ആലപ്പുഴ ∙ തദ്ദേശ തിരഞ്ഞെടുപ്പിലെ സ്ഥാനാർഥി നിർണയത്തിൽ ജയസാധ്യത മാത്രമാകണം മാനദണ്ഡമെന്ന് കോൺഗ്രസ് നേതൃത്വം. തദ്ദേശ തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ ചർച്ച ചെയ്ത ഡിസിസി നേതൃക്യാംപ് എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ എംപി വിഡിയോ കോൺഫറൻസിലൂടെ ഉദ്ഘാടനം ചെയ്തു.
വൈകിട്ട് 7ന് ആരംഭിച്ച ക്യാംപ് രാത്രി വൈകിയാണ് സമാപിച്ചത്. നേതാക്കളുടെ വീടു കയറിയിറങ്ങുന്നവരല്ല; വാർഡിലെ വീടുകൾ കയറിയിറങ്ങുന്നവരാകണം സ്ഥാനാർഥിയാകേണ്ടതെന്നു പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പറഞ്ഞു.
തന്റെ മണ്ഡലത്തിലെ തദ്ദേശ സ്ഥാപനങ്ങളിൽ സ്ഥാനാർഥിയായി ഒരാളുടെ പോലും പേരു നിർദേശിക്കില്ലെന്നു കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് പറഞ്ഞു.
താഴേത്തട്ടിലെ പ്രവർത്തനം വിലയിരുത്തിയാണു സ്ഥാനാർഥിയെ തീരുമാനിക്കേണ്ടത്. അല്ലാതെ നേതാക്കൾ നൽകുന്ന പട്ടിക നോക്കിയല്ലെന്നും അദ്ദേഹം പറഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഡ്രസ് റിഹേഴ്സലാണെന്ന ബോധ്യത്തോടെ തദ്ദേശ തിരഞ്ഞെടുപ്പിനെ നേരിടണമെന്നു കെ.സി.വേണുഗോപാൽ എംപി ഓർമിപ്പിച്ചു. മൂന്നാമതും കേരളം യുഡിഎഫിനു നഷ്ടമാകുന്നത് ചിന്തിക്കാനാകില്ല.
ജയസാധ്യത മാത്രമാണ് സ്ഥാനാർഥിയെ നിശ്ചയിക്കുന്നതിൽ മാനദണ്ഡമാക്കേണ്ടത്.
മത, സമുദായ സംഘടനകളുമായി സൗഹൃദത്തിൽ മുന്നോട്ടുപോകണമെന്നും അദ്ദേഹം പറഞ്ഞു. 2010ൽ ഉൾപ്പെടെ യുഡിഎഫ് മികച്ച പ്രകടനം കാഴ്ചവച്ച ജില്ലയാണ് ആലപ്പുഴയെന്നും ഒത്തൊരുമിച്ചു ശ്രമിച്ചാൽ യുഡിഎഫിന് ആലപ്പുഴ തിരിച്ചുപിടിക്കാൻ കഴിയുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
ക്യാംപിൽ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്, പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, കോൺഗ്രസ് പ്രവർത്തകസമിതി അംഗങ്ങളായ രമേശ് ചെന്നിത്തല, കൊടിക്കുന്നിൽ സുരേഷ്, എഐസിസി ജനറൽ സെക്രട്ടറി ദീപ ദാസ്മുൻഷി, എഐസിസി സെക്രട്ടറി ഡോ.വി.കെ.അറിവഴകൻ, എം.എം.ഹസൻ എന്നിവർ പങ്കെടുത്തു.
എസ്ഐആർ ഉൾപ്പെടെ വിവിധ വിഷയങ്ങളിൽ വിദഗ്ധർ ക്ലാസുകളെടുത്തു.
ഡിസിസിക്ക് ദീപ ദാസ്മുൻഷിയുടെ രൂക്ഷവിമർശനം
നേതൃക്യാംപിൽ ഡിസിസി നേതൃത്വത്തെ രൂക്ഷമായി വിമർശിച്ച് എഐസിസി ജനറൽ സെക്രട്ടറി ദീപ ദാസ്മുൻഷി. തിരഞ്ഞെടുപ്പുകാലത്തെങ്കിലും ഡിസിസി നേതൃത്വം മുഴുവൻ സമയം പ്രവർത്തിക്കുന്ന സംവിധാനമാകണമെന്ന് അവർ പറഞ്ഞു.
ഡിസിസി പ്രസിഡന്റ് എല്ലാ ദിവസവും ഓഫിസിലെത്തി പ്രവർത്തനം ഏകോപിപ്പിക്കണം. ക്യാംപിനു മുൻപു ചേർന്ന ജില്ലാ കോർകമ്മിറ്റി യോഗത്തിലും ദീപ ദാസ്മുൻഷി ഡിസിസി നേതൃത്വത്തെ രൂക്ഷമായി വിമർശിച്ചു.
ഡിസിസിയുടെ പ്രവർത്തനം വളരെ മോശമാണെന്നും രാഹുൽ ഗാന്ധി നയിക്കുന്ന വോട്ട്ചോരി ക്യാംപെയ്നുമായി ബന്ധപ്പെട്ട സിഗ്നേച്ചർ ക്യാംപെയ്ൻ ഉൾപ്പെടെ പല പ്രവർത്തനങ്ങളും ജില്ലയിൽ കൃത്യമായി സംഘടിപ്പിച്ചിട്ടില്ലെന്നും അവർ ചൂണ്ടിക്കാട്ടി.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

