അർജന്റീന ഫുട്ബോൾ ടീമിനെ കേരളത്തിലേക്ക് കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട് നടന്ന അനധികൃത ഇടപാടുകളിൽ സമഗ്രമായ അന്വേഷണം നടത്തണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ആവശ്യപ്പെട്ടു. ലയണൽ മെസ്സിയുടെ പേരിൽ നടന്ന സാമ്പത്തിക ക്രമക്കേടുകളെക്കുറിച്ചും ഇതിന്റെ സ്പോൺസറുടെ സാമ്പത്തിക സ്രോതസ്സിനെക്കുറിച്ചും ഔദ്യോഗിക അന്വേഷണം വേണമെന്നാണ് പ്രധാന ആവശ്യം.
മാധ്യമ സ്ഥാപനങ്ങളുടെ നിയന്ത്രണത്തിലേക്ക് ക്രിമിനൽ പശ്ചാത്തലമുള്ളവരും ഗുരുതരമായ ആരോപണങ്ങൾ നേരിടുന്നവരും കടന്നുവരുന്നത് ജനാധിപത്യത്തിന് വലിയ ഭീഷണിയാണെന്ന് അദ്ദേഹം പ്രസ്താവനയിലൂടെ വ്യക്തമാക്കി. ജനാധിപത്യത്തിന്റെ കാവൽക്കാരാകേണ്ട
മാധ്യമ സ്ഥാപനങ്ങളുടെ തലപ്പത്ത് അത്തരം വ്യക്തികൾ എത്തുമ്പോൾ അത് മാധ്യമങ്ങളുടെ വിശ്വാസ്യതയെയാണ് ചോദ്യം ചെയ്യുന്നത്. അർജന്റീന ഫുട്ബോൾ ടീമിന്റെ സന്ദർശനവുമായി ബന്ധപ്പെട്ട് ഉയർന്നുവന്നിട്ടുള്ള സാമ്പത്തികവും നടപടിക്രമപരവുമായ സംശയങ്ങൾക്ക് കൃത്യമായ മറുപടി ലഭിക്കേണ്ടതുണ്ട്.
കായികവകുപ്പിന്റെ അന്വേഷണ റിപ്പോർട്ടും ഈ വിഷയത്തിൽ കൂടുതൽ പരിശോധനകളുടെ ആവശ്യകതയാണ് ചൂണ്ടിക്കാണിക്കുന്നത്. ഇതോടൊപ്പം മുട്ടിൽ മരംമുറിക്കേസുമായി ബന്ധപ്പെട്ട
നിയമനടപടികളും തുടരുന്നുണ്ട്. കേസിൽ പ്രതിയാണെന്നത് മാത്രം ഒരാളെ കുറ്റക്കാരനാക്കുന്നില്ലെങ്കിലും, ഗുരുതരമായ കേസുകൾ നേരിടുന്ന ഒരാൾ മാധ്യമ സ്ഥാപനത്തിന്റെ ഉടമയായി തുടരുമ്പോൾ സ്ഥാപനത്തിന്റെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെടും.
അത്തരം വിവാദങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറാനുള്ള ശ്രമങ്ങൾ അംഗീകരിക്കാനാവില്ലെന്നും, ജനങ്ങളെ കബളിപ്പിക്കുന്നത് മാധ്യമപ്രവർത്തനമല്ലെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. മാധ്യമ സ്വാതന്ത്ര്യം എന്നത് നിയമത്തിന് മുകളിലുള്ള പരിരക്ഷയല്ല.
മാധ്യമ സ്ഥാപനങ്ങളും ഉടമകളും പൂർണ്ണ സുതാര്യതയും ഉത്തരവാദിത്വവും പുലർത്തേണ്ടതുണ്ട്. ക്രിമിനലുകളും സാമൂഹ്യ വിരുദ്ധ ശക്തികളും മാധ്യമ മേഖലയിലേക്ക് കടന്നുവരുന്നത് തടയണമെന്നും, ഇവരുടെ സാമ്പത്തിക സ്രോതസ്സുകൾ അന്വേഷണ ഏജൻസികൾ പുറത്തുകൊണ്ടുവരണമെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ ആവശ്യപ്പെട്ടു.
കേരളത്തിലെ മാധ്യമരംഗം രാഷ്ട്രീയത്തിന്റെയും പണത്തിന്റെയും താൽപര്യങ്ങൾക്കുള്ള ഉപകരണമായി മാറരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

