പത്തനംതിട്ട ∙ തിരുവല്ലയിൽ നടുറോഡിൽ പത്തൊൻപതുകാരിയെ കുത്തിപ്പരുക്കേൽപിച്ച ശേഷം പെട്രോളൊഴിച്ചു തീ കൊളുത്തി കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതി കുമ്പനാട് കരാലിൻ വീട്ടിൽ അജിൻ റെജി മാത്യുവിന് (24) ജീവപര്യന്തം കഠിനതടവും 5 ലക്ഷം രൂപ പിഴയും ശിക്ഷ.
പത്തനംതിട്ട അഡീഷനൽ ജില്ലാ കോടതി –1 ജഡ്ജി ജി.പി.ജയകൃഷ്ണനാണ് ശിക്ഷ വിധിച്ചത്.
അയിരൂർ ചരുവിൽ കിഴക്കേമുറിയിൽ വിജയകുമാറിന്റെ മകൾ കവിതയാണ് കൊല്ലപ്പെട്ടത്. തടഞ്ഞുവെക്കൽ, കൊലപാതകം എന്നീ കുറ്റങ്ങൾ തെളിഞ്ഞതായി കോടതി കണ്ടെത്തിയിരുന്നു.
പിഴത്തുക പെൺകുട്ടിയുടെ മാതാപിതാക്കൾക്ക് നൽകണം. പിഴ അടച്ചില്ലെങ്കിൽ പ്രതിയുടെ സ്വത്തിൽ നിന്നും തുക ഈടാക്കണമെന്നും വിധിയിൽ പറയുന്നു.
2019 മാർച്ച് 12ന് രാവിലെ 9.11ന് ചിലങ്ക ജംക്ഷനിലെ റെയിൽവേ സ്റ്റേഷൻ റോഡിലായിരുന്നു സംഭവം.
തിരുവല്ലയിലെ സ്വകാര്യ സ്ഥാപനത്തിലെ റേഡിയോളജി വിദ്യാർഥിനിയായിരുന്ന കവിതയെ പിന്തുടർന്നാണ് അജിൻ ആക്രമിച്ചത്. ഇരുവരും വൊക്കേഷനൽ ഹയർസെക്കൻഡറിയിൽ സഹപാഠികളായിരുന്നു.
പ്രണയാഭ്യർഥന നിരസിച്ചതിനാണ് ആക്രമണം നടത്തിയതെന്നാണ് പ്രതി പൊലീസിന് നൽകിയ മൊഴി.
ആക്രമത്തിന്റെ സിസിടിവി ദൃശ്യങ്ങളും പെൺകുട്ടിയുടെ മരണമൊഴിയും കേസിലെ പ്രധാന തെളിവായി. കേസിൽ 43 സാക്ഷികളെ വിസ്തരിച്ചു.
94 രേഖകൾ ഹാജരാക്കി. പ്രോസിക്യൂട്ടർ ഹരിശങ്കർ പ്രസാദിനെയും തെളിവുകൾ ശേഖരിച്ച് മികച്ച രീതിയിൽ കുറ്റാന്വേഷണം നടത്തിയതിന് തിരുവല്ല സിഐയായിരുന്ന പി.ആർ.സന്തോഷിനെയും കോടതി പ്രത്യേകം അഭിനന്ദിച്ചു.
ഇപ്പോൾ എറണാകുളം ടൗൺ സൗത്ത് ഇൻസ്പെക്ടറാണ് സന്തോഷ്.
കവിതയെ ആക്രമിക്കുന്നതിന് പെട്രോൾ, കയർ, കത്തി എന്നിവ ബാഗിൽ കരുതിയാണ് പ്രതി അജിൻ കാത്തുനിന്നത്. ബസിറങ്ങി നടന്നുവന്ന കവിതയുടെ പിന്നാലെയെത്തിയ അജിൻ, സംഭവ സ്ഥലത്തെത്തിയപ്പോൾ മുന്നിലേക്ക് കയറി വഴി തടസ്സപ്പെടുത്തി.
കൈയിൽ കരുതിയിരുന്ന കത്തി കൊണ്ടാണ് ആദ്യം ആക്രമിച്ചത്. വയർ പൊത്തി വേദനയോടെ നിന്ന പെൺകുട്ടിയുടെ തലയിലൂടെ പെട്രോളൊഴിച്ചു തീ കൊളുത്തി.
ഓടിക്കൂടിയ നാട്ടുകാർ ഫ്ലെക്സ് ബോർഡും മറ്റും ഉപയോഗിച്ച് തീ കെടുത്താൻ ശ്രമിച്ചു.
നെഞ്ചിലും കഴുത്തിലും ഗുരുതരമായി പൊള്ളലേറ്റ പെൺകുട്ടിയെ ആദ്യം തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളജിലും പിന്നീട് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും 9 ദിവസത്തിനു ശേഷം മരിച്ചു. നാട്ടുകാർ തടഞ്ഞ് വച്ച അജിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

