പത്തനംതിട്ട∙ പഴുതടച്ചുള്ള തെളിവ് ശേഖരണമാണ് കവിത കൊലക്കേസിൽ പ്രതിക്ക് ജീവപര്യന്തം ശിക്ഷ ഉറപ്പാക്കിയത്. അന്വേഷണ ഉദ്യോഗസ്ഥന്റെ ആത്മാർഥതയും അർപ്പണ ബോധവും ജാഗ്രതയും അഭിനന്ദനം അർഹിക്കുന്നതായി കോടതി വിധിന്യായത്തിൽ വ്യക്തമാക്കി.
തിരുവല്ല സിഐയായിരുന്ന പി.ആർ.സന്തോഷാണ് കേസ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. ഇപ്പോൾ എറണാകുളം ടൗൺ സൗത്ത് ഇൻസ്പെക്ടറായ സന്തോഷ്, കേസിലെ വിധിയറിയാനായി കോടതിയിൽ എത്തിയിരുന്നു.
കോടതിയുടെ അഭിനന്ദനം ലഭിച്ചത് വലിയ അംഗീകാരമായാണ് കാണുന്നതെന്ന് അദ്ദേഹം പറഞ്ഞു.
അന്വേഷണ നാളുകളിലെ അനുഭവങ്ങളും മറക്കാനാകില്ലെന്ന് സന്തോഷ് വ്യക്തമാക്കി. അന്നത്തെ ജില്ലാ പൊലീസ് മേധാവി ജി.ജയദേവ്, ഡിവൈഎസ്പി ജെ.ഉമേഷ് കുമാർ, സീനിയർ സിവിൽ പൊലീസ് ഓഫിസർ ഗോപകുമാർ എന്നിവരും പിന്തുണ നൽകി.
കവിതയെ കൊലപ്പെടുത്താനുറപ്പിച്ച് അജിൻ റജി മാത്യു ആക്രമിച്ചത് പട്ടാപ്പകലായിരുന്നെങ്കിലും സാക്ഷികളെ കണ്ടെത്തൽ എളുപ്പമായിരുന്നില്ല. സംഭവസമയത്ത് സ്ഥലത്തെ കടകൾ പലതും രാവിലെ തുറന്ന് വരുന്നതേയുണ്ടായിരുന്നുള്ളു.
3 കടകളിൽ ഒരു ടയർ കട മാത്രമാണ് തുറന്നിരുന്നത്.
എതിർവശത്തെ കടകളും തുറന്നിരുന്നില്ല. സാക്ഷികളെ കണ്ടെത്തിയത് നിർണായകമായി.
സിസിടിവി ദൃശ്യങ്ങളും പരമാവധി ശേഖരിച്ചു.
കവിത ആക്രമിക്കപ്പെട്ട ദിനത്തിൽ പ്രതി വീട്ടിൽ നിന്നിറങ്ങിയ സമയം മുതലുള്ള വിവരങ്ങൾ പൂർണമായും കണ്ടെത്തി.
സംഭവം നടന്ന റെയിൽവേ സ്റ്റേഷൻ റോഡിലെ കടയിലെ സിസിടിവിയിൽ ആക്രമദൃശ്യങ്ങൾ പതിഞ്ഞിരുന്നു. 40 സെക്കൻഡുള്ള ദൃശ്യങ്ങൾ പൊലീസ് അന്ന് തന്നെ പരിശോധിച്ചിരുന്നു.
പെട്രോൾ വാങ്ങുന്നതിനാവശ്യമായ പണം പിൻവലിക്കാനായി അജിൻ എടിഎമ്മിൽ കയറിയതും തുടർന്ന് പമ്പിലെത്തിയതിന്റെയും ദൃശ്യങ്ങളും കണ്ടെത്തി. കത്തിയിലെ ചോരപ്പാടും തെളിവായി.
പ്രതിയെ സംഭവസ്ഥലത്ത് തെളിവെടുപ്പിനെത്തിച്ചതും വീഡിയോയിൽ പകർത്തി ഫൊറൻസിക് വിഭാഗത്തിന് കൈമാറിയതായി സന്തോഷ് പറഞ്ഞു.
അന്വേഷണസംഘം കണ്ടെത്തിയ തെളിവുകളാണ് കേസിൽ നിർണായകമായതെന്ന് പ്രൊസികൃൂട്ടർ ഹരിശങ്കർ പ്രസാദും വ്യക്തമാക്കി. അന്വേഷണ ഉദ്യോഗസ്ഥനെ അഭിനന്ദിച്ചുള്ള വിധിപകർപ്പ് കോടതി നേരിട്ട് എറണാകുളം, പത്തനംതിട്ട
എസ്പിമാർക്ക് അയക്കും. പി.ആർ.സന്തോഷിന് പ്രശംസാപത്രം നൽകണമെന്നാണ് നിർദേശം.
കുറ്റബോധം അന്നുമില്ല
പ്രതി അജിൻ 18 വയസിലാണ് കൊലപാതകം നടത്തുന്നത്.
6 വർഷങ്ങൾക്കുശേഷമാണ് വിധിയെത്തുന്നത്. കവിതയെ കുത്തിപ്പരുക്കേൽപ്പിച്ച ശേഷം പെട്രോൾ ഒഴിച്ച് തീകൊളുത്തിയ പ്രതി, തീ പടരുന്നത് കണ്ട് സംഭവസ്ഥലത്ത് അക്ഷോഭ്യനായി നോക്കിനിന്നു.
കേസിലെ വിധിപ്രഖ്യാപന ദിനത്തിൽ ജയിലിൽ നിന്നും കോടതിയിലെത്തിയപ്പോഴും പ്രതിക്ക് ഭാവഭേദമുണ്ടായില്ല. പെൺകുട്ടി കൊല്ലപ്പെട്ടു എന്നറിഞ്ഞപ്പോഴും കുറ്റബോധത്തിന്റെ കണിക പോലും പ്രതിക്ക് ഉണ്ടായിരുന്നില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. 3 കുപ്പി പെട്രോൾ, കയർ, കത്തി എന്നിവ കൈവശം അജിൻ കരുതിയത് ഏതുവിധേനയും കൊലപാതകം നടത്താനുറപ്പിച്ചായിരുന്നുവെന്നും ഇവർ പറഞ്ഞു.
വിചാരണ കാലയളവിൽ ഏറെ നാൾ ജയിലിൽ കഴിഞ്ഞ അജിന് ഒരു തവണ ജാമ്യം അനുവദിച്ചു. ജാമ്യത്തിലിറങ്ങി മുങ്ങിയ ഇയാൾ ഒരു ദിവസം തിരികെ കുമ്പനാട്ടുള്ള വീട്ടിലെത്തിയപ്പോൾ കോയിപ്രം പൊലീസ് പിടികൂടി.
വിധി കേൾക്കാൻ മാതാപിതാക്കളും
പത്തനംതിട്ട∙ ‘അവൾ അന്ന് രാവിലെ കോളജിൽ പോകാനിറങ്ങിയപ്പോൾ 2 തവണയാണ് എന്റെ അടുത്തെത്തി യാത്ര പറഞ്ഞത്.
പിന്നെ ഒരിക്കലും അവളോട് എനിക്ക് സംസാരിക്കാൻ കഴിഞ്ഞില്ല’– തോരാക്കണ്ണീരോടെ ഉഷ പറഞ്ഞു. കൊല്ലപ്പെട്ട
കവിതയുടെ മാതാപിതാക്കളായ വിജയ കുമാറും ഉഷയും വിധിയറിയാൻ കോടതിയിലെത്തിയിരുന്നു. ‘അവൾക്ക് അന്ന് എന്തോ അപകടം പറ്റിയെന്ന് ആരോ അറിയിച്ചത് പ്രകാരം കവിതയുടെ അച്ഛനാണ് ആശുപത്രിയിലേക്ക് പോയത്. എറണാകുളത്തെ ആശുപത്രിയിൽ 9 ദിവസം വെന്റിലേറ്ററിലായിരുന്നതിനാൽ ഒരു വാക്കു പോലും മിണ്ടാനായില്ല. ഈ ക്രൂരത ചെയ്തവന് വധശിക്ഷയായിരുന്നു ലഭിക്കേണ്ടിയിരുന്നത്’– ഉഷ പറഞ്ഞു.
വീട്ടിലെ മൂന്ന് പെൺകുട്ടികളിൽ ഇളയതാണ് കവിത. ഇപ്പോൾ പൊൻകുന്നത്താണ് കുടുംബം താമസിക്കുന്നത്.
കത്തിക്കരിഞ്ഞ് ബാഗ്
ആക്രമത്തിനു ശേഷം സംഭവസ്ഥലത്ത് റോഡരികിലായി അവശേഷിച്ചത് പെൺകുട്ടിയുടെ കത്തിക്കരിഞ്ഞ ബാഗ്.
സമീപത്തായി അരലിറ്ററിന്റെ പ്ലാസ്റ്റിക് കുപ്പി, ലൈറ്റർ എന്നിവയുമുണ്ടായിരുന്നു. പെൺകുട്ടിയെ വകവരുത്തിയ ശേഷം സ്വയം ജീവനൊടുക്കാൻ അജിൻ കരുതിയിട്ടുണ്ടാകുമെന്ന നിഗമനവും അന്ന് പൊലീസിനുണ്ടായിരുന്നു. കൈവശം കൂടുതൽ പെട്രോൾ കരുതിയതാണ് ഈ സംശയത്തിന് കാരണം.
ഈ സംഭവത്തിന് 2 വർഷം മുൻപ് കോട്ടയം ഗാന്ധി നഗർ സ്കൂൾ ഓഫ് മെഡിക്കൽ എജ്യുക്കേഷനിലെ ക്ലാസ് മുറിയിൽ വച്ച് വിദ്യാർഥിനിയെ പെട്രോൾ ഒഴിച്ചു തീ കൊളുത്തിയ ശേഷം പൂർവ വിദ്യാർഥിയായ യുവാവ് സ്വയം തീ കൊളുത്തി മരിച്ചിരുന്നു. 2017 ഫെബ്രുവരി 1നായിരുന്നു ഇത്.
ജാമ്യത്തിലെ നിയമ പോരാട്ടം
അറസ്റ്റ് ചെയ്യപ്പെടുന്ന ദിനവും റിമാൻഡ് ചെയ്യാനായി കോടതിയിൽ ഹാജരാക്കിയ ദിവസവും ഒഴിവാക്കി വേണം കുറ്റപത്രത്തിന്റെ സമയപരിധി നിശ്ചയിക്കേണ്ടതെന്ന് കോടതി അംഗീകരിച്ചത് ഈ കേസിൽ
പത്തനംതിട്ട∙ കേസ് റജിസ്റ്റർ ചെയ്തതിന്റെ 89–ാം ദിനം പൊലീസ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചിരുന്നു. എന്നാൽ, കുറ്റപത്രം സമർപ്പിച്ചത് 90 ദിനം കഴിഞ്ഞാണെന്ന വാദം പ്രതിഭാഗം ഉന്നയിച്ചു.
ഇതിനാൽ, പ്രതിക്ക് നിയമാനുസൃത ജാമ്യം അനുവദിക്കണമെന്ന ആവശ്യം മജിസ്ട്രേറ്റ് കോടതി അംഗീകരിച്ചു. സെഷൻസ് കോടതിയിൽ ഇതിനെതിരെ അപ്പീൽ പോയെങ്കിലും ഫലമുണ്ടായില്ല.
തുടർന്ന് പ്രോസിക്യൂഷൻ ഹൈക്കോടതിയെ സമീപിച്ചു. അറസ്റ്റ് ചെയ്യപ്പെടുന്ന ദിനവും റിമാൻഡ് ചെയ്യാനായി കോടതിയിൽ ഹാജരാക്കിയ ദിവസവും ഒഴിവാക്കി വേണം സമയപരിധി നിശ്ചയിക്കേണ്ടതെന്ന് പ്രോസിക്യൂഷൻ വ്യക്തമാക്കി. ഇത് അംഗീകരിച്ച കോടതി പ്രതി അജിന് അന്ന് ജാമ്യം നിഷേധിച്ചു. അജിൻ റജി മാത്യു വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള എന്ന വിധിന്യായത്തിൽ ഇക്കാര്യം രേഖപ്പെടുത്തി.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

