നു.
അതേ സമയം, കരാർ പ്രകാരമുള്ള പ്രവൃത്തികളെല്ലാം പൂർത്തിയാക്കിയതായി കാസർകോട് റോഡ് വിഭാഗം എക്സിക്യൂട്ടീവ് എൻജിനീയർ മേലധികാരികൾക്ക് നൽകിയ റിപ്പോർട്ടിൽ പറയുന്നുണ്ട്. പക്ഷെ കരാറിൽ ചെയ്യേണ്ട
പല ജോലികളും ഇനിയും ബാക്കിയുള്ളതായി നിലവിലെ ഉദ്യോഗസ്ഥർ സമ്മതിക്കുന്നു. കംപ്ലീഷൻ സർട്ടിഫിക്കറ്റ് നൽകിയ നടത്തിയ അന്നത്തെ ഉദ്യോഗസ്ഥർക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്നും ആവശ്യമുയർന്നിട്ടുണ്ട്.
കളളാർ–ചുള്ളിത്തട്ട് റോഡിൽ ഐറിഷ് ഡ്രെയിൻ, ക്രാഷ് ബാരിയർ, സൈൻബോർഡുകൾ തുടങ്ങിയവ ചെയ്യാൻ ബാക്കിയുണ്ട്.
നിർമാണം പൂർത്തിയാക്കണം എന്നാവശ്യപ്പെട്ട് കരാറുകാരന് നോട്ടിസ് നൽകിയെങ്കിലും മറുപടി ലഭിച്ചിട്ടില്ല. നിർമാണം പൂർത്തിയാകാത്തതു കൊണ്ട് അവസാന ബില്ലിലുള്ള ഒരു കോടിയോളം രൂപ ഇതുവരെ നൽകിയിട്ടില്ല.
ബാക്കിയുള്ള നിർമാണം എത്രയും വേഗം പൂർത്തിയാക്കാൻ നടപടി സ്വീകരിക്കും.
അസി.എക്സിക്യുട്ടീവ് എൻജിനീയർ, റോഡ് വിഭാഗം, കാഞ്ഞങ്ങാട് സബ് ഡിവിഷൻ
കള്ളാർ–ചുള്ളിത്തട്ട് റോഡിൽ കള്ളാർ മുതൽ 4.500 കിലോമീറ്റർ ദൂരം 10 മീറ്റർ വീതിയിൽ നവീകരിച്ച് 5.50 മീറ്റർ വീതിയിൽ മെക്കാഡം ടാർ ചെയ്യാൻ 2021ൽ ടെൻഡർ നടപടി പൂർത്തീകരിച്ച് 2022 ജൂണിലാണ് ജോലികൾ ആരംഭിച്ചത്. പ്രവൃത്തിയുടെ നടത്തിപ്പിനായി പഞ്ചായത്ത് പ്രസിഡന്റ് ടി.കെ.നാരായണൻ ചെയർമാനായി ജനകീയകമ്മിറ്റി രൂപീകരിച്ചിരുന്നു.
കമ്മിറ്റിയുടെ നേതൃത്വത്തിൽ റോഡ് വികസനത്തിന് ആവശ്യമായ സ്ഥലം ഫ്രീ സറണ്ടർ വ്യവസ്ഥയിൽ വിട്ടു നൽകിയിരുന്നതായും പറയുന്നു.
എന്നാൽ, ആവശ്യത്തിനു വീതി കൂട്ടാതെയും എസ്റ്റിമേറ്റിൽ പറഞ്ഞ രീതിയിൽ ജോലി തീർക്കാതെയും ഉദ്യോഗസ്ഥർ കംപ്ലീഷൻ സർട്ടിഫിക്കറ്റ് നൽകി. ഇതോടെ കരാറുകാരൻ നിർമാണം നിർത്തി സ്ഥലം വിടുകയായിരുന്നെന്ന് കമ്മിറ്റി ഭാരവാഹികൾ പറയുന്നു.
പിന്നീട് നാട്ടുകാർ റോഡ് സംരക്ഷണസമിതി രൂപീകരിച്ച് കാസർകോട് പൊതുമരാമത്ത് റോഡ് വിഭാഗം ഓഫിസിൽ പരാതി നൽകിയെങ്കിലും നടപടിയാകാത്തതിനെ തുടർന്ന് 2024 ജൂലൈ 12ന് പൊതുമരാമത്ത് മന്ത്രി, മുഖ്യമന്ത്രി എന്നിവർക്ക് വീണ്ടും പരാതി നൽകി. കംപ്ലീഷൻ സർട്ടിഫിക്കറ്റ് നൽകിയ റോഡിൽ ഇതുവരെ ഓവുചാൽ നിർമാണം പൂർത്തിയാക്കിയിട്ടില്ല.പല സ്ഥലത്തും കൾവർട്ട് നിർമിച്ചിട്ടുണ്ടെങ്കിലും ഇവിടേയ്ക്ക് വെള്ളം എത്താനുള്ള ഓവുചാൽ നിർമാണം നടത്തിയിട്ടില്ല.
പാതയോരത്ത് സ്ഥാപിക്കേണ്ട
സൂചന ബോർഡുകൾ, അപകട സാധ്യതയുള്ള സ്ഥലങ്ങളിൽ റെയിൽ ഗാർഡുകൾ എന്നിവ സ്ഥാപിച്ചിട്ടില്ല. റോഡിൽ പല സ്ഥലങ്ങളിലായി റോഡ് താഴ്ന്ന് വാഹനങ്ങൾക്കു ഭീഷണിയാണ്.
അപകടവും നടക്കുന്നുണ്ട്. നിർമാണത്തിൽ അഴിമതി നടന്നിട്ടുണ്ടെന്നും അന്വേഷിക്കണമെന്നും നിർമാണം എത്രയും വേഗം പൂർത്തിയാക്കണമെന്നും റോഡ് സംരക്ഷണ സമിതി ഭാരവാഹികളായ വി.സി.ജോസഫ്, അജിത്ത് ജോസഫ്, അരവിന്ദാക്ഷൻ തേമനംപുഴ എന്നിവർ നൽകിയ പരാതിയിൽ പറയുന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

